നോട്ടീസ് നല്‍കാതെയുള്ള വീട് പൊളിക്കല്‍: 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ഉത്തര്‍ പ്രദേശ് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: റോഡ് വികസനത്തിന് വേണ്ടി നോട്ടീസ് നല്‍കാതെ വീട് പൊളിക്കാനുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്നും വീട് നഷ്ടമായ വ്യക്തിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ച് സുപ്രീം കോടതി. വികസനത്തിന്റെ പേരില്‍ 2019ല്‍ വീട് നഷ്ടമായ മഹാരാജ്ഗഞ്ച് സ്വദേശി മനോജ് തിബ്രേവാള്‍ ആകാശിന്റെ പരാതിയിലാണ് കോടതി വധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ച് സുപ്രധാനമായ വിധി പറഞ്ഞത്. ജസ്റ്റിസ്റ്റുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും ഉള്‍പ്പെട്ട ബഞ്ച് അതിരൂക്ഷമായ ഭാഷയിലാണ് യു പി സര്‍ക്കാറിന്റെ നടപടിയെ എതിര്‍ത്തത്.
കൃത്യമായ നടപടിക്രമം എവിടെയാണ് പിന്തുടരുന്നത്? നോട്ടീസ് നല്‍കിയിട്ടില്ലെന്ന സത്യവാങ്മൂലം ഞങ്ങളുടെ പക്കലുണ്ട്. നിങ്ങള്‍ സൈറ്റില്‍ പോയി ഉച്ചഭാഷിണിയിലൂടെ ജനങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്തത്,” ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പരാതിക്കാരന്‍ പൊതുമുതല്‍ കൈയ്യേറിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദത്തെയും ചന്ദ്ര ചൂഡ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പരാതിക്കാരന്‍ 3.7 ചതുരശ്ര മീറ്റര്‍ കൈയ്യേറിയെന്നാണ് നിങ്ങള്‍ പറയുന്നത്. അത് അംഗീകരിച്ചാല്‍ തന്നെയും എങ്ങനെയാണ് നോട്ടീസ് നല്‍കാതെ നിങ്ങള്‍ വീട് പൊളിക്കുക.
‘നിങ്ങള്‍ക്ക് ബുള്‍ഡോസറുകളുമായി വന്ന് ഒറ്റരാത്രികൊണ്ട് വീടുകള്‍ പൊളിക്കാന്‍ കഴിയില്ല. കുടുംബത്തിന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ സമയം നല്‍കുന്നില്ല. വീട്ടുപകരണങ്ങളുടെ കാര്യമോ? കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ‘ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.
ഒരു അറിയിപ്പും നല്‍കാതെ പൊതു അറിയിപ്പിലൂടെ മാത്രമാണ് പൊളിക്കലിന്റെ തുടക്കത്തെക്കുറിച്ച് താമസക്കാരെ അറിയിച്ചതെന്ന നിരാശ ബെഞ്ച് വ്യക്തമാക്കി. ”വീടുകളൊഴിയാനും പൊളിക്കാനും താലപ്പൊലികൊണ്ട് ആളുകളോട് പറയാനാവില്ല. കൃത്യമായ അറിയിപ്പ് ഉണ്ടാകണം,” ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.
നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിന് പുറമേ, പൊളിക്കലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ അന്വേഷണം നടത്താനും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സുപ്രീം കോടതി യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.