വരും ജന്മം നിനക്കായ്: ഭാഗം 12
രചന: ശിവ എസ് നായർ
“അച്ഛനെന്താ അവരോട് ഈ ആലോചന നടക്കില്ലെന്ന് പറയാത്തത്. എന്റെ കല്യാണം നേരത്തെ തീരുമാനിച്ചതാണെന്ന് പറഞ്ഞൂടായിരുന്നോ?” രോഷമടക്കാനാവാതെ ഗായത്രി വേണു മാഷിനോട് ചൂടായി.
“നീയെന്തിനാ അച്ഛനോട് ചൂടാകുന്നത്. അച്ഛന്നവരോട് ആലോചിക്കാമെന്നല്ലേ മറുപടി പറഞ്ഞത്.” സുമിത്ര പറഞ്ഞു.
“ഇതിലിനി എന്താ ഇത്ര ആലോചിക്കാൻ? ഈ കല്യാണം നടക്കാൻ ചേച്ചി ഇനി വിഷ്ണുവിന്റെ ചേട്ടനെ കെട്ടണമെന്നാണെങ്കിൽ അങ്ങനെ ചെയ്തിട്ടായാലും എനിക്കീ വിവാഹം നടന്ന് കിട്ടണം.” ഗൗരി ചീറിക്കൊണ്ട് അങ്ങോട്ട് വന്നു.
“എനിക്കൊരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് അഖിലേട്ടന്റെ കൂടെയായിരിക്കും. അച്ഛൻ ഏട്ടന് വാക്ക് കൊടുത്തതൊക്കെ എല്ലാരും മറന്നോ? അച്ഛനില്ലാത്ത കൊച്ചിനെ നീ പ്രസവിക്കുമെന്ന് പറഞ്ഞാലും എന്റെ ഈ തീരുമാനത്തിന് മാറ്റമില്ല. നിന്റെ സ്വാർത്ഥതയ്ക്ക് നിന്ന് തരാൻ എന്നെ കിട്ടില്ല. നീയെന്ത് ചെയ്താലും അതിന്റെ അനന്തരഫലം നീ തന്നെ അനുഭവിക്കും.” ഗായത്രിയും വിട്ട് കൊടുക്കാൻ ഭാവമില്ലാത്ത പോലെ നിന്നു.
“ആ ചേട്ടനോട് അച്ഛൻ വാക്ക് പറഞ്ഞിട്ടല്ലേ ഉള്ളു. അല്ലാതെ നിശ്ചയം നടത്തുകയോ നാലാളെ വിളിച്ചു അറിയിക്കുകയോ ഒന്നും ചെയ്തിട്ടില്ലല്ലോ.”
“കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ നിനക്കിങ്ങനെയൊക്കെ പറയാൻ തോന്നോ. ഓരോ തോന്ന്യാസം കാണിച്ചിട്ട് ബാക്കിയുള്ളവർക്ക് കൂടി തലവേദന ഉണ്ടാക്കാനായിട്ട്.” ഗായത്രിക്ക് മുഷിഞ്ഞു.
“അച്ഛാ… എങ്ങനെയെങ്കിലും എന്റെ കല്യാണം നടത്തി തരണം. ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം.” വാശിയോടെ പറഞ്ഞ് കൊണ്ട് ഗൗരി മുറിയിലേക്ക് പോയി.
“അച്ഛന്റെയോ അമ്മയുടെയോ മനസ്സിൽ വേണ്ടാത്ത എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് മറക്കുന്നതാ രണ്ട് പേർക്കും നല്ലത്. അവൾക്ക് ജീവിതമുണ്ടാക്കി കൊടുക്കാൻ എന്നെ കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട.”
ഗായത്രി തന്റെ നിലപാടിൽ ഉറച്ചുനിന്നു.
രാത്രി അഖിലിന്റെ പതിവ് ഫോൺ കാൾ വന്നപ്പോ വീട്ടിലുണ്ടായ സംഭവ വികാസങ്ങൾ അവളവനോട് പറഞ്ഞു.
“അഖിലേട്ടാ… എനിക്കെന്തോ പേടിയാവുന്നുണ്ട്. അച്ഛനും അമ്മയും ഗൗരിക്ക് വേണ്ടി കാല് മാറുമോന്ന് സംശയം തോന്നുന്നു.”
“നീ വെറുതെ ടെൻഷനാവണ്ട. അങ്ങനെയൊന്നും ഉണ്ടാവില്ല.”
“ഉണ്ടായാൽ എന്ത് ചെയ്യും? ഞാൻ അവര് പറഞ്ഞ ചെക്കനെ കെട്ടണോ?” ഗായത്രിക്ക് ദേഷ്യം വന്നു.
“നീയിങ്ങനെ ചൂടാവല്ലേ ഗായു. നിന്റെ അച്ഛനെന്താ പറഞ്ഞ വാക്കിന് വിലയില്ലാത്തവനാണോ. ഒന്നുല്ലേലും ആളൊരു മാഷല്ലേ. അപ്പോ നന്ദികേട് കാട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.”
അഖിൽ ആത്മവിശ്വാസത്തോടെ പറഞ്ഞു.
“ഈ കല്യാണം നടന്നില്ലെങ്കിൽ ഗൗരി അച്ഛനില്ലാത്ത കുട്ടിയെ പ്രസവിക്കുമെന്നാണ് ഭീഷണി. വിഷ്ണുവിന്റെ വീട്ടുകാർക്ക് മൂത്ത മകന്റെ വിവാഹം നടക്കാതെ ഇവന്റെ കല്യാണം നടത്തില്ലെന്നാ തീരുമാനം. ഗൗരിയുടെ വാശി കണ്ടപ്പോ വിഷ്ണുവിന്റെ ചേട്ടന് എന്നെ കൊടുക്കാമെങ്കിൽ നടത്താമെന്നാ തീരുമാനം.”
“എന്റെ അനിയത്തി എങ്ങാനും ആയിരുന്നെങ്കിൽ അടിച്ചവളുടെ കരണം പുകച്ചേനെ ഞാൻ.”
“എന്റേന്ന് ഒരെണ്ണം കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും നല്ലോണം അടിച്ചതിന്റെ ദേഷ്യവുമുണ്ട്. അതാണ് ഈ ഭീഷണി…”
“ഇതൊക്കെ അവളുടെ അടവാണ് ഗായു. നിന്റെ വീട്ടുകാരോട് അതിൽ വീഴരുതെന്ന് പ്രത്യേകം പറയണം. ഇനി അവൾ ശരിക്കും ഗർഭിണി ആണോ? അതോ വെറുതെ പറയുന്നതോ?”
“അതുള്ളത് തന്നെയാ. പ്രെഗ്നൻസി കിറ്റ് ഞങ്ങൾ കണ്ടതാ. പിന്നെ രണ്ട് പ്രസവിച്ച അമ്മയെ പറ്റിക്കാൻ അവൾക്കെന്തായാലും പറ്റില്ലല്ലോ.”
“അതൊക്കെ ശരി തന്നെയാ.”
“എന്റെ പേടി നമ്മുടെ കാര്യമോർത്താ. നാട്ടുകാർ അറിയും നാണക്കേട് ആവും എന്നൊക്കെ വന്നാൽ അച്ഛൻ എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാവും. അങ്ങനെ വന്നാൽ നമ്മുടെ കാര്യം സൗകര്യപൂർവ്വം അച്ഛൻ മറന്നേക്കും.”
“അങ്ങനെയൊന്നും ഉണ്ടാവില്ല ഗായു. നീ എനിക്കുള്ളതാ.”
“വെറുതെ പറയാമെന്നല്ലാതെ നമ്മുടെ കല്യാണമൊന്നും കഴിഞ്ഞിട്ടില്ലല്ലോ. ഇന്ന് തന്നെ അവർ വിഷ്ണുവിന്റെ ചേട്ടന്റെ കാര്യം പറഞ്ഞപ്പോ അച്ഛനും അമ്മയും ഒരക്ഷരം മിണ്ടിയിട്ടില്ല. താല്പര്യമില്ലെങ്കിൽ അപ്പോൾ തന്നെ എന്റെ കല്യാണം വാക്ക് പറഞ്ഞ് വച്ചതാണെന്ന് അവരോട് പറയാമായിരുന്നില്ലേ?” ഗായത്രി പറഞ്ഞത് കേട്ടപ്പോൾ അഖിലിനും ചെറിയ ടെൻഷൻ തോന്നി.
“പറഞ്ഞ് പറഞ്ഞ് നീ എന്നെക്കൂടി പേടിപ്പിക്കല്ലേ. ഞാൻ എന്തായാലും നിന്റെ അച്ഛനെ വിളിച്ചൊന്ന് സംസാരിക്കാം.” അഖിൽ അവളെ സമാധാനിപ്പിച്ചു.
“ഞാൻ പേടിക്കുന്ന പോലെ സംഭവിച്ചാൽ നമ്മളെന്ത് ചെയ്യും?”
“എങ്കിൽ പിന്നെ നീയൊരു നിമിഷം പോലും അവിടെ നിൽക്കരുത്. നിന്റെ സാധനങ്ങൾ എല്ലാം എടുത്ത് ഏതെങ്കിലും ഹോസ്റ്റലിലേക്ക് പൊയ്ക്കോ. ചിലവിനുള്ള കാശ് ഞാൻ തന്നോളാം. നിന്റെ അനിയത്തിയുടെ ആഗ്രഹം നടത്താൻ വേണ്ടി നിന്നെ വിട്ട് കൊടുക്കാൻ എനിക്ക് കഴിയോ?”
“ഇപ്പോ എനിക്ക് കുറച്ച് സമാധാനം തോന്നുന്നുണ്ട്.” അഖിലിന്റെ വാക്കുകൾ കേട്ട് ഗായത്രിക്ക് തന്റെ മനസ്സിലെ ആധി കുറഞ്ഞതായി തോന്നി.
🍁🍁🍁🍁🍁
കാര്യങ്ങൾ ഗായത്രി ഊഹിച്ച പോലെ തന്നെ നടന്നു. ഗൗരി കുഞ്ഞിനെ നശിപ്പിക്കില്ല എന്ന് പറഞ്ഞ് വാശിയിൽ തന്നെ തുടർന്നപ്പോൾ നാണക്കേട് ഭയന്ന് അവളുടെ വിവാഹം പെട്ടെന്ന് നടത്തണമെന്ന് വേണു മാഷ് ചിന്തിച്ചു.
വിഷ്ണുവിന്റെ വീട്ടുകാർ ഗായത്രിയെ തങ്ങളുടെ മൂത്ത മകന് കൊടുക്കാമെങ്കിൽ ഈ വിവാഹം പെട്ടെന്ന് നടത്താമെന്ന് പറഞ്ഞത് വേണു മാഷിനും സുമിത്രയ്ക്കും കുറെ ആലോചിച്ചപ്പോൾ സ്വീകാര്യമായി തോന്നി.
അതിന് കാരണം പഠിച്ചു കൊണ്ടിരിക്കുന്ന ഇളയ മകളെ മാത്രം കെട്ടിച്ചാൽ മറ്റുള്ളവരിൽ നിന്നും ചോദ്യം വരും. ഇരുവരെയും ഒരുമിച്ച് കല്യാണം കഴിപ്പിച്ചത് എന്തെന്ന് ചോദിച്ചാൽ നല്ലൊരു ബന്ധം വന്നത് കൊണ്ടും ഇരുവർക്കും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്തത് കൊണ്ട് നടത്തിയതാണെന്ന് പറയാമെന്നൊക്കെ വേണു മാഷും സുമിത്രയും കണക്ക് കൂട്ടി.
പൊതുവെ പിശുക്കനായ വേണു മാഷ് ലാഭം നോക്കി രണ്ട് മക്കളേം കല്യാണം ഒരുമിച്ചാക്കി എന്നൊക്കെ നാട്ടുകാർ പറഞ്ഞു നടക്കുമെന്നും അതുവഴി ഗൗരിയുടെ കാര്യത്തിൽ ആർക്കും സംശയം ഉണ്ടാവില്ലെന്നും അവർ ആശ്വസിച്ചു.
അഖിലിന് കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരുമെന്ന് ഓർത്തപ്പോൾ വേണു മാഷിന് കുറ്റബോധം തോന്നിയെങ്കിലും അതിനേക്കാൾ വലുതല്ല താനിത്ര നാൾ കൊണ്ട് ഉണ്ടാക്കിയെടുത്ത സൽപ്പേരെന്ന് അയാളോർത്തു.
അച്ഛന്റെ തീരുമാനം അറിഞ്ഞു ഗായത്രി ഞെട്ടി. അവൾ ഉടനെ തന്നെ അഖിലിനെ വിളിച്ചു വിവരം പറഞ്ഞു. അപ്പോൾ തന്നെ അവൻ അയാളെ വിളിച്ചെങ്കിലും അഖിലിനോട് നീതികേട് കാട്ടിയതിനാൽ അവനോട് സംസാരിക്കാൻ അയാൾ വിമുഖത കാണിച്ചു. ഗായത്രി തന്റെ ഫോണിൽ അഖിലിനെ വിളിച്ച ശേഷം അച്ഛനെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊക്കെ വിഫലമായി.
വേണു മാഷ് അഖിലിനെ എല്ലാ രീതിയിലും ഒഴിവാക്കാൻ ശ്രമിച്ചു. അവന്റെ കാളുകൾ അയാൾ എടുക്കാതായി.
അതോടെ ഗായത്രിക്കും ദേഷ്യം വന്നു. അവൾ മുറിയിലേക്ക് പോയി തന്റെ ഡ്രെസ്സുകൾ ഒരു ബാഗിലാക്കാൻ തുടങ്ങി. അത് കണ്ട് കൊണ്ടാണ് സുമിത്ര അവിടേക്ക് വന്നത്.
“നീയിത് എന്ത് കാണിക്കാ മോളേ.?” സുമിത്ര വേവലാതിപ്പെട്ടു.
“ഞാൻ ഇവിടുന്ന് പോവാ അമ്മേ. ഗൗരിയുടെ ഭീഷണിക്ക് വഴങ്ങി അല്ലെ എന്റെ ഇഷ്ടം പോലും നോക്കാതെ നിങ്ങളീ വിവാഹം നടത്താൻ പോകുന്നത്. അവൾടെ പ്രണയിച്ചവനെ കിട്ടാൻ എന്റെ ഇഷ്ടം ഞാൻ മറക്കണമല്ലേ? അത് നടക്കില്ലമ്മേ. നിങ്ങളുടെ ചിലവിൽ കഴിയുന്നത് കൊണ്ടല്ലേ എന്നോടിങ്ങനെ. അതുകൊണ്ട് ഞാൻ ഹോസ്റ്റലിലേക്ക് മാറാൻ പോവാ.”
“നിന്റെ അനിയത്തിയോ ഇങ്ങനെയായി. ഇനി നീ കൂടി ഞങ്ങളെ വിഷമിപ്പിക്കാനുള്ള പുറപ്പാടാണോ.” സുമിത്ര കരയാൻ തുടങ്ങി.
“ഇവിടെ നിന്നാൽ നിങ്ങളെന്നെ ഇഷ്ടമില്ലാത്ത കല്യാണത്തിന് നിർബന്ധിക്കും. ഗൗരിക്ക് വേണ്ടി ഇത്രയും വലിയ ത്യാഗം ചെയ്യാനുള്ള വിശാല മനസ്സൊന്നും എനിക്കില്ല.” ഗായത്രിയും വിട്ട് കൊടുത്തില്ല.
“ഞാനൊന്ന് അച്ഛനോട് സംസാരിക്കാം. നീ എടുത്തു ചാടി ഇവിടുന്ന് ഇറങ്ങി പോവരുത്.” സുമിത്ര വേഗം കണ്ണ് തുടച്ച് മാഷിന്റെ അടുത്തേക്ക് പോയി.
“ചേച്ചിക്ക് ഈ കല്യാണത്തിന് സമ്മതിച്ചാൽ എന്താ? എന്റെ അവസ്ഥ അറിഞ്ഞുവച്ച് ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്നെ തോൽപ്പിക്കാൻ വേണ്ടിയല്ലേ?” അമ്മ അച്ഛനോട് പറയുന്നത് കേട്ട് അവിടേക്ക് വന്നതാണ് ഗൗരി.
“അതേ… നിന്നെ തോൽപ്പിക്കാൻ വേണ്ടി തന്നെയാ. നിനക്കിത്രയ്ക്ക് സെൽഫിഷായി ചിന്തിക്കാൻ എങ്ങനെ തോന്നുന്നു ഗൗരി. നിന്റെ ഇഷ്ടം നടക്കാൻ അഖിലേട്ടനെ ഞാൻ മറക്കണോ? അതിനെനിക്ക് കഴിയില്ല.”
“ചേച്ചി എന്താ ആ ചേട്ടന്റെ കൂടെ കിടന്നിട്ടുണ്ടോ? അതുകൊണ്ടാണോ അയാളെ മറക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വാശി പിടിക്കുന്നത്.” ഗൗരിയുടെ ചോദ്യം കേട്ടതും ഗായത്രിക്ക് വിറഞ്ഞു കയറി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…