National

കേന്ദ്രം പറഞ്ഞാൽ പിന്നെ അ‌പ്പീലുണ്ടോ; ബിഎസ്എൻഎൽ 5G വരുന്ന തിയതി മന്ത്രി അ‌രക്കിട്ട് ഉറപ്പിച്ചു

ഇന്ത്യയിലെ ബിഎസ്എൻഎൽ (BSNL) വരിക്കാരും ടെലിക്കോം രംഗവും ഒന്നാകെ കാത്തിരിക്കുന്ന ആ മുഹൂർത്തം- ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുന്ന മുഹൂർത്തം- ഇനി അ‌ധികം ​വൈകില്ല. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഇന്ത്യയിലെ 100,000 ബിഎസ്എൻഎൽ ടവറുകളിൽ സജ്ജീകരിക്കുന്നത് 2025 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. തുടർന്ന് 2025 ജൂണോടെ 4ജി നെറ്റ്‌വർക്ക് 5ജിയിലേക്ക് മാറുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു. ഇന്നലെ വരെ രാജ്യത്ത് 38,300 ബിഎസ്എൻഎൽ ടവറുകളിൽ 4ജി സജ്ജമായിട്ടുണ്ടെന്നും അ‌ദ്ദേഹം വ്യക്തമാക്കി

യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ സംസാരിക്കവേയാണ് സിന്ധ്യ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെയും 5ജി ആരംഭത്തിന്റെയും സമയക്രമങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യ 4ജിയിൽ ലോകത്തെ പിന്തുടർന്നുവെന്നും 5ജിയിൽ ലോകത്തോടൊപ്പം മാർച്ച് ചെയ്തുവെന്നും 6ജി സാങ്കേതികവിദ്യയിൽ ലോകത്തെ നയിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

സി-ഡോട്ടിൻ്റെയും ടിസിഎസിൻ്റെയും കൺസോർഷ്യം വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നതെന്ന് സിന്ധ്യ എടുത്തുപറഞ്ഞു. “ഞങ്ങൾക്ക് ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായ ടെക്നോളജിയും റേഡിയോ ആക്സസ് നെറ്റ്‌വർക്കുമുണ്ട്. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ 100,000 4ജി സൈറ്റുകൾ പൂർത്തിയാക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ട്. ഇന്നലെ വരെ ഞങ്ങൾ 38,300 4ജി സൈറ്റുകൾ പുറത്തിറക്കി. 2025 ജൂണോടെ 4ജി നെറ്റ്‌വർക്ക് 5ജിയിലേക്ക് മാറും. ഈ നേട്ടം ​കൈവരിക്കുന്ന ആറാമത്തെ രാജ്യമായിരിക്കും ഞങ്ങൾ,” എന്ന് സിന്ധ്യ വ്യക്തമാക്കുന്നു

4ജി വ്യാപനം പൂർത്തിയാക്കിയ ശേഷം അ‌തിവേഗം 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നത് എന്ന് നേരത്തെ തന്നെ അ‌ധികൃതർ വ്യക്തമാക്കിയതിനാൽ മന്ത്രി പറഞ്ഞത് ഇത്തവണ ഉറപ്പായും നടക്കും എന്ന് പ്രതീക്ഷിക്കാം. വിദേശ ടെക്നോളജികളെ ആശ്രയിക്കാതെ തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി ടെക്നോളജികളാണ് ബിഎസ്എൻഎൽ അ‌വതരിപ്പിക്കുക.

നിലവിൽ ജിയോയും എയർടെലും മാത്രമാണ് ഇന്ത്യയിൽ 5ജി സേവനങ്ങൾ പ്രധാനമായും നൽകുന്നത്. 5ജി വ്യാപനം ആരംഭിച്ച് 22 മാസത്തിനുള്ളിൽ 450,000 ടവറുകൾ സ്ഥാപിക്കുകയും ജനസംഖ്യയുടെ 80 ശതമാനം പേർക്ക് കവറേജ് നൽകുകയും ചെയ്ത ഇന്ത്യ ആഗോളതലത്തിൽ ഏറ്റവും വേഗമേറിയ 5G വ്യാപനം ആണ് നടത്തിയിരിക്കുന്നത്. ബിഎസ്എൻഎൽ 5ജി കൂടി എത്തുന്നതോടെ ഇന്ത്യ 5ജിയിൽ കൂടുതൽ കരുത്തരാകും.

ടെലിക്കോമിനെ ഉൽപ്പന്നമായി കരുതരുത്, പകരം സേവനം നൽകാനുള്ള മാർഗമായി കരുതുക’ എന്ന് പ്രധാനമന്ത്രി എപ്പോഴും പറയാറുണ്ടെന്നും ടെലിക്കോം മന്ത്രി പരാമർശിച്ചു. “10 വർഷം മുമ്പ് ഒരു വോയ്‌സ് കോളിന് 50 പൈസയായിരുന്നു, അത് ഇന്നത് മൂന്ന് പൈസയാണ്. വോയ്‌സ് കോളുകളുടെ വിലയിൽ 96 ശതമാനം കുറവുണ്ടായി. ഒരു ജിബി ഡാറ്റയുടെ വില നോക്കിയാൽ 10 വർഷം മുമ്പ് 289 രൂപയായിരുന്നു, ഇന്നത് 12 സെന്റ് ആണെന്നും മന്ത്രി പറഞ്ഞു.

യുഎസുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുമെന്നും സിന്ധ്യ വ്യക്തമാക്കി. “പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം ഒരു നാഴികക്കല്ലായി. നമ്മൾ ആദ്യമായി ഇന്ത്യയിൽ ഒരു ഫാബ് (ചിപ്പ് പ്ലാൻ്റ്) സ്ഥാപിക്കാൻ പോകുന്ന ഒരു കരാറിലെത്തി, യുഎസിലെ പ്രതിരോധ മേഖലയ്ക്ക് ഈ ചിപ്പുകൾ വിതരണം ചെയ്യും. ഇത് ഇന്ത്യയ്ക്കും യുഎസിനും വലിയ നേട്ടങ്ങൾ ഉണ്ടാക്കും,” എന്ന് സിന്ധ്യ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.

Related Articles

Back to top button