Automobile

പഞ്ചിന്റെ കാമോ എഡിഷനുമായി ടാറ്റ; വില തുച്ഛം, ഗുണം മെച്ചം

മുംബൈ: രാജ്യത്തെ വാഹന വിപണിയില്‍ ഏറെ വിശ്വാസ്യതയുള്ള ബ്രാന്റായ ടാറ്റ തങ്ങളുടെ ആ പഴയ പടക്കുതിരയുമായി വീണ്ടും വരുന്നു. സ്പെഷ്യല്‍ എഡിഷന്‍ മോഡലുകളിലൂടെ ഉപഭോക്താക്കളെ തങ്ങളുടെ ഷോറൂമിലേക്ക് ആനയിച്ച ടാറ്റ വില്‍പനയിലൂടെ മികച്ച നേട്ടമാണ് സ്‌പെഷല്‍ എഡിഷന്‍ ഇറക്കിയ അവസരങ്ങളിലെല്ലാം നേടിയത്.

ഗോള്‍ഡ്, കാസിരംഗ, ജെറ്റ്, ഡാര്‍ക്ക്, റെഡ് ഡാര്‍ക്ക് എന്നീ പ്രത്യേക പതിപ്പുകളിലൂടെ ടാറ്റ തരംഗമായി മാറിയിരുന്നു. മുമ്പ് ഹാരിയര്‍, പഞ്ച് മോഡലുകളില്‍ ടാറ്റ അവതരിപ്പിച്ചിരുന്ന സ്പെഷ്യല്‍ എഡിഷന്‍ ആയിരുന്നു കാമോ. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തലാക്കി. ഇപ്പോള്‍ ഈ ഒക്ടോബറില്‍ ടാറ്റ മോട്ടോഴ്‌സ് വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. 8,44,900 രൂപയ്ക്കാണ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാറായ പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ഉപഭോക്താക്കളില്‍നിന്നുള്ള നിരന്തരമായ ആവശ്യമാണ് തങ്ങളെ വീണ്ടും ലിമിറ്റഡ് എഡിഷന്‍ കാറുകള്‍ പുറത്തിറക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ വ്യക്തമാക്കി.

ആര്‍ക്കും ഇഷ്ടപ്പെടുന്ന പെര്‍ഫോമന്‍സിനൊപ്പം മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനാലും 2021 ഒക്ടോബറില്‍ ലോഞ്ച് ചെയ്തതുമുതല്‍ പഞ്ചിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉത്സവകാലത്ത് പഞ്ചിന്റെ ഈ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടാറ്റ വെബ്സൈറ്റ് വഴി വാഹനം ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പഞ്ചിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 20.09 കിലോമീറ്റര്‍ വരെ മൈലേജാണ് കമ്പനിയുടെ ഗ്യാരണ്ടി.

ടാറ്റ പഞ്ച് കാമോ എഡിഷന്റെ രൂപകല്‍നയിലേക്കു വന്നാല്‍ സീവീഡ് ഗ്രീന്‍ നിറവും വൈറ്റ് റൂഫും ഉള്‍ക്കൊള്ളുന്ന വേറിട്ട രൂപം ഒറ്റനോട്ടത്തില്‍ ആരേയും ആകര്‍ഷിക്കുന്നതാണ്. ചാര നിറത്തിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഇതിനെ വേറിട്ടതാക്കുന്നു. എക്സ്റ്റീരിയര്‍ ഡിസൈനുമായി പൊരുത്തപ്പെടുന്നതിനായി കാമോ-തീം അപ്ഹോള്‍സ്റ്ററി ഉപയോഗിച്ച് അകത്തും സമാനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

നിലവിലെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ചില്ലറ കോസ്മെറ്റിക് പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയതായി കാണാനാവും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സി-ടൈപ്പ് യുഎസ്ബി ചാര്‍ജര്‍, ഡ്രൈവറുടെ സൗകര്യത്തിനായി ആംറെസ്റ്റുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്യാബിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

86 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ പഞ്ചിന് തുടിപ്പേകുന്നത്. അതായത് കാമോ എഡിഷനില്‍ പവര്‍ട്രെയിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ചുരുക്കം. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5-സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

പഞ്ചിന്റെ സിഎന്‍ജി പതിപ്പില്‍ 72 ബിഎച്ച്പി പവറും 103 എന്‍എം പീക്ക് ടോര്‍ക്കുമായാണ് എഞ്ചിന്‍ വികസിപ്പിക്കുക. കിലോഗ്രാമിന് 26.99 കിലോമീറ്ററാണ് പഞ്ച് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജായി പറയപ്പെടുന്നത്. പഞ്ച് സിഎന്‍ജി വേരിയന്റുകള്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് വരുന്നതെന്നത് പറയേണ്ടതുണ്ട്. മറ്റ് സ്‌പെഷല്‍ എഡിഷനുകള്‍ക്ക് ലഭിച്ച സ്വീകാര്യത പഞ്ചിന്റെ കാമോക്കും ലഭിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button