Automobile
ഹാരിയറും സഫാരിയും പുത്തന്‍ പെട്രോള്‍ എഞ്ചിനുമായി വൈകാതെ എത്തും
മുംബൈ: ആ പരാതി കൂടി പരിഹരിക്കാന്‍ ഒരുങ്ങുകയാണ് ഹാരിയറിന്റെയും സഫാരിയുടെയും നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്. തങ്ങളുടെ ജനപ്രിയ എസ്യുവി മോഡലുകളായ ഹാരിയറിനും സഫാരിക്കും പെട്രോള്‍ വേരിയന്റുകള്‍ ഇല്ലെന്നത് കാലങ്ങാളായുള്ള പരാതിയാണ് എന്നാല്‍ അത് തീര്‍ത്തിട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചിരിക്കുകയാണ് ടാറ്റ.
ടാറ്റയുടെ ജനപ്രിയ കാറുകളായ ഈ രണ്ട് മുന്‍നിര മോഡലുകളും ഡീസല്‍ എഞ്ചിനുകളോടെ മാത്രമാണ് ലഭ്യമാകുന്നത്. പെട്രോള്‍ എഞ്ചിന് ആരാധകര്‍ക്കായി ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും പുതിയ പതിപ്പുകള്‍ വൈകാതെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും മാസങ്ങള്‍ക്കകം തന്നെ ഈ മോഡലുകള്‍ നിരത്തുകളിലെത്തും. പെട്രോള്‍ എഞ്ചിന്റെ കരുത്തില്‍ വില്‍പ്പന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ടാറ്റ കച്ചമുറുക്കുന്നത്.
- കൃത്യമായ ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മിക്കവാറും ഹാരിയര്‍ പെട്രോള്‍ വേരിയന്റ് അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പനയിലുള്ള ഡീസല്‍ മോഡലിന് സമാനായ ഇന്റീരിയറും എക്സ്റ്റീരിയറുമായിട്ടായിരിക്കും പുറത്തിറങ്ങുക. ടാറ്റ ഹാരിയറിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസൈന്‍ തന്നെയാണ്. കരുത്തന് എസ്യുവിയാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്ന ബള്‍ക്കി ഡിസൈനാണ് വാഹനത്തിലുള്ളത്. ഈ വാഹനത്തിന്റെ പെട്രോള്‍ മോഡല്‍ വിപണിയിലെത്തിയാല്‍ മത്സരിക്കുന്നത് ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, സ്കോഡ കുഷാഖ്, ഫോക്സ്വാഗണ് ടൈഗൂണ്‍ എന്നീ മോഡലുകളുമായിട്ടായിരിക്കും. അതിനാല്‍തന്നെ ഇവരെല്ലാം കടുത്ത മത്സരം ടാറ്റയില്‍നിന്ന് പ്രതീക്ഷിക്കേണ്ടിവരും.