Automobile

പ്രാഡോയ്ക്ക് ഒപ്പം നിസാന്‍ പട്രോളിനും ഇന്ത്യയിലേക്ക് പച്ചക്കൊടി വീശി നിസാന്‍

ന്യൂഡല്‍ഹി: ലോകം മുഴുവനുമുള്ള കാര്‍ പ്രേമികളുടെ ഇഷ്ടവാഹനമായ നിസാന്‍ പട്രോള്‍ ഇന്ത്യയിലേക്കു വരുന്നു. പ്രാഡോയ്‌ക്കൊപ്പം നിസാന്‍ പട്രോളിനെയും ഇന്ത്യയിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. സണ്ണി, മൈക്രാ, ടെറാനോ പോലുള്ള ചില മോഡലുകള്‍ ഹിറ്റായിട്ടുണ്ടെങ്കിലും പിന്നീട് ജാപ്പനീസ് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ദുരന്തകഥക്ക് അവസാനം കുറിച്ചത് കോംപാക്ട് എസ്യുവിയായ മാഗ്നൈറ്റ് ആയിരുന്നു.

നാല് കൊല്ലക്കാലം തനിച്ച് നിന്ന് പോരാടിയിടത്തേക്ക് X ട്രെയില്‍ എന്ന വമ്പനേയും കൊണ്ടുവന്ന് നിസാന്‍ ചില സന്ദേശം എതിരാളികള്‍ക്ക് നല്‍കിയിരുന്നു. നിസാന്റെ ഫാക്ടറിയില്‍ നിര്‍മിക്കപ്പെട്ട എക്കാലത്തേയും പകരംവെക്കാനില്ലാത്ത വണ്ടിയാണ് നിസാന്‍ പട്രോള്‍. പല വിദേശ രാജ്യങ്ങളും നിസാന്റെ കാറുകള്‍ അടക്കിവാഴുന്നുണ്ടെങ്കിലും ഇന്ത്യയില്‍ കമ്പനി ക്ലച്ച് പിടിക്കാതെ പോകുകയായിരുന്നു. ആ ചീത്തപ്പേര് മാറ്റാനാവണം പ്രാഡോയെയും പട്രോളിനെയും ഇന്ത്യയിലേക്ക് അയക്കുന്നത്.

മാഗ്നൈറ്റിന് മുമ്പ് 2020ല്‍ പട്രോളിനെ ഇന്ത്യയിലേക്കു എത്തിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ആദ്യം കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി പുറത്തിറക്കിയ ട്രെയിലിനേക്കാള്‍ മുകളിലായിരിക്കും പട്രോളിന്റെ സ്ഥാനം. അടുത്തിടെ പുതുതായി അവതരിപ്പിച്ച പട്രോളിന്റെ ഏറ്റവും പുതിയ മോഡലാവും നമ്മുടെ രാജ്യത്തേക്കും വരിക.

പുത്തന്‍ പ്ലാറ്റ്ഫോം, കിടുക്കന്‍ സ്‌റ്റൈലിംഗ്, ഉഗ്രന്‍ ഇന്റീരിയര്‍ എന്നിവ ഉപയോഗിച്ചാണ് പട്രോളിന് നിസാന്‍ തലമുറ മാറ്റം സമ്മാനിച്ചിരിക്കുന്നത്. പിന്‍ യാത്രക്കാര്‍ക്കായി ഡ്യുവല്‍ 12.8 ഇഞ്ച് സ്‌ക്രീന്‍ സജ്ജീകരണം, ജെസ്റ്റര്‍ കണ്‍ട്രോളോടുകൂടിയ 14.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12-സ്പീക്കര്‍ Klipsch പ്രീമിയം സൗണ്ട് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ, 360ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ പോലുള്ള കാര്യങ്ങളെല്ലാം വാഹനത്തിലുണ്ടാവും. ആഗോള വിപണിയില്‍ എസ്യുവിക്ക് 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇന്ത്യയിലെത്തുമ്പോള്‍ വില എങ്ങനെയായിരിക്കുമെന്ന കാര്യമാണ് ഏവരും ഉറ്റനോക്കുന്നത്. ട്രെയില്‍ പോലെ വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഒരു കോടിയിലധികം വില കൊടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം. എന്തായാലും വിലയുടെ കാര്യത്തില്‍ കമ്പനിയില്‍നിന്നും അപ്‌ഡേറ്റൊന്നും ഇതുവരേയും വന്നിട്ടില്ല.

Related Articles

Back to top button