സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത
ഇന്നലെ തിരുവനന്തപുരത്ത് കനത്ത മഴ ലഭിച്ചിരുന്നു. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കും. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ ചാരുപ്പറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി. സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു.
ഡാന ചുഴലിക്കാറ്റ് ഇന്ന് കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 56 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും നേവിയും സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്.