മുംബൈ: സാധാരണക്കാരുടെ അയലത്ത് നിന്ന് സ്വര്‍ണം പടിയിറങ്ങിക്കൊണ്ടിരിക്കെ രാജ്യത്ത് വാങ്ങലുകാരുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന് പഠനം. അന്താരാഷ്ട്ര സാഹചര്യങ്ങളെ തുടര്‍ന്ന് സ്വര്‍ണ വില 60,000ലേക്ക് അടുക്കുമ്പോള്‍ സ്വര്‍ണ പ്രിയരായ സാധാരണക്കാര്‍ തങ്ങളുടെ ആ പ്രിയം മാറ്റി നിര്‍ത്തുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആളില്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുവെന്നതിന്റെ സൂചന കൂടിയാണിതെന്ന് വിപണി വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഉത്സവ സീസണില്‍ വിറ്റുപോയ സ്വര്‍ണത്തിന്റെ അളവ് എടുക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ ഇടിവാണ് നേരിട്ടിരിക്കുന്നത്.
അതേസമയം, വില്‍പ്പനയുടെ അളവില്‍ ഇടിവുണ്ടായെങ്കിലും വില്‍പ്പനമൂല്യം ഉയര്‍ന്നിട്ടുണ്ട്. ദീപാവലിക്ക് മുന്നോടിയായുള്ള ‘ധന്‍തേരാസ്’ സമയത്ത്. ഉത്തരന്ത്യയിലും കര്‍ണാടക പോലുള്ള സ്ഥലങ്ങളിലും ‘ധന്‍തേരാസ്’ കാലയളവില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വസം.
എന്നാല്‍ ഇത്തവണ ആളുകള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവ് കുറച്ചുവെന്നാണ് ജ്വല്ലറി ഉടമകളും പറയുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രാജ്യത്ത് സ്വര്‍ണവില്‍പ്പനയുടെ മൂല്യം 20 ശതമാനത്തോളമാണ് ഉയര്‍ന്നത്. തൂക്കത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 42 ടണ്‍ സ്വര്‍ണമായിരുന്നു ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഇത്തവണ അത് 35-36 ടണ്ണിലേക്ക് കുറഞ്ഞു. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവ്. എന്നാല്‍ ഒരു വര്‍ഷത്തിനിടയില്‍ 30 ശതമാനമാണ് വിലയിലുണ്ടായ വര്‍ധനവ്.