ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ആരോപണവിധേയനായ എസ് ഐക്ക് സസ്പെൻഷൻ
കാസർകോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ് ഐക്കെതിരെ നടപടി എടുത്തു. ചന്തേര സബ് ഇൻസ്പെക്ടർ പി അനൂപിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലൊണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകാത്തതിൽ മനം നൊന്താണ് ഒക്ടോബർ ഏഴിന് അബ്ദുൽ സത്താർ എന്ന 55കാരൻ വാടക ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്തത്
ഫേസ്ബുക്കിൽ മരണകാരണം കുറിച്ചുവെച്ചായിരുന്നു ആത്മഹത്യ. മരണത്തിന് നാല് ദിവസം മുമ്പ് കാസർകോട് ഗീത ജംഗ്ഷൻ റോഡിൽ സത്താർ ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. ഇതിന് ശേഷം വാഹനം വിട്ടുകിട്ടാൻ പലതവണ ബന്ധപ്പെട്ടെങ്കിലും പോലീസ് ഇതിന് തയ്യാറായിരുന്നില്ല
അതേസമയം എസ് ഐ ആയിരുന്ന അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ നൗഷാദിനെയാണ് ഉദ്യോഗസ്ഥൻ മർദിച്ചത്. വഴിയിൽ ഇറക്കിവിട്ടെന്ന് യാത്രക്കാർ നൽകിയ പരാതിയിലാണ് അനൂപ് നൗഷാദിനെ ബലം പ്രയോഗിച്ച് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്.