National

ഭാര്യയെ കൊന്ന കുറ്റത്തിന് ജയില്‍വാസം; മരിച്ച ഭാര്യ പുതിയ ഭര്‍ത്താവിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ ട്വിസ്റ്റ്

പാറ്റ്‌ന: ഭാര്യയെ കൊന്നെന്ന കുറ്റം ചുമത്തി ഭര്‍ത്താവിനെ കോടതി നാലു വര്‍ഷം ശിക്ഷിച്ച സംഭവത്തില്‍ അപ്രതീക്ഷിതമായ ട്വിസ്റ്റ്. ഭര്‍ത്താവ് കൊലപ്പെടുത്തി എന്ന് കരുതിയ ഭാര്യ പുതിയ ഭര്‍ത്താവിനോടൊപ്പം പ്രത്യക്ഷപെട്ടതോടെ, സിനിമാ കഥകളെപ്പോലും വെല്ലുന്നതായി കഥയിലെ ട്വിസ്റ്റ്.

ബീഹാറിലെ ആരയിലാണ് കൗതുകം ജനിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യ മരിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ ജയില്‍ ശിക്ഷ അനുഭവിച്ചുവന്ന ഭര്‍ത്താവിന് മോചനവും കിട്ടി. ഭര്‍ത്താവില്‍ നിന്ന് ഗാര്‍ഹിക പീഡനം നേരിട്ട ധരംഷീലാ ദേവിയെന്ന യുവതി, മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ സ്വന്തം വീട്ടിലെത്തി കുറച്ച് കാലത്തിനു ശേഷം തന്നെ അവരുടെ അമ്മ മരണപെട്ടതോടെ അച്ഛന്റെ യുവതിയോടുള്ള സമീപനം മോശമായി. ഇതിനെ തുടര്‍ന്ന് യുവതി വിഷാദ രോഗിയായി മാറുകയായിരുന്നു.

വീട്ടിലെ ഏകാന്തതയും പീഡനങ്ങളും അസഹ്യമായതോടെ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും പാളത്തില്‍ അവരെ കണ്ടെത്തിയ വ്യക്തി രക്ഷിക്കുകയും തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. അധികം വൈകാതെ ഇരുവരും സമീപത്തെ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്‌തെങ്കിലും ആദ്യ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കോ, യുവതിയുടെ വീട്ടുകാര്‍ക്കോ ഇവരെക്കുറിച്ച് കാര്യമായ വിവരമുണ്ടായിരുന്നില്ല.

മകള്‍ മരിച്ചെന്ന് വിശ്വസിച്ച പിതാവ് ആദ്യ ഭര്‍ത്താവ് ദീപക്കിനും മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കൊലപാതകകുറ്റം ആരോപിച്ച് പരാതി നല്‍കിയതോടെയാണ് ഭര്‍ത്താവ് അഴിയെണ്ണിയത്. 2020 ഒക്ടോബര്‍ 31ന് സോന്‍ നദിക്ക് സമീപം അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തി. പിന്നാലെയായിരുന്നു കൊലക്കുറ്റത്തിന് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നാല് വര്‍ഷത്തിനുശേഷം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ മിര്‍ഗഞ്ച് മൊഹല്ലയില്‍ ധരംഷീലയെ പൊലീസ് ജീവനോടെ കണ്ടെത്തിയത് വഴിത്തിരിവായി. പിതാവ് തെറ്റായ പരാതിയാണ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസിന് മൊഴി നല്‍കി. മറ്റൊരു സ്ത്രീയുടെ ശരീരം തന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ ആദ്യ ഭര്‍ത്താവിനെ കുടുക്കുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.

Related Articles

Back to top button