Novel

വരും ജന്മം നിനക്കായ്: ഭാഗം 23

രചന: ശിവ എസ് നായർ

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ശിവപ്രസാദിന്റെ സാമീപ്യവും പെരുമാറ്റവും ഗായത്രിയിൽ സംശയങ്ങൾ സൃഷ്ടിച്ചു. അവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ അവൻ വളരെ സ്വാഭാവികമായി തന്നെ ഇടപഴകി.

ഹോസ്പിറ്റലിൽ എല്ലാ ആവശ്യത്തിനും അവൻ മുന്നിലുണ്ടായിരുന്നു. ഗായത്രിയെ കൊണ്ടോ അവളുടെ അമ്മയോ കൊണ്ടോ ഒന്നും ചെയ്യാൻ പ്രസാദ് അനുവദിച്ചില്ല.

ഓപ്പറേഷൻ കഴിഞ്ഞ് രണ്ട് ദിവസം കൂടി വേണു മാഷിനെ ഐ സി യുവിൽ കിടത്തിയ ശേഷം റൂമിലേക്ക് മാറ്റി.

മൂന്നാല് ദിവസമായി ഉറക്കം പോലുമില്ലാതെയുള്ള ഓട്ടപാച്ചിൽ ശിവപ്രസാദിനെ ക്ഷീണിതനാക്കി. അവന്റെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നത് ഗായത്രി ശ്രദ്ധിച്ചു.

ദിവസവും സുമിത്രയെയും കൂട്ടി ശിവപ്രസാദ് വീട്ടിലേക്ക് പോകും. കഴുകാനുള്ള തുണികളൊക്കെ അലക്കി വിരിച്ച ശേഷം ഭക്ഷണവും ഉണ്ടാക്കി മടങ്ങി വന്ന് കഴിഞ്ഞാൽ അവൻ ഗായത്രിയെയും കൊണ്ട് വീട്ടിലേക്ക് പോയി വരും. വീട്ടിൽ വന്ന് കുളിച്ച് വേഷം മാറി ശിവപ്രസാദും ഒന്ന് ഫ്രഷായി കഴിയുമ്പോൾ ഇരുവരും തിരിച്ചു പോകും.

കുറച്ചു ദിവസമായിട്ട് ഇങ്ങനെയാണ്.

വീട്ടിൽ വച്ച്, അവര് രണ്ടാളും തനിച്ചായ നിമിഷങ്ങളിലൊന്നും ഗായത്രി പേടിച്ചത് പോലെ അവന്റെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റമോ ഒരു വഷളൻ നോട്ടമോ ഉണ്ടായിട്ടില്ല. അതവൾക്ക് ഒരു ആശ്വാസം തന്നെയായിരുന്നു. ഒപ്പം ചെറിയൊരു മനസ്സലിവും ശിവയോട് തോന്നി.

“അച്ഛനെ നാളെ ഡിസ്ചാർജ് ചെയ്യുമെന്നല്ലേ പറഞ്ഞത്. ശിവേട്ടൻ ഇന്നെങ്കിലും വീട്ടിൽ പോയി നന്നായി ഒന്ന് ഉറങ്ങ്. മുഖത്ത് നല്ല ക്ഷീണം കാണാനുണ്ട്.” ഗായത്രിയെ തിരികെ ഹോസ്പിറ്റലിൽ കൊണ്ട് വിടുമ്പോ അവളവനോട് പറഞ്ഞു.

“അതൊന്നും സാരമില്ല… നാളെ ഒരു ദിവസത്തെ കാര്യമല്ലേ. ഇന്ന് കൂടി ഇങ്ങനെ പോട്ടെ. നിങ്ങളെ രണ്ട് സ്ത്രീകളെ തനിച്ചു വിട്ടിട്ട് പോകാൻ മനസ്സ് വരുന്നില്ല.”

“അതേ… സ്ത്രീകൾ ആണെന്ന് കരുതി ഞാൻ ദുർബലയൊന്നുമല്ല. ശിവേട്ടൻ കൂടെ ഇല്ലായിരുന്നെങ്കിലും എനിക്കൊറ്റയ്ക്ക് അച്ഛന്റെ കാര്യങ്ങൾ മാനേജ് ചെയ്യാൻ പറ്റും. അതുകൊണ്ട് ഇങ്ങനെയുള്ള പേടിയൊന്നും വേണ്ട.”

“താനെന്താ ഗായത്രി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഞാൻ മറ്റൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.”

“ശിവേട്ടൻ ചെയ്ത് തന്ന സഹായങ്ങളെ വില കുറച്ച് കണ്ടതല്ല ഞാൻ. ഇപ്പോ തന്നെ നിങ്ങളൊരുപാട് ക്ഷീണിച്ചിട്ടുണ്ട്. ഇന്ന് പോയി നന്നായൊന്ന് ഉറങ്ങി റസ്റ്റ്‌ എടുത്ത ശേഷം നാളെ വന്നാൽ മതി. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം. ഇത്രയേ ഞാൻ വിചാരിച്ചുള്ളൂ.” ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവനും ഒന്ന് പുഞ്ചിരിച്ചു.

“ഞാൻ പോണമെന്ന് തനിക്കത്ര നിർബന്ധമാണെങ്കിൽ പോയേക്കാം.”

“നിർബന്ധമുണ്ട്… ഞാൻ നാളെ വിളിക്കുമ്പോ വന്നാൽ മതി.”

“എന്നാ ശരി… അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് ഞാൻ പൊയ്ക്കോളാം.” വിഷാദത്തോടെ പറഞ്ഞിട്ട് അവൻ റൂമിലേക്ക് നടന്നു.

‘ഇവളുടെ മനസ്സിൽ കേറി പറ്റാൻ ഞാൻ കുറച്ചു വിയർക്കുമെന്നാ തോന്നുന്നേ. വല്ലാത്തൊരു മനക്കട്ടി തന്നെ പെണ്ണിന്.” ശിവപ്രസാദ് മനസ്സിൽ ചിന്തിച്ചു.

വേണു മാഷിനോടും സുമിത്രയോടും നാളെ രാവിലെ വരാമെന്ന് പറഞ്ഞതിന് ശേഷം അവൻ അവിടുന്നിറങ്ങി.

🍁🍁🍁🍁🍁

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ശിവപ്രസാദ് ഗായത്രിയെ മെരുക്കാനുള്ള പദ്ധതികൾ ആലോചിക്കുകയായിരുന്നു.

ഇലക്ട്രോണിക്സ് ഐറ്റങ്ങൾ വിൽക്കുന്നൊരു കടയ്ക്ക് മുൻപിൽ വണ്ടി നിർത്തി അവൻ തനിക്ക് വേണ്ട കുറച്ചു സാധനങ്ങൾ വാങ്ങിച്ചു.

കാർ പോർച്ചിൽ വണ്ടി നിർത്തുമ്പോൾ ഊർമിള മകനെയും കാത്തെന്ന പോലെ പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. താൻ വരുന്ന കാര്യം അവൻ വിളിച്ചു പറഞ്ഞിരുന്നു.

“അവൾക്ക് നിന്നോട് സ്നേഹം തോന്നി തുടങ്ങിയോടാ.” വന്നപാടെ അവർക്ക് അറിയേണ്ടത് അതായിരുന്നു.

“എന്റമ്മേ… ഇതൊരു നടയ്ക്ക് പോകുമെന്ന് തോന്നുന്നില്ല. അവളുടെ മനസ്സ് നല്ല സ്ട്രോങ്ങ്‌ ആണ്. ഞാൻ നല്ലോണം കഷ്ടപ്പെടും.” തളർച്ചയോടെ ശിവപ്രസാദ് സോഫയിൽ ഇരുന്നു.

“എനിക്കപ്പഴേ തോന്നി… നീയീ കിടന്ന് ഓടുന്നതൊക്കെ വെറുതെ ആവുമെന്ന്. സാരമില്ല അവൾക്ക് മാറ്റം വന്നോളും. പെണ്ണിന്റെ മനസ്സല്ലേ… എപ്പഴാ ചാഞ്ചാട്ടം വരുന്നതെന്ന് പറയാൻ പറ്റില്ല.”

“അമ്മ വിചാരിക്കുന്ന പോലെ അത്ര മനസ്സുറപ്പില്ലാത്തൊരു പീറ പെണ്ണൊന്നുമല്ല അവള്. ഗായത്രിക്കിപ്പോ ഇടം വലം നോക്കാനില്ല. ആരോടും എന്തും പറയാനുള്ള ചങ്കൂറ്റവും ഉണ്ട്. അവളുടെ വീട്ടുകാർക്ക് പോലും അവളെ പേടിയാണ്.”

“എന്തായാലും ക്ഷീണിച്ചു വന്നതല്ലേ നീ. കുളിച്ചു വന്ന് വല്ലതും കഴിക്ക്.”

“ഞാൻ ഗായത്രിയുടെ വീട്ടിൽ പോയപ്പോ കുളിച്ചതാ.”

“എങ്കിൽ ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം. കൈ കഴുകിയിട്ട് വന്നിരുന്ന് കഴിക്ക് നീ.” ഊർമിള അടുക്കളയിലേക്ക് പോയി.

“അമ്മ എല്ലാം എടുത്ത് വയ്ക്ക്… ഞാൻ ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്റി വരാം.” ചുണ്ടിലൂറിയ ചിരിയോടെ അവൻ മുറിയിലേക്ക് നടന്നു.

റൂമിൽ എത്തിയതും വാതിൽ അടച്ച് കുറ്റിയിട്ടിട്ട് അവൻ കടയിൽ നിന്നും വാങ്ങിയ സാധനങ്ങൾ ബാഗിൽ നിന്നും കുടഞ്ഞിട്ടു.

കുറെ സ്പൈ ക്യാമറകളായിരുന്നു അവൻ വാങ്ങിയത്. യൂസർ മാന്വൽ നോക്കി എല്ലാം കൃത്യമായി ശിവപ്രസാദ് അസ്സമ്പിൾ ചെയ്തു. പിന്നെ ഓരോ ക്യാമറകളായി അവൻ പലയിടത്ത് ഒളിപ്പിച്ചു.

ബാത്‌റൂമിൽ രണ്ടെണ്ണം രണ്ട് ആങ്കിളിൽ ആയിട്ട്… പിന്നെ മൂന്നെണ്ണം ബെഡ്‌റൂമിൽ മൂന്ന് ഭാഗത്തായിട്ട്. പിന്നെ ഒരെണ്ണം മുകളിൽ സീലിംഗ് ഫാനിൽ. മനസ്സിൽ വിചാരിച്ച പോലെ എല്ലാം ഭംഗിയായി ചെയ്യാൻ കഴിഞ്ഞതിൽ അവന് അഭിമാനം തോന്നി.

“നീയൊന്ന് ഇങ്ങോട്ട് വന്നിട്ട് വേണം എനിക്ക് മനസ്സറിഞ്ഞൊന്ന് അർമാദിക്കാൻ.” ഉന്മാദത്തോടെ പുലമ്പി കൊണ്ട് അവൻ ബെഡിലേക്ക് വീണു.

🍁🍁🍁🍁

“നീയെന്തിനാ ഇങ്ങോട്ട് വന്നത്? അച്ഛനും അമ്മയ്ക്കും നിന്നെ കാണുന്നത് ഇഷ്ടമല്ലെന്ന് അറിയില്ലേ. വെറുതെ അച്ഛന്റെ പ്രഷർ കൂട്ടാതെ പോവാൻ നോക്ക്. വിഷ്ണു… ഇവളെ എന്തിനാ ഇവിടേക്ക് കൊണ്ട് വന്നത്?” അച്ഛനെ കാണാൻ വന്ന ഗൗരിയെ തടഞ്ഞു വച്ച് ഗായത്രി ചോദിച്ചു.

“ഞാൻ ഇങ്ങോട്ട് വരുന്നതറിഞ്ഞു കൂടെ ചാടിക്കേറി വന്നതാ ഏട്ടത്തി. ഞാൻ വരണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല.” വിഷ്ണു പറഞ്ഞു.

“അച്ഛനെ ഒന്ന് കണ്ടിട്ട് ഞാൻ പൊയ്ക്കോളാം ചേച്ചി. ചെയ്ത് പോയ തെറ്റിന് അച്ഛന്റേം അമ്മേടേം കാല് പിടിച്ചു എനിക്ക് മാപ്പ് പറയണം.”

“വേണ്ട… ആരും ഇനി മാപ്പും കോപ്പും പറഞ്ഞ് ഈ പടി ചവുട്ടരുത്. നീ വന്നാൽ വീട്ടിൽ കയറ്റി പോകരുതെന്ന് വേണുവേട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.” ഗൗരിയുടെ ശബ്ദം കേട്ട് സുമിത്ര അങ്ങോട്ടേക്ക് വന്നു.

“അങ്ങനെ പറയല്ലേ അമ്മേ…” ഗൗരി കരഞ്ഞുകൊണ്ട് അവരെ കാൽക്കൽ വീണു.

“വിഷ്ണൂ… നീ ഇവളേം വിളിച്ചോണ്ട് പോകാൻ നോക്ക്. അല്ലെങ്കിൽ ഞാനിവളെ ഇവിടുന്ന് അടിച്ചിറക്കും. ഒരു ഗർഭിണിയോട് അങ്ങനെ ചെയ്യണ്ടല്ലോ എന്ന് കരുതിയ അടിക്കാൻ കൈ തരിച്ചിട്ടും ക്ഷമിച്ചു നിൽക്കുന്നത്.” സുമിത്ര ദേഷ്യത്തോടെ ഗൗരിയെ നോക്കി.

“ഗൗരീ… നീ പോയി കാറിൽ ഇരിക്ക്. അച്ഛനെ ഞാൻ പോയി കണ്ടിട്ട് വന്നോളാം. നിന്നെ അച്ഛന് കാണാൻ ഇഷ്ടമില്ലാത്ത സ്ഥിതിക്ക് അങ്ങോട്ട്‌ വലിഞ്ഞു കയറി പോകേണ്ട ആവശ്യമില്ല.” വിഷ്ണു ശാസനയോടെ പറഞ്ഞതും ഗൗരി പൊട്ടിക്കരഞ്ഞു കൊണ്ട് ഓടിപ്പോയി.

“എന്താ ഗൗരി ഇത്… വയറ്റിൽ ഒരു കുഞ്ഞുള്ളപ്പോ ഇങ്ങനെ മനസ്സ് വിഷമിപ്പിക്കാൻ പാടില്ല. നിന്റെ ചേച്ചി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ അച്ഛന്റേം അമ്മേടേം ഈ ദേഷ്യമൊക്കെ മാറും.” ശിവപ്രസാദ് അലിവോടെ പറഞ്ഞു.

“ഒരു തെറ്റ് പറ്റിപോയതിന് ഇത്രയൊക്കെ വഴക്ക് പറയണോ ഏട്ടാ. ഞാനവരുടെ മോളല്ലേ. എന്നോട് അവരല്ലാതെ ആരാ ക്ഷമിക്ക. എനിക്ക് സഹിക്കുന്നില്ല ഏട്ടാ… പഴയപോലെ അച്ഛന്റേം അമ്മേടേം മോളായി ഇരുന്ന മതിയെന്ന് തോന്നാ.” വിങ്ങിപ്പൊട്ടി കൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.

“ഒക്കെ ശരിയാവും മോളെ… അച്ഛനൊന്ന് സുഖമായ ശേഷം നിന്റെ കാര്യം ഞാൻ അവരോട് സംസാരിക്കുന്നുണ്ട്. ഇപ്പോ ഈ കണ്ണൊക്കെ തുടച്ചിട്ട് കാറിൽ പോയി ഇരിക്ക്. തിരിച്ചു പോകുന്ന വഴിക്ക് നിനക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ വാങ്ങിത്തരാം.” ശിവപ്രസാദ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ഇതോടെ അച്ഛന്റേം അമ്മേടേം വെറുപ്പ് മാറ്റിയെടുത്തു വീട്ടിൽ തന്നെ കുറച്ചു ദിവസം നിൽക്കാമെന്നൊക്കെ ഓർത്ത് കൊതിയോടെ ഓടി വന്നതാണ് ഗൗരി. പക്ഷേ അവർക്ക് തന്നോടുള്ള വെറുപ്പ് ഒരു കണിക പോലും കുറഞ്ഞിട്ടില്ലെന്നത് ഗൗരിയെ ആകെ നിരാശയാക്കി.

മുറിയിൽ നിൽക്കുകയായിരുന്ന ഗായത്രി തുറന്നിട്ട ജനാല വഴി എല്ലാം കാണുന്നുണ്ടായിരുന്നു. …കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button