അദാനിയുടെ ‘ഐശ്വര്യദേവത’യായ ഭാര്യ ഡോ. പ്രീതിയുടെ ആസ്തി എണ്ണായിരം കോടിക്ക് മുകളില്‍
മുംബൈ: ഏതൊരു പുരുഷന്റെ ഉയര്‍ച്ചക്ക് പിന്നിലും നാശത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാവുമെന്ന് പറയാറുണ്ട്. സാക്ഷാല്‍ ഗൗതം അദാനിയെന്ന ഏഷ്യയിലെ രണ്ടാമത്തെ ശതകോടീശ്വരനായ അദാനി ഗ്രൂപ്പിന്റെ ഉയര്‍ച്ചക്ക് പിന്നിലും ഒരു സ്ത്രീയുണ്ട്. അത് മറ്റാരുമല്ല, അദ്ദേഹത്തിന്റെ ഭാര്യയും പല്ല് ഡോക്ടറുമായ പ്രീതി ജി അദാനിയാണ്. അദാനി ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ഇവരുടെ ആസ്തി ഒരു ബില്യണ്‍ ഡോളര്‍(ഏകദേശം 8,326 കോടി രൂപ) ആണ്.
പ്രീതി മുന്‍കൈയ്യെടുത്താണ് 1996ല്‍ അദാനി ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഈ സംഘന പ്രവര്‍ത്തിക്കുന്നത്. നഗര- ഗ്രാമ പ്രദേശങ്ങള്‍ തമ്മിലുള്ള അന്തരം നികത്തുക എന്നതാണ് സംഘടനയുടെ പ്രഥമലക്ഷ്യം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 5,753 ഗ്രാമങ്ങളില്‍ അദാനി ഫൗണ്ടേഷന് വേരുകളുണ്ട്.
ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു 1965ല്‍ പ്രീതിയുടെ ജനനം. അഹമ്മദാബാദിലെ ഗവണ്‍മെന്റ് ഡെന്റല്‍ കോളേജില്‍ നിന്ന് ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം കരസ്ഥമാക്കിയ വ്യക്തികൂടിയാണ് ഇവര്‍. 1986ല്‍ ആയിരുന്നു ഗൗതം അദാനിയുടെയും പ്രീതിയുടെയും വിവാഹം. പ്രീതിക്ക് 21 വയസും ഗൗതം അദാനിക്ക് 24 വയസുമായിരുന്നു അന്ന് പ്രായം.
ഭാര്യയെക്കുറിച്ച് അദാനി പറയുന്ന വാക്കുകളെല്ലാം ഏറെ ചര്‍ച്ചയായതാണ്. ‘താന്‍ ഒരു പത്താം ക്ലാസ് പാസായ കോളേജ് ഡ്രോപ്പ്ഔട്ടാണ്. പ്രീതി യോഗ്യതയുള്ള മെഡിക്കല്‍ പ്രാക്ടീഷണറാണ്, അവള്‍ ഒരു ഡോക്ടറാണ്. എന്നെക്കാള്‍ കൂടുതല്‍ യോഗ്യത ഉണ്ടായിരുന്നിട്ടും എന്നെ വിവാഹം കഴിക്കാന്‍ അവള്‍ അന്ന് എടുത്ത ധീരമായ തീരുമാനം തന്നെയാണ് എന്റെ വിജയത്തിന്റെ ആണിക്കല്ല്’. അദാനി വികാരവായ്‌പ്പോടെ പറഞ്ഞ വാക്കുകള്‍ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലുതും, സ്വാധീനമുള്ളതുമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളിലൊന്നാണ് അദാനി ഫൗണ്ടേഷന്‍. ഇതിന്റെ സര്‍വ നിയന്ത്രണവും കൈയാളുന്നത് ഡോ. പ്രീതിയാണ്. അദാനി ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി(സിഎസ്ആര്‍) വിഭാഗം എന്നു വിശേഷിപ്പിക്കാവുന്ന സംഘടനയാണിത്.
വിദ്യാഭ്യാസത്തിലും സിഎസ്ആറിലും പ്രീതി നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് 2020ല്‍ ഗുജറാത്ത് ലോ സൊസൈറ്റി അവരെ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഡോ. പ്രീതി ജി അദാനിയുടെ സാമൂഹിക ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും, അദാനി ഫൗണ്ടേഷനിലെ അവരുടെ നേതൃത്വവും എടുത്തുപറയേണ്ടതാണ്. അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ കരണ്‍ അദാനിയും അദാനി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ജീത് അദാനിയുമാണ് ഗൗതം പ്രീതി ദമ്പതികളുടെ മക്കള്‍.