Novel

വരും ജന്മം നിനക്കായ്: ഭാഗം 10

രചന: ശിവ എസ് നായർ

“നീയിത് കണ്ടോ… അവള് നമ്മളെ എല്ലാരേയും ചതിച്ചു മോളെ. രാവിലെ ഗൗരിയുടെ മുറി അടിച്ചുവാരാൻ കയറിയപ്പോൾ കിട്ടിയതാ.” ഉള്ളം കൈയ്യിൽ പിടിച്ചിരുന്ന പ്രെഗ്നൻസി കിറ്റ് സുമിത്ര അവൾക്ക് നേരെ നീട്ടി.

പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് പിങ്ക് വരകൾ കണ്ടതും ഗായത്രി ഞെട്ടിപ്പോയി.

“അമ്മേ… അച്ഛാ…” നിറഞ്ഞ മിഴികളോടെ അവൾ ഇരുവരെയും നോക്കി.

“കഴിഞ്ഞ മാസം പത്തിനല്ലേ ഇവൾ പീരിയഡ്സായത്. ഇന്നിപ്പോ പന്ത്രണ്ടല്ലേ ആയുള്ളൂ. അപ്പോഴേക്കും അവൾക്കിത് മേടിച്ചു നോക്കാൻ തോന്നിയെങ്കിൽ ഇവൾക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു എന്നല്ലേ അർത്ഥം.” സുമിത്ര നിന്ന് കിതച്ചു.

“ഗൗരി… നിനക്കെങ്ങനെ തോന്നി ഞങ്ങളെ ചതിക്കാൻ. പഠിക്കേണ്ട പ്രായത്തിൽ ഇതൊക്കെയായിരുന്നോ നിന്റെ മനസ്സിൽ? ആരാ ഇതിന്റെ ഉത്തരവാദി… സത്യം പറഞ്ഞോ.” ചേച്ചിയുടെ മുഖത്ത് നോക്കാനാവാതെ ഗൗരി കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിന്ന് കരഞ്ഞു.

“ഇവള് കോളേജിൽ നിന്ന് വന്ന നേരം മുതൽ ഞങ്ങൾ മാറി മാറി ചോദിക്കുവാ ആരാ ആളെന്ന്. ഒരക്ഷരം പോലും മിണ്ടിയിട്ടില്ല ഇതുവരെ.” വേണു മാഷ് പറഞ്ഞു.

“കുടുംബത്തിന്റെ മാനം കളഞ്ഞപ്പോ നിനക്ക് സമാധാനമായില്ലേ. ആരെങ്കിലും ഇതറിഞ്ഞാൽ പിന്നെ മറ്റുള്ളവരെ മുഖത്തെങ്ങനെ നോക്കും. അച്ഛനുണ്ടാക്കി വച്ച സൽപ്പേര് നീ ഇല്ലാതാക്കുമല്ലോ നശിച്ചവളെ.” സുമിത്രയുടെ വാക്കുകൾ ഗൗരിയുടെ കരച്ചിലിന്റെ ആക്കം കൂട്ടി.

“നാട്ടിലെ കുട്ടികളെ പഠിപ്പിച്ചും ഉപദേശിച്ചും നന്നാക്കുമ്പോൾ സ്വന്തം മോളെ നല്ലത് ചൊല്ലി വളർത്താൻ വേണു മാഷിന് കഴിവില്ലാണ്ട് പോയെന്ന് പറഞ്ഞ് ഇനി നാട്ടുകാർ പരിഹസിച്ചു തുടങ്ങിക്കോളും. നിന്നെ ഒരു കുറവും വരുത്താതെ ഇത്ര വരെ വളർത്തിയതിന് ഞങ്ങൾക്കിത് കിട്ടണം. ഇതിനേക്കാൾ ഭേദം നീ ഞങ്ങളെ കൊല്ലുന്നതായിരുന്നു.” വേണു മാഷാണ്.

“ഇങ്ങനെയൊന്നും പറയല്ലേ അച്ഛാ. എനിക്കൊരു തെറ്റ് പറ്റിപ്പോയി.” ഗൗരി അച്ഛന്റെ കാൽക്കൽ വീണു.

“നിന്റെ ചേച്ചിക്ക് ഒരാളോട് ഇഷ്ടം തോന്നിയപ്പോ അതവൾ എന്നോട് മറച്ചു വയ്ക്കാതെ വന്ന് പറഞ്ഞു. ആ പയ്യനും എന്നെ വന്ന് കണ്ടിട്ടാ പോയത്. നിന്നോടും ഞാനപ്പോ പറഞ്ഞതല്ലേ ഇതുപോലെ ആരോടെങ്കിലും നിനക്കിഷ്ടം തോന്നിയാൽ എന്നോട് വന്നത് പറയണമെന്ന്.

നല്ല ആലോചന ആണെങ്കിൽ ഞാൻ തന്നെ നടത്തി തരുമെന്നും, നിങ്ങൾ ആരെയെങ്കിലും സ്നേഹിക്കുന്നതിന് എനിക്ക് എതിർപ്പില്ല എന്ന് രണ്ടാളോടും പറഞ്ഞതല്ലേ. എന്നിട്ട് ഇങ്ങനെയൊരു വൃത്തികേട് കാട്ടാൻ നിനക്ക് എങ്ങനെ മനസ്സ് വന്നു?” തലയ്ക്കു കൈകൊടുത്തു വേണു മാഷ് അടുത്ത് കണ്ട കസേരയിലേക്ക് ഇരുന്നു.

“നിന്റെ ചേച്ചിയെ കണ്ട് പഠിച്ചൂടായിരുന്നോടി നിനക്ക്. ദിവസോം കോളേജിലാണെന്നും പറഞ്ഞ് ഒരുങ്ങി കെട്ടി പോയത് ഇങ്ങനെ വഴി പിഴച്ച് പോവാനായിരുന്നോ?” കലി അടങ്ങാതെ സുമിത്ര അവളെ പിന്നെയും തല്ലി.

“മതി അമ്മേ അടിച്ചത്. ഇവളെ ഇങ്ങനെ തല്ലിയത് കൊണ്ട് എന്താ പ്രയോജനം. ചെയ്യേണ്ടതൊക്കെ ചെയ്ത് വച്ചിട്ട് ഇരുന്ന് കരയുന്നത് കണ്ടില്ലേ. ഇനി ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ട് പിടിക്കണ്ടേ നമുക്ക്.” ഗായത്രി, അമ്മയെ പിടിച്ചു മാറ്റി നിർത്തി.

“അസത്തെ… ഇനിയെങ്കിലും ഈ കരച്ചിലൊന്ന് നിർത്തി വായ തുറന്ന് ആരാ നിന്റെ ഗർഭത്തിന്റെ ഉത്തരവാദി എന്ന് പറയ്യ്.” സുമിത്ര ആക്രോശിച്ചു.

“ഗൗരീ… മര്യാദക്ക് അമ്മ ചോദിച്ചതിന് ഉത്തരം പറഞ്ഞോ. എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇങ്ങനെ കരഞ്ഞത് കൊണ്ട് എന്ത് കാര്യാ ഉള്ളത്?” ഗായത്രി അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

“ചേച്ചി… ഞാൻ… എനിക്ക്…” അച്ഛന്റേം അമ്മേടേം മുന്നിൽ വച്ച് അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ ഗായത്രിക്ക് തോന്നി.

“ഞാനിവളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെ അമ്മേ. എന്നിട്ട് നിങ്ങളോട് പറയാം.” ഗൗരിയെയും കൊണ്ടവൾ റൂമിലേക്ക് പോയി.

“ഇനി പറയ്യ് ആരാ ആള്.”

“എന്റെ കോളേജിൽ പിജിക്ക് പഠിക്കുന്ന വിഷ്ണുവാണ് ചേച്ചി. രണ്ട് വർഷമായി ഞങ്ങൾ റിലേഷനിലാണ്.” ഗൗരി പറഞ്ഞു.

“ഇതെങ്ങനെയാ സംഭവിച്ചത്?” പ്രെഗ്നൻസി കിറ്റിലേക്ക് നോക്കി ഗായത്രി ചോദിച്ചു.

“കഴിഞ്ഞ മാസം അവന്റെ ഒരു ഫ്രണ്ട്ന്റെ ബർത്ത്ഡേ പാർട്ടിക്ക് ക്ലാസ്സ്‌ കട്ട് ചെയ്ത് പോയിരുന്നു. അവിടെ വച്ചൊരു അബദ്ധം പറ്റിപ്പോയി ചേച്ചി.”

“ആദ്യമായിട്ടാണോ?”

“അല്ല… അതേ… ചേച്ചി ആദ്യായിട്ടാ.” അബദ്ധം പറ്റിയത് പോലെ ഗൗരി നാക്ക് കടിച്ചു.

“കള്ളം പറയണ്ട നീ. പീരിയഡ്സ് രണ്ട് ദിവസം വൈകിയപ്പോ തന്നെ ഇതൊക്കെ വാങ്ങി നോക്കണമെങ്കിൽ നീയിത് ചെയ്യുന്നതും ടെസ്റ്റ്‌ ചെയ്ത് നോക്കുന്നതൊന്നും ആദ്യമായിട്ട് ആവില്ലെന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാവും.” ഗായത്രിക്ക് നല്ല ദേഷ്യം വന്നു.

“ചേച്ചി ഇപ്പോഴും പഴയ ചിന്താഗതി വച്ച് പുലർത്തിയിട്ടാ. ഇന്നത്തെ കാലത്ത് പ്രേമിക്കുന്നവർക്കിടിയിൽ ഇതൊക്കെ സർവ്വ സാധാരണമാണ്.”

“ആയിരിക്കാം… അതൊക്കെ പക്ഷേ സ്വന്തം കാലിൽ നിന്നിട്ട് വേണം ചെയ്യാൻ. അല്ലാതെ അച്ഛന്റേം അമ്മേടേം ചിലവിൽ ജീവിച്ചിട്ട് അവരെ വേദനിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ നല്ലതല്ല. ഇപ്പോൾ തന്നെ കണ്ടില്ലേ അവരെത്ര സങ്കടപ്പെടുന്നുണ്ട് നീ കാരണം.”

“സേഫ് പീരിയഡ് ആണെന്ന് വിചാരിച്ചു. പ്രെഗ്നന്റ് ആവുമെന്ന് കരുതിയില്ല.” ഗൗരി തല താഴ്ത്തി നിന്നു.

“നീയീ കാണിച്ച വൃത്തികേടിന് അടിച്ച് ചെവിക്കല്ല് പുകയ്‌ക്കുകയാ വേണ്ടത്. മുട്ടേന്നു വിരിയും മുൻപേ എല്ലാം പഠിച്ചു വച്ചിട്ടുണ്ടല്ലോ. ചുമ്മാതല്ല കഴിഞ്ഞ സെമ്മിന് നിനക്ക് മാർക്ക് കുറഞ്ഞത്. മനസ്സിൽ ഇതൊക്കെയല്ലേ ചിന്ത.”

“ചേച്ചി… എനിക്ക് വിഷ്ണൂനെ മറക്കാൻ പറ്റില്ല. അച്ഛനോട് പറഞ്ഞ് ഞങ്ങളുടെ കല്യാണം നടത്തി തരോ.”

“നീയിപ്പോ പഠിക്കുവല്ലേ ഗൗരി. അവനും പഠിച്ചു കൊണ്ടിരിക്കുകയല്ലേ. പ്രെഗ്നന്റ് ആയിപോയെന്ന് കരുതി ഉടനെ കല്യാണം കഴിക്കാൻ ആണോ തീരുമാനം. ഇതങ്ങു വേണ്ടെന്ന് വച്ചാൽ പോരെ. അല്ലെങ്കിൽ നിന്റെ ഭാവി എന്താവും. ഇപ്പോൾ പഠിക്കേണ്ട സമയമാണ്.”

“ചേച്ചിക്ക് എങ്ങനെ ദുഷ്‌ടത്തരം പറയാൻ തോന്നുന്നു. എന്ത് വന്നാലും എന്റെ കുഞ്ഞിനെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല. എത്രയായാലും ഇതൊരു ജീവനല്ലേ.”

“നിനക്കെന്താ ഭ്രാന്തുണ്ടോ ഗൗരി. അച്ഛനേം അമ്മേം നാണം കെടുത്താനുള്ള ഉദ്ദേശമാണോ നിനക്ക്. നീ പ്രെഗ്നന്റ് ആണെന്ന് ആരെങ്കിലും അറിഞ്ഞാലുള്ള സ്ഥിതി നീ ഓർത്തോ?”

“ഇപ്പോ ഈ വീട്ടിലുള്ളവർക്ക് മാത്രമല്ലേ ഇക്കാര്യം അറിയൂ. നിങ്ങളായിട്ട് ആരെയും അറിയിക്കാതിരുന്നാൽ മതി.” ഗൗരിയുടെ ധാർഷ്ട്യം കണ്ട് ഗായത്രിക്ക് കൈതരിച്ചു. അവൾ കൈവീശി ഗൗരിയുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു.

“ഇളയതല്ലേ എന്ന് കരുതി എല്ലാരും കൂടി കൊഞ്ചിച്ചു വളർത്തിയതിന്റെ കേടാ. മര്യാദക്ക് എന്റെ കൂടെ നാളെ ഹോസ്പിറ്റലിൽ വന്നോണം. എന്ത് ചെയ്യണോന്ന് എനിക്കറിയാം.”

“അത് ചേച്ചി മാത്രം തീരുമാനിച്ചാൽ മതിയോ. എന്റെ കുഞ്ഞിനെ നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. വിഷ്ണുവിനോട് ഞാൻ രാവിലെ വിവരം പറഞ്ഞിട്ടുണ്ട്. അവന്റെ വീട്ടുകാരോട് സംസാരിക്കാമെന്ന് അവനെനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.”

“എന്നിട്ട് എന്താ രണ്ടിന്റെയും തീരുമാനം, ഒരു ജോലി പോലും ഇല്ലാത്തവന്റെ കൂടെ അവന്റെ വീട്ടുകാരെയും ആശ്രയിച്ചു ജീവിക്കാനാണോ ഉദ്ദേശം.”

“അങ്ങനെ ആണെങ്കിൽ തന്നെ ചേച്ചിക്ക് നഷ്ടമൊന്നുമില്ലല്ലോ. ഞങ്ങൾ ചെയ്ത തെറ്റിന് ഒന്നുമറിയാത്ത ഒരു കുഞ്ഞിനെ കൊല്ലണോ ചേച്ചി.” ഗൗരിയുടെ ആ ചോദ്യത്തിൽ ഗായത്രിയൊന്ന് പതറി.

“എന്നാലും… നീ കുഞ്ഞല്ലേ മോളെ. ഡിഗ്രി കഴിയാൻ ഇനിയും ഒരു വർഷം ബാക്കിയുണ്ട്. കുടുംബവും കുട്ടിയുമൊക്കെ ആയാൽ പിന്നെ നിനക്ക് പഠിക്കാനൊന്നും പറ്റിയെന്നു വരില്ല.”

“ഒരബദ്ധം പറ്റിപോയെന്ന് കരുതി കുഞ്ഞിനെ ഇല്ലാതാക്കിയുള്ള ഒന്നും എനിക്ക് വേണ്ട ചേച്ചി. ചേച്ചി അച്ഛനോട് പറഞ്ഞ് എങ്ങനെയെങ്കിലും എന്റെ വിവാഹം നടത്തി തരണം. അല്ലെങ്കിൽ അച്ഛനില്ലാത്ത കുഞ്ഞിനെ ഞാൻ പ്രസവിക്കും. അതിനേക്കാൾ നല്ലതല്ലേ വിവാഹം നടത്തി തരുന്നത്.” ഗൗരി ആവശ്യം കേട്ട് അവൾക്ക് തലപുകഞ്ഞു.

“ഞാൻ അച്ഛനോടും അമ്മയോടും ഒന്ന് സംസാരിക്കട്ടെ.” അത്രയും പറഞ്ഞ് ഗായത്രി വേണു മാഷിന്റെ അടുത്തേക്ക് പോയി.

🍁🍁🍁🍁

“മോളേ… അവളെന്ത് പറഞ്ഞു?” ഗായത്രിയെ കണ്ടതും സാരിതുമ്പാൽ മുഖം ഒപ്പി സുമിത്ര ചോദിച്ചു.

“ഗൗരിയുടെ കോളേജിൽ പിജി ക്ക് പഠിക്കുന്ന പയ്യനാ ആള്. രണ്ട് വർഷമായിട്ട് അവർ സ്നേഹത്തിലാണ്.

അബോർഷൻ ചെയ്യാമെന്ന് ഞാൻ പറഞ്ഞപ്പോൾ അവള് അതിന് സമ്മതിക്കുന്നില്ല.”

“പിന്നെ എന്താ അവളുടെ ഉദ്ദേശം. തന്തയില്ലാത്ത കൊച്ചിനെ പ്രസവിക്കാനാണോ.” വേണു മാഷ് ക്രോധത്തോടെ ചോദിച്ചു.

“ആ പയ്യനോട് അവൾ വിവരം പറഞ്ഞിട്ടുണ്ട്. വീട്ടുകാരോട് സംസാരിക്കാമെന്ന് അവളവനോട് പറഞ്ഞുവെന്നാ ഗൗരി പറഞ്ഞത്. അച്ഛൻ എങ്ങനെയെങ്കിലും അവരുടെ വിവാഹം നടത്തി കൊടുക്കണമെന്നാ ഗൗരിയുടെ ആവശ്യം. ഇല്ലെങ്കിൽ അച്ഛനില്ലാത്ത കൊച്ചിനെ അവള് പ്രസവിക്കുമെന്ന് പറഞ്ഞു.” ഗായത്രി വിഷമത്തോടെ ഇരുവരെയും നോക്കി.

വാശിക്കാര്യത്തിൽ ഗൗരി ഒട്ടും പിന്നിലോട്ടല്ല എന്നറിയാവുന്ന വേണു മാഷിനും സുമിത്രയ്ക്കും അവളുടെ തീരുമാനം ഏറെ വേദനിപ്പിച്ചു.

“പഠിച്ചു കൊണ്ടിരിക്കുന്ന കൊച്ചിനെ എടുപിടീന്ന് പിടിച്ചു കെട്ടിക്കുന്നത് എന്തിനാണെന്ന് ബന്ധുക്കളും നാട്ടുകാരും ചോദിച്ചാൽ നമ്മളെന്ത് മറുപടി പറയും വേണുവേട്ടാ.” ആശങ്കയോടെ സുമിത്ര ഭർത്താവിനെ നോക്കി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button