കുഴൽപ്പണ വിവാദം: പരാതി നൽകി സിപിഎം; കോൺഗ്രസ് എന്തോ മറയ്ക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ
പാലക്കാട് കുഴൽപ്പണ വിവാദത്തിൽ ഔദ്യോഗിക പരാതി നൽകി സിപിഎം. ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ പാലക്കാട് എസ് പി ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ഇന്നലെയുണ്ടായ സംഭവവികാസങ്ങളിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് ആവശ്യം
സിസിടിവി പിടിച്ചെടുത്ത് അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതികരണവുമായി എംവി ഗോവിന്ദനും രംഗത്തുവന്നു. പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം വന്നുവെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. പോലീസ് എത്തും മുമ്പ് ആ പണം ഒളിപ്പിച്ചു. എന്തോ മറയ്ക്കാനുണ്ടെന്ന് വ്യക്തമാണ്. കള്ളപ്പണം എത്തിച്ചെന്ന വിവരം സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്.
കള്ളപ്പണം ആരൊക്കെ, ആർക്കൊക്കെ എവിടെയൊക്കെ വിതരണം ചെയ്യുന്നുവെന്ന് കൃത്യമായി പരിശോധിക്കണം. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. സിപിഎം നേതാക്കളായ ടിവി രാജേഷ്, നികേഷ് കുമാർ എന്നിവരുടെ മുറികൾ പരിശോധിച്ചു. ഇതിന് ശേഷമാണ് കോൺഗ്രസ് നേതാക്കളുടെ മുറിയും പരിശോധിച്ചത്. കോൺഗ്രസിനായി വൻ തോതിൽ കള്ളപ്പണം ഒഴുക്കിയതായി കരുതുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.