പ്രിയമുള്ളവൾ: ഭാഗം 40
രചന: കാശിനാഥൻ
വെളിയിലേയ്ക്ക് ഇറങ്ങി പോയ ഭദ്രനെ കുറച്ചു സമയം ആയിട്ടും കാണാതെ വന്നപ്പോൾ നന്ദന ചാരി ഇട്ടിരുന്ന വാതിലു മെല്ലെ തുറന്ന് പുറത്തേയ്ക്കു ഇറങ്ങി.
അവിടെ ചാരുബെഞ്ചിൽ ഇരിക്കുകയാണ് ഭദ്രൻ.
ചുണ്ടിൽ സിഗരറ്റ് എരിയുന്നുമുണ്ട്.
അത് കണ്ടതും അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.
മറ്റൊന്നും ചിന്തിക്കാതെ കൊണ്ട് അവള് ചെന്നു അവന്റെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് വലിച്ചെടുത്ത് മുറ്റത്തേക്ക് ഒരു ഏറു കൊടുത്തു….
പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ഭദ്രേനു പോലും മനസ്സിലായില്ല.
അവൻ ചാടി എഴുന്നേറ്റ് നോക്കിയപ്പോൾ ഇരു കൈകളും എളിക്കു കുത്തിക്കൊണ്ട് അവനെ ദേഷ്യത്തിൽ ഉറ്റു നോക്കി നിൽക്കുകയാണ് നന്ദന.
എന്താടി…..
“ഈ കുന്ത്രാണ്ടം ഇങ്ങനെ വലിച്ചു കേറ്റിയതുകൊണ്ട് ഭദ്രേട്ടന് എന്തു സുഖമാ കിട്ടുന്നത്..”
“അതൊന്നും എനിക്ക് നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല…നന്ദേ..നീയ് ആവശ്യമില്ലാതെ എന്റെ കാര്യത്തിൽ നീ ഇടപെടാൻ വന്നേക്കരുത്..”
നന്ദനയെ നോക്കി കടുപ്പത്തിൽ പറഞ്ഞുകൊണ്ട് ഭദ്രൻ അകത്തേക്ക് കയറി.
ഇതും വലിച്ചു കൊണ്ട് ഇങ്ങനെ നടന്നാൽ ശരിയാവില്ല ഭദ്രേട്ടാ…ആരോഗ്യം നശിച്ചു പോകേണ്ട ഒള്ളൂ…എന്തെങ്കിലും അസുഖം വന്നാല്…
അതും പറഞ്ഞു കൊണ്ട് നന്ദന അവനെ നോക്കി
അതിന് നിനക്ക് എന്താ ഇത്ര ദെണ്ണം…
വാതിലു അടച്ചു കുറ്റി ഇട്ട ശേഷം ഭദ്രൻ തിരിഞ്ഞു നിന്ന് നന്ദനയോട് ചോദിച്ചു.
‘ഭദ്രേട്ടന് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്ക്, എനിക്ക് വേറെ ആരും ഇല്ലാ…. അതുകൊണ്ട് പറഞ്ഞത് ആണ്..”
അത് പറയുകയും അവളുടെ വാക്കുകൾ വിറച്ചു.
“നടന്ന കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞു നിന്നെ അയാളുടെ അടുത്ത് ഏൽപ്പിച്ചാലോ എന്നാണ് ഞാൻ ഇപ്പൊ ചിന്തിക്കുന്നേ….
അങ്ങനെ ആണെങ്കിൽ പിന്നെ നിന്നെ നിന്റെ വീട്ടുകാരൊക്കെ സ്വീകരിക്കും….അപ്പോൾ പിന്നെ നിനക്കു സന്തോഷം ആകും.”
“ആരെ ഏൽപ്പിക്കുന്ന കാര്യം ആണ് പറയുന്നേ..”
ഭദ്രന്റെ പറച്ചിൽ കേട്ടതും നന്ദന അവനെ നോക്കി.
“ഇന്ന് കണ്ട ആ സാറില്ലേ.. അയാളുടെ കാര്യം ആണ് പറഞ്ഞെ..”
എന്റെ മരണം വരെയും ഞാൻ ഈ നിൽക്കുന്ന ഭദ്രന്റെ മാത്രം ഭാര്യ ആയിരിക്കും… അതിനു ഒരു മാറ്റം വന്നാൽ പിന്നെ ഒരു നിമിഷം പോലും നന്ദന ജീവിച്ചു ഇരിക്കില്ല….പിന്നെ ഭദ്രേട്ടന് എന്നെ വേണ്ടങ്കിൽ പറഞ്ഞാൽ മതി…. ഞാൻ ഇവിടുന്നു പോയ്കോളാം…
വിങ്ങി പ്പൊട്ടി പറഞ്ഞു കൊണ്ട് നന്ദന അവനെ നോക്കി.
ഒരു നിമിഷം ഭദ്രനും അവളുടെ മിഴികളിൽ നോക്കി നിന്നു പോയി, ഒരല്പം പതർച്ചയോടെ..
നിനക്ക് വിഷമം വരുത്താൻ പറഞ്ഞത് അല്ല നന്ദേ…. അയാള് നല്ലോരു മനുഷ്യൻ ആണെന്ന് കണ്ടപ്പോൾ തോന്നി പോയി… അതാ…..
ഭദ്രന്റെ വാക്കുകൾ മുറിഞ്ഞു.
എനിക്ക് വേറെ ആരും വേണ്ട, ഭദ്രേട്ടൻ മാത്രം മതി എനിക്ക്….
പറഞ്ഞു കൊണ്ട് ഒരു പൊട്ടികരച്ചിലോടെ പെണ്ണ് വന്നു അവന്റെ ഇരു കൈകളിലും പിടിച്ചു കൊണ്ട് കരഞ്ഞു
ഞാൻ… ഞാന് ചീത്ത പെണ്ണൊന്നും അല്ല ഭദ്രേട്ടാ… എനിക്ക് വരുണിനോട് ഇഷ്ടം ഒക്കെ തോന്നിയിരുന്നു. അത് സത്യം ആണ്… എന്ന് കരുതി, അനാവശ്യം ആയിട്ട് അവൻ എന്നെ ഒന്ന് തൊടാൻ പോലും ഞാൻ അനുവദിച്ചിട്ടില്ല… സത്യം ആയിട്ടും…. എന്റെ ഗുരുവായൂരപ്പൻ ആണേൽ സത്യം…. ഭദ്രേട്ടൻ എന്നേ വിശ്വസിക്കണം…..
തന്നേ നോക്കി പൊട്ടി ക്കരയുന്നവളെ കാണും തോറും ഭദ്രനും ഏറെ സങ്കടം ആയി.
“നിന്നെ അങ്ങനെ ഒന്നും ഒരു ചീത്ത പെൺകുട്ടി ആയിട്ട് ഞാൻ കണ്ടിട്ടില്ല നന്ദേ…. എന്തിനാണ് നീ ഇങ്ങനെ ഒക്കെ പ്പറയുന്നേ “
“എന്റെ സ്വഭാവം മോശം ആണെന്ന് കരുതിയല്ലേ ഭദ്രേട്ടൻ ഇങ്ങനെ ദേഷ്യ കാണിക്കുന്നത്…”
“അതിന് ഞാൻ എപ്പോളാ നിന്നോട് ദേഷ്യം കാണിച്ചത്.. ഒക്കെ നിന്റെ തോന്നൽ ആണ്.. വാ… വന്നു കിടക്കാൻ നോക്ക്. നേരം 12മണി ആവാറായി..”
പറഞ്ഞു കൊണ്ട് അവൻ അവളുടെ തോളിൽ തട്ടി.
പെട്ടന്ന് തന്നെ നന്ദന അവ്നിൽ നിന്നും അകന്നു മാറി, വേറൊന്നും പറയാതെ കൊണ്ട് ബെഡിലേക്ക് കയറി കിടന്നു.
കിടന്നു ഉറങ്ങാൻ നോക്ക് നന്ദേ..
മതി കരഞ്ഞത്..
ഭദ്രന്റെ ശബ്ദം ഉയർന്നതും അവള് മിഴികൾ പൂട്ടി.
തൊട്ടരുകിൽ ചുവരിലേക്ക് നോക്കി കൊണ്ട് ചെരിഞ്ഞു കിടക്കുന്നവളെ കാണും തോറും ഭദ്രന് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു അണയ്ക്കാൻ തോന്നി..
നിന്നെ എനിക്ക് എന്റെ ജീവനേക്കാൾ ഏറെ ഇഷ്ടം ആടി, അതുകൊണ്ട് അല്ലേ ഒരു കഴുകനും ഇട്ട് കൊടുക്കാതെ കൂടെ കൂട്ടിയത്…ഭദ്രന്റെ ജീവിതത്തില് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ തന്നെയാണ്.
ഉള്ളാലെ പറഞ്ഞു കൊണ്ട് അവൻ വീണ്ടും മുഖം തിരിച്ചു നോക്കി.
****
“ഭദ്രേട്ടാ….. ഇന്ന് ലോഡ് എടുക്കാൻ പോണോന്ന് അമ്മ ചോദിച്ചു.”
കാലത്തെ ഭദ്രന് കുടിക്കാൻ വേണ്ടി ഒരു ഗ്ലാസ് കട്ടൻ ചായ കൊണ്ട് വന്നകൊടുത്ത ശേഷം നന്ദന അവനെ നോക്കി ചോദിച്ചു.
“ഇന്ന് കാലത്തെ ഇനി പോകുന്നില്ല…… വൈകുന്നേരം പോയിട്ട് പിന്നെ രണ്ടു ദിവസം കഴിഞ്ഞേ വരാൻ പറ്റാത്തൊള്ളൂ “
“അയ്യോ… അത് പറ്റില്ല……”
നന്ദന പെട്ടന്ന് ഉറക്കെ പറഞ്ഞതും ഭദ്രൻ അവളെ മുഖം ഉയർത്തി നോക്കി.
അതെന്താ….
“അത് പിന്നെ ഏട്ടാ… എനിക്ക് ഒറ്റയ്ക്കു, ഭദ്രേട്ടൻ ഇല്ലാണ്ട് പറ്റുല്ലന്നേ….. “
.
“എന്നാ “
“അല്ലാ….. അത്… ഏട്ടന് കാലത്തെ പോയിട്ട് വരാൻ മേലേ…. രണ്ടു ദിവസം ഒക്കെ എടുക്കുമെന്ന് പറഞ്ഞാല്….”
“ഞാൻ ഇങ്ങനെ ലോഡ് എടുക്കാൻ ഇടയ്ക്ക് എല്ലാം പോകുന്നത് ആണ് നന്ദനെ….. ഇത് ആണ് എന്റെ തൊഴിലും… ഇനി മുന്നോട്ടും അങ്ങനെ ഒക്കെ ആണ്…പറഞ്ഞത് നിനക്ക് മനസിലായി കാണുമല്ലോ അല്ലേ…”
കട്ടൻ ചായ കുടിച്ച ശേഷം ഗ്ലാസ് തിരികെ നന്ദനയുടെ കൈലേക്ക് തന്നെ കൊടുത്തു അവൻ..
എന്നിട്ട് പുറത്തേക്ക് ഇറങ്ങി പോയി.
അമ്മുവും മിന്നുവും സ്കൂളിൽ പോയ ശേഷം കുടുംബശ്രീ ടെ എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു രാധമ്മയും അടുത്തുള്ള കവല വരെ പോയി.
അമ്മയെ കൊണ്ട് ചെന്നു ആക്കിയ ശേഷം ഭദ്രൻ ആണെങ്കിൽ രണ്ട് കിലോ ചിക്കൻ ഒക്കെ മേടിച്ചു കൊണ്ട് വന്നു നന്ദനയെ ഏൽപ്പിച്ചു.
അവൻ നാളെ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞപ്പോൾ മുതൽ പെണ്ണിന്റെ മുഖത്തെ തെളിച്ചം എല്ലാം മാഞ്ഞു പ്പോയിരുന്നു.
ആകെ കൂടി കാർമേഘം കൊണ്ട് മൂടി കെട്ടിയ അവസ്ഥയിൽ ആണ്.
ചിക്കൻ കറിയ്ക്ക് വേണ്ടി ഉള്ള സവാള അരിഞ്ഞപ്പോൾ കണ്ണിൽ നിന്നും കുടു കുടെ വെള്ളം ചാടി വരികയാണ്…
ഉള്ളിലെ സങ്കടം കൂടി അപ്പോള് കണ്ണീരായി പുറത്തേയ്ക്ക് ഒഴുകുന്നുണ്ട്.
നന്ദേ……കുറച്ചു വെള്ളം എടുത്തേ…
ഭദ്രൻ വിളിച്ചു പറഞ്ഞതും അവള് ഒരു കപ്പില് കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവനു കൊടുത്തു.
കടന്നല് കുത്തിയോ നിന്നെ…
കൈയിലേക്ക് വെള്ളം മേടിച്ചു കൊണ്ട് ഭദ്രൻ, നന്ദനയെ നോക്കി ചോദിച്ചു.
അതിനു മറുപടി ആയി അവനെ ദഹിപ്പിക്കും പോലെ ഒന്ന് നോക്കിയ ശേഷം തിരികെ അടുക്കളയിലേക്ക് അവള് പോയി
ഹ്മ്മ്… മനസ്സിലാകുന്നുണ്ട് മോളെ…. ഏത് വരെ പോകും എന്നൊന്ന് അറിയാല്ലോ…
അവൾ പോയത് നോക്കി കൊണ്ട് ഭദ്രൻ ചിരിച്ചു.
രാധമ്മയും കൂടി വന്ന ശേഷം മൂവരും ഒരുമിച്ചു ഇരുന്ന് ഊണ് കഴിച്ചത്.
കപ്പളങ്ങ തോരൻ വെച്ചതും ചിക്കൻ കറിയും പപ്പടവും ആയിരുന്നു കറികൾ.
നല്ല കറി ആണല്ലോ മോളെ…. രുചിയുണ്ട് കേട്ടോ… അല്ലേടാ ഭദ്രാ.
മരുമകളു വെച്ച ചിക്കൻ കറി എടുത്തു നാവിലേക്ക് വെച്ച് കൊണ്ട് രാധമ്മ അവളെ പ്രശംസിച്ചു.
നന്ദന അവരെ നോക്കി വെറുതെ ഒന്ന് പുഞ്ചിരി തൂകി..
എപ്പോളാ മോനേ നിനക്ക് പോകണ്ടത്..
ആഹ് ഞാൻ ഇറങ്ങുവാമ്മേ… അച്ചായന്റെ അടുത്ത് ചെന്നു കുറച്ചു കണക്ക് ഒക്കെ നോക്കാൻ ഉണ്ട്..ഇനി രണ്ട് ദിവസം കഴിയാതെ വരാൻ ഒക്കില്ലല്ലോ.
അവനത് പറഞ്ഞു കൊണ്ട് നന്ദയെ നോക്കിയതും ആ മുഖം വാടിയിരുന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…