മാധ്യമ സ്വാതന്ത്ര്യം എന്തും പറയാനുള്ള ലൈസന്‍സല്ലെന്ന് യുകെ കോടതി
ലണ്ടന്‍: മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ ആവില്ലെന്നും മാധ്യമ സ്വാതന്ത്ര്യം എന്നത് എന്തിനുമുളള ലൈസന്‍സ് അല്ലെന്നും യുകെ കോടതി. 2017-ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ മാദ്ധ്യമപ്രവര്‍ത്തകനെതിരെ നല്‍കിയ ഹര്‍ജിയിലാണ് യുകെ കോടതിയുടെ സുപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘടിപ്പിച്ചതാണ് ബോംബ് സ്‌ഫോടനമെന്ന് അവകാശപ്പെട്ട പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഹാളിനെതിരെ കേസ് എടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹാളിന്റെ പെരുമാറ്റം പീഡനത്തിന് തുല്യമാണെന്നാണ് ജഡ്ജി കാരെന്‍ സ്റ്റെയ്ന്‍ വ്യക്തമാക്കിയത്. 22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട രണ്ടുപേരായിരുന്നു ഹാളിനെതിരെ കോടതിയെ സമീപിച്ചത്.
സ്‌ഫോടനത്തില്‍ മാര്‍ട്ടിന്‍ ഹിബ്ബര്‍ട്ട്, മകള്‍ ഈവ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഹിബ്ബര്‍ട്ടിന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നുപോവുകയും 14 വയസ്സുള്ള മകള്‍ ഈവിന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചെയ്തിരുന്നു. ബോംബ് സ്‌ഫോടനം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഘടിപ്പിച്ചതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ഹാളിന്റെ കോടതിയിലെ വാദം. 2019ല്‍ ഇയാള്‍ മാഞ്ചസ്റ്റര്‍ അരീന ബോംബാക്രമണത്തെക്കുറിച്ചുള്ള പുസ്തകവും വീഡിയോകളും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
വീഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെ അനുമതിയില്ലാതെ അതിജീവിതരുടെ വീടിനു മുന്നിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മാര്‍ട്ടിന്‍ ഹിബ്ബര്‍ട്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാള്‍ മാധ്യമസ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി കോടതി വ്യക്തമാക്കി. ഹാളിനെതിരായുള്ള ശിക്ഷ അടുത്ത ഹിയറിങ്ങില്‍ പ്രഖ്യാപിക്കുമെന്നും ജഡ്ജി വെളിപ്പെടുത്തി. ഏഴ് വര്‍ഷം മുമ്പാണ് അരിയാന ഗ്രാന്‍ഡെയിലെ സംഗീത പരിപാടിക്കിടയില്‍ ബോംബ് സ്‌ഫോടനം ഉണ്ടായത്.