വയര്‍ കുറയ്ക്കാന്‍ ജീരകം, കുരുമുളക്, കറുവാപ്പട്ട, മഞ്ഞള്‍ മിക്സ്
എന്തും വന്ന വേഗത്തില്‍ പോകില്ലെന്ന് പറയാറില്ലെ അതിന് ഉത്തമ ഉദാഹരണമാണ് നമുക്കെല്ലാം ജീവിതത്തിനൊപ്പം കിട്ടുന്ന കുടവയര്‍. തടിയേക്കാള്‍ ചാടുന്ന വയറാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. കൊഴുപ്പ് വന്നടിയുന്നതിനാലാണ് വയര്‍ ചാടുന്നത്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അപകടകാരിയുമാണെന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുന്നു.
ശരീരത്തിലെ ആന്തരികാവയവങ്ങളെ വരെ അപകടത്തിലാക്കുന്ന കൊഴുപ്പായ വിസറല്‍ ഫാറ്റാണിത്. പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ വയറ്റിലെ കൊഴുപ്പ് കളയേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ, വ്യായാമ നിയന്ത്രണവും ഒപ്പം ജീവിതശൈലികളിലെ ചിട്ടയുമെല്ലാം ഇതിന് ഏറെ പ്രധാനമാണ്. ഇതിനൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് നല്ല ഫലം ചെയ്യാറുണ്ട്.
ചെറിയജീരകം, കുരുമുളക്, കറുവാപ്പട്ട, മഞ്ഞള്‍പ്പൊടി എന്നിവയാണ് വയറ് കുറയ്ക്കാനുള്ള ജീരകപ്പൊടി മിശ്രിതം തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍. ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ളതെന്ന് പൊതുവേ തെളിയിക്കപ്പെട്ട ഒരു ഭക്ഷ്യവസ്തുവാണ് ചെറിയജീരകം. ശരീര ഭാരം കുറയ്ക്കാന്‍ അത്യുത്തമവുമാണിത്. ഇത് ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി എരിച്ചു കളയുവാനും സഹായിക്കുന്നു. ഉപാപചയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായാണ് ജീരകം ഗണിക്കപ്പെടുന്നത്.
ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തം ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ തുടങ്ങിയ സങ്കീര്‍ണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയ സുഗമമാക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ഇത് നല്ല പരിഹാരമാണ്. നല്ല ശോധനയ്ക്കും ജീരകം നല്ലതാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുമെന്നതും മേന്മയാണ്.
ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വീതം ജീരകപ്പൊടിയും കറുവാപ്പട്ട പൊടിയും അര ടേബിള്‍സ്പൂണ്‍ വീതം കുരുമുളക് പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിന് ശേഷം ഒരു ടേബില്‍ സ്പൂണ്‍ വീതം ഇളംചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കുടിച്ചാല്‍ കുടവയറിന് ആശ്വാസമാവും.