World

ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയ ജയിൽ മോചിതയായി

പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഷെയ്ക്ക് ഹസീന രാജ്യം വിട്ടതിന് പിന്നാലെ മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാവുമായ ഖാലിദ സിയ ജയിൽ മോചിതയായി. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് ഖാലിദ സിയയെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം

ബിഎൻപി ചെയർപേഴ്‌സൺ ഖാലിദ സിയയെ മോചിപ്പിക്കാൻ ഐക്യകണ്‌ഠേന തീരുമാനിച്ചു എന്നായിരുന്നു പ്രസിഡന്റിന്റെ വാർത്താക്കുറിപ്പ്. അഴിമതി കേസിൽ 17 വർഷം തടവുശിക്ഷക്ക് വിധിക്കപ്പെട്ട് 2018 മുതൽ ജയിലിൽ കഴിയുകയാണ് 78കാരിയായ ഖാലിദ സിയ. അസുഖബാധിതയായ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

ഷെയ്ക്ക് ഹസീനയുടെ പ്രധാന എതിരാളിയാണ് ഖാലിദ സിയ. ഇരുവരും തമ്മിലുള്ള ശത്രുത ബാറ്റിൽ ഓഫ് ബീഗംസ് എന്നാണ് വിശേഷിക്കപ്പെട്ടിരുന്നത്. 1991ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ആകുന്നത്. തുടർന്ന് 1996ൽ ഷെയ്ക്ക് ഹസീന പ്രധാനമന്ത്രിയായി. 2001ലെ തെരഞ്ഞെടുപ്പിൽ ഖാലിദ സിയ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത് എത്തി. പൊതു തീവ്രനിലപാടുള്ള പാർട്ടിയായാണ് ബിഎൻപിയെ വിശേഷിപ്പിക്കുന്നത്.
 

Related Articles

Back to top button