തിരുച്ചിറപ്പള്ളിയിലെ എയർ ഇന്ത്യ വിമാനത്തിന്റെ സാങ്കേതിക തകരാർ; ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ വിമാന ലാൻഡിംഗിനിടെയുണ്ടായ സാങ്കേതിക പ്രശ്നത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഹൈഡ്രോളിക് ഫെയിലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. തിരുച്ചിറപ്പള്ളി -ഷാർജ വിമാനത്തിലെ 144 യാത്രക്കാരെയും സുരക്ഷിതമായി ഷാർജയിലെത്തിച്ചു. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് യാത്രക്കാരെ ഷാർജയിലേക്ക് കൊണ്ടുപോയത്.
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം രണ്ടര മണിക്കൂർ നേരമാണ് തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ഇന്ധനം തീർക്കാനായി വട്ടമിട്ട് പറന്നത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും സിവിൽ എവിയേഷൻ മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് എയർ ഇന്ത്യയുടെ എഎക്‌സ്ബി 613 വിമാനം രണ്ട് മണിക്കൂർ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്.
ഇന്ധനം തീർക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാൻഡിംഗ് ഗിയർ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്നം. വിമാനം പറന്നുയർന്ന ഉടൻ തന്നെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാൽ ഇന്ധനം തീർക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.