ക്യാപ്റ്റന്‍സിയില്‍ സീറോ; ബാറ്റിംഗില്‍ ഡക്ക്; ക്യാച്ച് എടുക്കാന്‍ പോലും അറിയില്ലേ…? രോഹിത്തിനെതിരെ രൂക്ഷ വിമര്‍ശം
ടെസ്റ്റ് പരാജയത്തിന് പിന്നില്‍ രോഹിത്തെന്ന്
പുണെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ന്യൂസിലാന്‍ഡിനോട് തോറ്റ് 13 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ ടീമിനെ തോല്‍വിയിലേക്ക് നയിച്ചതില്‍ നായകന് രോഹിത്ത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശം. രണ്ടാമിന്നിങ്സിലെ 55ാം ഓവറിലായിരുന്നു രോഹിത് ശര്‍മ വളരെ അനായാസം പിടിക്കാമായിരുന്ന ക്യാച്ച് കൈവിട്ടത്. ഈ ഓവര്‍ ആരംഭിക്കുമ്പോള്‍ കിവികള്‍ അഞ്ചു വിക്കറ്റിനു 199 റണ്‍സെന്ന നിലയിലായിരുന്നു. 30 റണ്‍സോടെ ടോം ബ്ലെണ്ടലും 10 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സുമായിരുന്നു ക്രീസില്‍. ആദ്യ ബോള്‍ നേരിട്ട ഫിലിപ്സിനു റണ്ണൊന്നുമെടുക്കാനായില്ല. അടുത്ത ബോള്‍ പ്രതിരോധിക്കാനാണ് താരം ശ്രമിച്ചത്. പക്ഷെ പിച്ച് ചെയ്ത് ടേണായ ബോള്‍ ഫിലിപ്സിന്റെ ബാറ്റില്‍ എഡ്ജായി പിറകിലേക്ക്. സ്ലിപ്പിലുണ്ടായിരുന്നത് രോഹിത് ശര്‍മ മാത്രമായിരുന്നു. എഡ്ജായ ബോള്‍ അദ്ദേഹത്തിന്റെ നേരെയാണ് വന്നത്. പക്ഷെ അതു ക്യാച്ച് ചെയ്യാന്‍ ശ്രമിക്കാതെ രോഹിത് നോക്കി നിന്നു. ഇതോടെ റിഷഭ് പന്തിനും രോഹിത്തിനുമിടയിലൂടെ ബോള്‍ നേരെ ബൗണ്ടറിയിലേക്കും പാഞ്ഞു. ഇതു കണ്ട ആര് അശ്വിന് വളരെയധികം നിരാശനായണ് കാണപ്പെട്ടത്. കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് രോഹിത്തിന്റെ പിഴവിനെ തുടര്‍ന്നു അശ്വിനും ഇന്ത്യക്കും നഷ്ടമായത്. രോഹിത് ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഫിലിപ്സ് വെറും 10 റണ്‍സിനു പുറത്താവുമായിരുന്നു. ഫിലിപ്സ് മികച്ച പ്രകടനം പിന്നീട് കാഴ്ചവെക്കുകയും ന്യൂസിലാന്‍ഡിന്റെ സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. 48 റണ്‍സുമായി ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോററായി ഫിലിപ്പ്സ് മാറുകയും ചെയ്തു.
ഇതോടെ വ്യാപക വിമര്‍ശവും പരിഹാസവുമാണ് രോഹിത്തിനെതിരെ ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിക്കുന്നത്.
രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനു വലിയ ബാധ്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ബാറ്റിങറിയില്ല, ക്യാപ്റ്റന്‍സിയും ദയനീയം, ക്യാച്ചിങിലും ദുരന്തമാണ്. ഇങ്ങനെയൊരാള്‍ ടീമില്‍ പോലും സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. രോഹിത് ശര്‍മ ഇപ്പോള്‍ ഫീല്‍ഡിങില്‍ വളരെയധികം അലസനായാണ് കാണപ്പെടുന്നത്. പ്രത്യേകിച്ചും ഈ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഫീല്‍ഡിങ് വളരെ മോശമായിരുന്നു. പ്രായവും ഫിറ്റ്നസുമെല്ലാം രോഹിത്തിന്റെ ഫീല്‍ഡിങിനെയും ബാധിച്ചിട്ടുണ്ട്. ഈ തരത്തില്‍ ഫീല്‍ഡിങില്‍ ദൗര്‍ബല്യമുള്ളവര്‍ സ്ലിപ്പ് പോലെയുള്ള നിര്‍ണായക പൊസിഷനുകളില്‍ ഫീല്‍ഡ് ചെയ്യരുതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.