ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം
ബംഗ്ലാദേശിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ക്ക് ഹസീനക്ക് രാജിവെച്ച് പലായനം ചെയ്യേണ്ടി വന്ന പ്രക്ഷോഭത്തിന് സമാനമാണ് നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും
ബംഗ ഭബനിലേക്കുള്ള മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പോലീസ് ഗ്രനേഡുകൾ പ്രയോഗിച്ചു. ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഷെയ്ക്ക് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന്റെ തെളിവുകളൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം ഷഹാബുദ്ദീൻ പറഞ്ഞിരുന്നു. ഇതോടെയാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്
ഷെയ്ക്ക് ഹസീനക്കെതിരെ പ്രക്ഷോഭം നയിച്ച ആന്റി ഡിസ്‌ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്‌മെന്റ് ആണ് ഇപ്പോൾ പ്രസിഡന്റിന്റെ രാജിയാവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.