വേട്ടയ്യൻ ഒടിടിയിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം
രജനികാന്ത് നായകനായെത്തിയ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രം വേട്ടയ്യൻ ഒടിടിയിലേക്ക്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ്ങ് ആരംഭിക്കും. ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, രോഹിണി, റാവു രമേഷ്, അഭിരാമി, രമേഷ് തിലക് എന്നിവരോടൊപ്പം ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുന്നുണ്ട്.
താരത്തിൻ്റെ തമിഴിലെ ആദ്യ ചിത്രം കൂടിയാണിത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് സുബാസ്കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം തീയ്യേറ്ററുകളിലും മികച്ച പ്രകടനം നേടിയിട്ടുണ്ട്. എൻ്റർടെയിൻമെൻ്റ് മേഖലയിലെ പ്രധാന വെബ്സൈറ്റായ ഫിൽമി ബീറ്റ് പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം നവംബർ-8-നാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുന്നത്.
ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം ചിത്രം കാഴ്ച വെച്ചെങ്കിലും ദക്ഷിണേന്ത്യയിലെ മറ്റ് തീയ്യേറ്ററുകളിൽ ചിത്രത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ലെന്നാണ് റിപ്പോർട്ട്. 122.15 കോടി രൂപയാണ് ആദ്യത്തെ ആഴ്ചയിൽ ചിത്രം നേടിയത്. എന്നാൽ ബജറ്റിൻ്റെ ഇരട്ടിയിലധികം തുക ചിത്രം നേടിയെന്നാണ് ചില വിനോദ, സിനിമാ മേഖലയിലെ വെബ്സൈറ്റുകൾ പറയുന്നത്. ഏകദേശം 300 കോടിയാണ് ചിത്രത്തിൻ്റെ ആകെ ബജറ്റ്. കേരളത്തിൽ നിന്നും മാത്രം ഏകദേശം 16 കോടിക്ക് മുകളിൽ ചിത്രം നേടിയെന്നാണ് കണക്ക്.
33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ബിഗ് സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1991-ലെ ആക്ഷൻ ഡ്രാമയായ ഹം എന്ന ചിത്രത്തിലാണ് രണ്ട് മെഗാസ്റ്റാറുകളും അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒക്ടോബർ 10 ന് തീയ്യേറ്റർ റീലീസ് ചെയ്ത വേട്ടയ്യൻ 28 ദിവസത്തിനുള്ളിലാണ് ഒടിടിയിലേക്ക് എത്തുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രാഹകൻ എസ് ആർ കതിർ, എഡിറ്റർ ഫിലോമിൻ രാജ് എന്നിവർ സാങ്കേതിക സംഘത്തിലുണ്ട്. ഇന്ത്യയിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ഒപ്പം ആഗോളതലത്തിൽ 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം ഒടിടിയിൽ ലഭ്യമാകും
ചിത്രത്തിൻ്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് 8-ന് അർധരാത്രിമുതൽ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന. സാധാരണ ചിത്രങ്ങളുടെ സ്ട്രീമിങ്ങ് അർധരാത്രി മുതലാണ് ആരംഭിക്കുന്നത്.