Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 113

രചന: റിൻസി പ്രിൻസ്

ഇന്ന് സമയമില്ലാത്തതുകൊണ്ട് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല സുധിയേട്ടാ… അതുകൊണ്ട് കൂട്ടാൻ ഒക്കെ വളരെ കുറവാണ്.

ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ഒന്നും സംഭവിക്കാതെ പോലെ അവള് പറഞ്ഞു.. അവൻ അവളെ തന്നെ തുറിച്ചു നോക്കി, അവളെ വേദനിപ്പിക്കാൻ ആ നിമിഷം അവന് തോന്നിയിരുന്നില്ല, അതുകൊണ്ട് ഒന്നും മിണ്ടാതെ അവൻ ഭക്ഷണം കഴിച്ചു. ഉച്ചമുതൽ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല, ഉള്ളിൽ നല്ല വിശപ്പുണ്ട്, പക്ഷേ ഒരു വറ്റു പോലും ഇറങ്ങുന്നില്ല. ഭക്ഷണത്തിന് പോലും കണക്ക് പറയുന്നു, ഇത്രയും വേദനിപ്പിക്കുന്ന ഒരു അവസ്ഥയിലൂടെ താൻ പോകാനുള്ള കാരണം എന്താണെന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല..

ഇത്രമാത്രം അമ്മയ്ക്ക് വെറുക്കപ്പെട്ടവനായി കഴിഞ്ഞൊ എന്ന് അവൻ ചിന്തിച്ചു…

” എന്താ സുധിയേട്ടാ..? കഴിച്ചെ,

ഭക്ഷണത്തിൽ കയ്യിട്ടു ഇളക്കി കൊണ്ടിരിക്കുന്നവനോടായി അവൾ ചോദിച്ചു..

” വിശപ്പ് തോന്നുന്നില്ല..താൻ കഴിക്ക്… ഇരിക്കുന്നില്ലേ..?

” എനിക്ക് വേണ്ട ഞാൻ കുറച്ചു മുൻപേ കുറച്ച് കഴിച്ചിരുന്നു, സുധിയേട്ടൻ കഴിച്ചോ

” ഞാനിവിടെയുള്ള സ്ഥിതിക്ക് ഞാൻ വരാതെ താൻ കഴിക്കില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം,

” അത് പിന്നെ ഞാൻ പറഞ്ഞില്ലേ കൂട്ടാൻ ഒക്കെ വളരെ കുറവായിരുന്നു, ചോറും കുറവാ സുധിയേട്ടൻ ആവശ്യത്തിന് കഴിക്ക്…

“താനിവിടെ ഇരിക്ക്

അവളുടെ കൈകളിൽ പിടിച്ച് അവൻ അവളെ അടുത്തിരുത്തി ആ ചോറിൽ നിന്നും ഒരു ഉരുള അവൾക്ക് നേരെ അവൻ നീട്ടി.. അവളത് സ്നേഹപൂർവ്വം തന്നെ സ്വീകരിച്ചു. അവന്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു..

” എന്താ സുധിയേട്ടന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്..?ഭക്ഷണത്തിനു മുൻപിൽ ഇരുന്ന് കരയാൻ പാടില്ല, എന്തിനാ ഇപ്പൊൾ സുധിയേട്ടന് വിഷമിക്കുന്നെ..?

അവൾ അല്പം ഭയത്തോടെ തന്നെ അവനോട് ചോദിച്ചു..

” കണ്ണ് നിറഞ്ഞത് എരിവ് കൂടിയിട്ട് ആണ്..

“ആണോ ഞാൻ എരിവ് നോക്കിയില്ല,

അവൾ പെട്ടെന്ന് കറിയെടുത്ത് നാവിൽ തൊട്ടുനോക്കി

“വല്ല്യ എരിവ് ഒന്നുമില്ലല്ലോ സുധീയേട്ട, ഇത്രയും വേണ്ടേ സുധിയേട്ടന് എരിവ്.?

” ആ സാരമില്ല… താൻ കഴിക്കു

രണ്ടുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്…

അകത്തെ മുറിയിലിരുന്ന് സതി ഇത് കണ്ടിരുന്നു. അവൾക്ക് ഭക്ഷണം വാരി കൊടുക്കുന്നതും മറ്റും കണ്ടിട്ട് അവർക്ക് ദേഷ്യം തോന്നാതിരുന്നില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞതും സുധി മുറിയിലേക്ക് പോയിരുന്നു. അവൻ അത്രത്തോളം തകർന്ന അവസ്ഥയിലായിരുന്നു. രണ്ടുപേരും കഴിച്ച പ്ലേറ്റ് അടുക്കളയിൽ കഴുകി കൊണ്ട് മീര നിൽക്കുമ്പോഴാണ് പുറത്ത് ശ്രീജിത്ത് വന്ന ഒച്ച അവൾ കേട്ടത്,

കേട്ടപാടെ സതി ഉമ്മറത്തേക്ക് വന്നിരുന്നു…

“നീ എന്താണ് ഇത്രയും താമസിച്ചത്..?

” കുറച്ച് കാര്യങ്ങളുണ്ടായിരുന്നു

അവൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..

“രമ്യ എന്തിയെ..?

” ഞാൻ കണ്ടില്ല ഉച്ച കഴിഞ്ഞപ്പോൾ കൊച്ചിനെ എടുത്തുകൊണ്ട് അവളുടെ വീട്ടിലെക്ക് ആണെന്നും പറഞ്ഞു പോയത് ആണ്, എന്തോ ആവശ്യത്തിനാണെന്ന് പറഞ്ഞു. നിന്നെ വിളിച്ചിട്ട് എടുത്തില്ലെന്ന്, നിന്നോട് പറയണം എന്ന് പറഞ്ഞു..

“ആഹ്… അവൾ രണ്ടുമൂന്നു വട്ടം എന്നെ വിളിച്ചിരുന്നു, എനിക്ക് എടുക്കാൻ പറ്റിയില്ല. എന്നാലും ഇതൊന്നു ശരിയല്ല ശ്രീജിത്തേ,
ഭർത്താവിന്റെ അനുവാദമില്ലാതെ കൊച്ചിനെ എടുത്തോണ്ട് വീട്ടിലേക്ക് പോവുക, ഒരു ജോലിയുള്ള അഹങ്കാരം തന്നെ..!

സതി പറഞ്ഞു

“അമ്മ ഒന്ന് നിർത്താമോ, കേറിവരുന്നതിന് മുൻപ് തുടങ്ങും ഓരോന്ന് പറഞ്ഞ് മനുഷ്യനെ വെറുപ്പിക്കാൻ…

താല്പര്യമില്ലാതെ ശ്രീജിത്ത് പറഞ്ഞപ്പോൾ വിളറി പോയിരുന്നു സതി.. കാരണം അടുക്കളയിൽ മീരയുണ്ടെന്ന് അവർക്ക് അറിയാം. അവളത് കേട്ടിട്ടുണ്ടാകും എന്നും അവർക്ക് വ്യക്തമാണ്.

” നിനക്ക് കഴിക്കാൻ എടുക്കട്ടെ. ഞാൻ നീ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു… കാലുവേദന എടുത്തിട്ട് വയ്യ, നീ വന്ന് ഭക്ഷണം കൂടി കഴിച്ചിട്ട് കിടക്കാം എന്നാ കരുതിയത്..

സതി പറഞ്ഞു

” എനിക്കൊന്നും വേണ്ട, ഞാൻ പുറത്തു നിന്ന് കഴിച്ചിട്ട് ആണ് വന്നത്…

” അപ്പൊൾ പിന്നെ ഇവിടെ നിനക്ക് എടുത്തു വച്ചിരിക്കുന്ന ഭക്ഷണം എന്ത് ചെയ്യും..?

” അമ്മയോട് ഞാൻ പറഞ്ഞൊ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കാൻ..? ഞാൻ മിക്ക ദിവസവും കഴിച്ചിട്ട് ആണ് വരുന്നതെന്ന് അമ്മക്കറിയാല്ലോ.. അമ്മ ചെന്ന് കിടക്കാൻ നോക്ക്, ചുമ്മാ പാതിരാത്രി മനുഷ്യനെ മെനക്കെടുത്താൻ..

അതും പറഞ്ഞ് അവൻ അകത്തേക്ക് കയറി പോയപ്പോൾ മീര അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും രൂക്ഷമായി മീര അവരെ ഒന്ന് നോക്കി. അതിൽ ഉണ്ടായിരുന്നു അവൾക്ക് പറയാനുള്ളതെല്ലാം. അവളെ അഭിമുഖീകരിക്കാൻ സാധിക്കാതെ പെട്ടെന്ന് സതി അകത്തേക്ക് പോയി

അവൾ റൂമിലേക്ക് ചെന്നപ്പോൾ എന്തോ ആലോചിച്ച് ജനലിന് അരികിൽ നിൽക്കുകയാണ് സുധി..

“സുധിയേട്ടാ…!

അവൾ വിളിച്ചതും അവൻ തിരിഞ്ഞുനോക്കി.

കണ്ണുകൾ ഒക്കെ കലങ്ങി ഒരു വല്ലാത്ത അവസ്ഥയിലാണ് അവൻ നിൽക്കുന്നത്. അത് കണ്ടപ്പോൾ തന്നെ അവൾക്ക് വല്ലാത്തൊരു വേദന തോന്നി.

” സുധിയേട്ടൻ ഏത് നേരവും ഇങ്ങനെ ഓരോന്ന് ആലോചിച്ച് വിഷമിച്ച് എന്തെങ്കിലും അസുഖം വരുത്തി വയ്ക്കല്ലേ.. സംഭവിച്ചതൊന്നും ശരിയായ കാര്യങ്ങളല്ലന്ന് നമുക്ക് രണ്ടുപേർക്കും അറിയാം, ഇനി മുന്നോട്ടുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കുക എന്നുള്ളത് ആണ് നമുക്ക് ചെയ്യാൻ പറ്റുന്നത്. സുധിയേട്ടൻ അല്ലാതെ ഇത് ആലോചിച്ചു കൊണ്ട് വിഷമിച്ചിരുന്നാൽ ശരിയാവില്ല..

” ഞാന് എങ്ങനെ വിഷമിക്കാതെ ഇരിക്കും, എന്റെ സ്വന്തം എന്ന് കരുതിയവരാണ് എന്നെ അന്യനായി കാണുന്നത്. ഒരു വറ്റ് ചോറ് കഴിക്കുന്നതിനു പോലും കണക്ക് പറയുന്നത്.. സത്യത്തിൽ ഇപ്പോൾ ഒരു ഭിക്ഷക്കാരനെക്കാളും അധപതിച്ച അവസ്ഥയിലാണ് ഞാൻ..

അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ഒരു ഞെട്ടലോടെയാണ് മീര അവനെ നോക്കിയത്.. അവൻ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുക്കളയിൽ നടന്ന സംഭാഷണങ്ങളൊക്കെ അവൻ കേട്ടിട്ടുണ്ടാകുമോ എന്നുള്ള ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവനത് കേട്ടിട്ടുണ്ടെന്ന് വ്യക്തമായി. അതോടെ അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവൾക്കും അറിയാത്ത ഒരു അവസ്ഥയായി..

” സുധിയേട്ടാ
.അവൾ അവനെ കെട്ടിപ്പിടിച്ചു. ആ നിമിഷം അവനും അത് ആവശ്യമായിരുന്നു. അവളെ പുണർന്നവൻ, ഒരു കൊച്ചു കുട്ടിയെ പോലെ അവനെ തഴുകി തലോടി അവളും നിന്നു. അവളുടെ പുറം കഴുത്തിലേ ചൂടാണ് അവൻ കരയുകയാണെന്ന് അവൾക്ക് മനസ്സിലായത്.. അവൾ എതിർക്കാൻ പോയില്ല. കരഞ്ഞോട്ടെ, കരയുമ്പോൾ ഒരു മനുഷ്യന് കിട്ടുന്ന ആശ്വാസം ചെറുതല്ല. പുരുഷന്മാർക്ക് കരയാൻ പാടില്ല എന്ന് പറയുന്ന ഒരുപറ്റം ആളുകൾ ഉണ്ട്. അവർ മനുഷ്യരല്ല എന്നാണ് അത്തരക്കാരുടെ ധാരണ അതുകൊണ്ടു തന്നെ അവനവന്റെ വേദന കരഞ്ഞൊഴുക്കി കളയട്ടെ, കുറച്ചുനേരം കഴിഞ്ഞതും സ്വയം അവൻ അവളിൽ നിന്നും എഴുന്നേറ്റിരുന്നു. ആ നിമിഷം തന്നെ അഴയിൽ കിടന്നിരുന്ന ഒരു തോർത്തെടുത്ത് അവന്റെ മുഖം അവൾ വ്യക്തമായി തുടച്ചു കൊടുത്തു.

ഒരു കൊച്ചു കുട്ടിയോട് എന്നതുപോലെ അവൾ ഓരോന്നും ചെയ്യുമ്പോഴും അവൻ ഒന്നും പ്രതികരിക്കാതെ അവളുടെ പ്രവർത്തികൾ കണ്ടിരുന്നു.. അവന്റെ അരികിലായി അവളും ചെന്നിരുന്നു, ആ മുഖം കൈകളിൽ എടുത്ത് ആ നെറ്റിയിൽ ഏറെ പ്രണയത്തോടെ ഒരു ചുംബനം നൽകി..

” എന്റെ സുധിയേട്ടന് എന്ത് സംഭവിച്ചാലും ജീവിതത്തിലും മരണത്തിലും ഞാൻ ഒപ്പമുണ്ടാകും.. നമ്മുടെ വിവാഹം കഴിഞ്ഞതിൽ പിന്നെ എനിക്കുള്ള ഒരൊറ്റ പ്രാർത്ഥന സുധിയേട്ടന്റെ ഒപ്പം തന്നെ മരിക്കാൻ സാധിക്കണമെന്ന് മാത്രം ആണ്. നമ്മളെ ഒരുമിച്ച് അല്ലാതെ ഈ ഭൂമിയിൽ നിന്നും ആരും പിരിക്കരുതേ എന്ന്.. ഇങ്ങനെ വിഷമിക്കരുത് എനിക്കത് സഹിക്കാൻ പറ്റില്ല

പറഞ്ഞപ്പോൾ അവളും കരഞ്ഞു പോയിരുന്നു..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button