കോടതിക്കും വ്യാജന്‍; ട്രൈബൂണല്‍ ചമഞ്ഞ് തട്ടിപ്പ്
വ്യാജ ജഡ്ജി ഒടുവില്‍ യഥാര്‍ഥ ജഡ്ജിക്ക് മുന്നില്‍
ഗാന്ധി നഗര്‍: ഡോക്ടര്‍മാര്‍ക്കും പോലീസിനും അധ്യാപകര്‍ക്കും വക്കീലന്മാര്‍ക്കുമൊക്കെ വ്യാജന്‍ ഇറങ്ങിയ നമ്മുടെ രാജ്യത്ത് മറ്റൊരു വ്യത്യസ്തനായ വ്യാജ തട്ടിപ്പ്. ജനങ്ങളെ കബളിപ്പിച്ച് വ്യാജ കോടതിയുണ്ടാക്കി അഹമ്മദാബാദില്‍ നടന്ന തട്ടിപ്പ് കേട്ട് യഥാര്‍ഥ കോടതി പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ്.
സിവില്‍ കേസുകളില്‍ പരിഹാരം കാണാന്‍ അഹമ്മദാബാദ് കോടതി നിയമിച്ച ട്രിബൂണല്‍ കോടതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് വര്‍ഷത്തോളം നാടിനെ പറ്റിച്ച കള്ളന്‍ ഒടുവില്‍ പിടിയിലായി.
മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഇയാളാണ് വ്യാജ ട്രിബ്യൂണലില്‍ ന്യായാധിപനായി വേഷമിട്ട് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയിരുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി ഈ വ്യാജ ട്രിബ്യൂണല്‍ പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കോടതി നിയമിച്ച ഒരു ഔദ്യോഗിക മധ്യസ്ഥനായി വേഷം കെട്ടിയ ഇയാള്‍ 2019-ല്‍ ഒരു ഭൂമി തര്‍ക്ക കേസില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഈ ഭൂമി തര്‍ക്ക കേസ് അഹമ്മദാബാദ് സിറ്റി സിവില്‍ കോടതിയില്‍ വാദത്തിനായെത്തിയപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്.
സിവില്‍ കോടതിയില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഭൂമി തര്‍ക്ക കേസുകളിലെ കക്ഷികളെ ബന്ധപ്പെട്ടായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. കോടതി നിയമിച്ച ഔദ്യോഗിക മധ്യസ്ഥനെന്ന വ്യാജേനയാണ് കക്ഷികളെ ബന്ധപ്പെടുക. ഗാന്ധിനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഓഫീസ് കോടതിയാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. നടപടിക്രമങ്ങള്‍ വിശ്വസീയനീയമാക്കാന്‍ ഇയാളുടെ കൂട്ടാളികള്‍ കോടതി ജീവനക്കാരോ അഭിഭാഷകരോ ആയി നില്‍ക്കും. ഇവിടേക്ക് കക്ഷികളെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് കക്ഷികള്‍ക്ക് അനുകൂലമായ വിധത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് രീതിയെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കക്ഷികളില്‍ നിന്ന് ഇതിനു പ്രതിഫലമായി വന്‍ തുക ഈടാക്കുകയും ചെയ്തിരുന്നു.