വീട്ടിലിരുന്ന് ആര്‍ക്കെങ്കിലും എവറസ്റ്റ് കീഴടക്കാനാവുമോ എന്നാല്‍ ആ നേട്ടം കൈവരിച്ച വ്യക്തിയുടെ പേരാണ് സീന്‍ ഗ്രീസ്‌ലി
ലാസ് വേഗാസ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് വീട്ടിലിരുന്ന് ആരെങ്കിലും കീഴടക്കിയെന്ന് കേട്ടാല്‍ കേള്‍ക്കുന്നവര്‍ ചിരിക്കുമെന്ന് ഉറപ്പല്ലേ. എന്നാല്‍ അത്തരം ഒരു ഗിന്നസ് നേട്ടം കൈവരിച്ച ഒരു വ്യക്തിയുണ്ട് ഭൂമിയില്‍. സമുദ്രനിരപ്പില്‍നിന്നും 8,849 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി 1953ല്‍ മേയ് 29ന് എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗേയുമാണ് ആദ്യമായി കീഴടക്കിയതെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പിന്നീടും കുറച്ചുപേരെല്ലാം ആ ഉദ്യമത്തില്‍ വിജയിച്ചിട്ടുണ്ട്.
ഏവറസ്റ്റ് കൊടുമുടി നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത സീന്‍ ഗ്രീസ്‌ലി എന്ന അമേരിക്കന്‍ ചെറുപ്പക്കാരനാണ് വീട്ടിലിരുന്ന് ഏവറസ്റ്റ് കീഴടക്കിയത്. അദ്ദേഹം ലാസ് വെഗാസിലെ തന്റെ വീട്ടിലെ സ്‌റ്റെയര്‍കെയ്‌സ് നിരന്തരം കയറിയാണ് എവറസ്റ്റിന്റെ ഉയരത്തിലേക്ക് എത്തി റെക്കാര്‍ഡിന് ഉടമയായത്. വീട്ടിലെ കോണിപ്പടികള്‍ 23 മണിക്കൂറോളം നേരം തുടര്‍ച്ചയായി കയറിയിറങ്ങിയാണ് സീന്‍ ഏവറസ്റ്റിന്റെ ഉയരമായ 8,848.86 മീറ്റര്‍ ദൂരം താണ്ടിയത്. കൃത്യമായി പറഞ്ഞാല്‍ 22 മണിക്കൂറും 57 മിനിറ്റും 2 സെക്കന്‍ഡും കൊണ്ടാണ് ഗ്രീസ്ലി തന്റെ ആ ലക്ഷ്യം സാക്ഷാത്കരിച്ചത്. ഏറ്റവും വേഗതയില്‍ ഗോവണിയിലൂടെ എവറസ്റ്റിന്റെ ഉയരം കീഴടക്കിയ വ്യക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡാണ് ഈ യുവാവിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
കൊവിഡ് മഹാമാരിയുടെ കാലത്ത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ച വ്യക്തിയാണ് സീന്‍. 2019ലെ ആ കാലത്തിന്് ശേഷം ആത്മഹത്യാ പ്രവണത തടയുന്നതിന് ഫണ്ട് സ്വരൂപിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായാണ് ഇത്തരത്തില്‍ വേറിട്ട ഒരു ശ്രമം നടത്തിയതെന്നുമാണ് ഗ്രീസ്ലി നേട്ടത്തോട് പ്രതികരിച്ചത്.
2021 സെപ്തംബര്‍ 3, 4 തീയതികളില്‍ യൂട്യൂബില്‍ തന്റെ റെക്കോര്‍ഡ് ശ്രമം ലൈവ് സ്ട്രീം ചെയ്തപ്പോള്‍, ആത്മഹത്യ തടയുന്നതിനുള്ള അമേരിക്കന്‍ ഫൗണ്ടേഷന് വേണ്ടി 409.85 ഡോളര്‍ (ഏകദേശം 34,000 രൂപ) സമാഹരിക്കാനും അന്ന് ഗ്രീസ്ലിയ്ക്ക് കഴിഞ്ഞിരുന്നു.