World

ഭാര്യമാരെ ബ്രിട്ടീഷുകാര്‍ ചന്തയില്‍ വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു; 1780നും 1850നും ഇടയില്‍ മാത്രം വിറ്റത് മുന്നൂറോളം ഭാര്യമാരെ

ലണ്ടന്‍: ബ്രിട്ടനില്‍ അടിമത്തം നിലനിന്ന ഒരു കാലമുണ്ടായിരുന്നു. വളരെ വളരെ പണ്ട്. പിന്നെ അത് അവസാനിച്ചു. ഭാര്യ ഒരു ഉപഭോഗ വസ്തുവോ, അടിമക്ക് സമാനമോ ആയി ഗണിക്കപ്പെട്ട ഒരു കാലവും അവിടെ പണ്ടുണ്ടായിരുന്നു. 1780നും 1850നും ഇടയില്‍ മാത്രം മുന്നൂറോളം ഭാര്യമാരെയാണ് ബ്രിട്ടണില്‍ ചന്തകളില്‍ എത്തിച്ചോ, ആളുകള്‍ കൂട്ടംകൂടുന്ന ഇടങ്ങളില്‍ കൊണ്ടുപോയോ ബ്രീട്ടീഷ് പുരുഷന്മാര്‍ വിറ്റഴിച്ചത്. 1862ല്‍ സെല്‍ബിയയിലെ ചന്തയില്‍ ഒരാള്‍ തന്റെ ഭാര്യയെ വിറ്റത് കേവലം ഒരു പൈന്റ് ബിയറിനായിരുന്നുത്രെ!

ഭാര്യയുടെ അരയില്‍ ഒരു കയറിട്ട് മുറുക്കി ജോര്‍ജ്ജ് വ്രൈ നേരെ അവളെ ചന്തയിലേക്ക് വലിച്ചഴക്കുന്നത് അക്കാലത്താണ്. ഈ പറയുന്നത് കല്ലുവെച്ച നുണയല്ല, 17, 18 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് തെരുവുകളില്‍ അരങ്ങേറിയ ക്രൂരതയുടെ നേര്‍ചിത്രമായിരുന്നു. പരിഷ്‌കൃതരെന്നും സംസ്‌കാരസമ്പന്നരെന്നും ലോകം വാഴ്ത്തിയ ബ്രിട്ടീഷ് ജനസമൂഹത്തിന്റെ ഇന്നലെകളുടെ കഥ.

എന്താണോ കിട്ടുന്നത് അതിന് അവളെ വിറ്റ് മടങ്ങണം. ജോര്‍ജിന് വേറെ ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. അന്ന് ബ്രിട്ടണിലെ ചന്തകളില്‍ തങ്ങളെ അനുസരിക്കാത്ത, തങ്ങള്‍ക്ക് വല്ല കാരണത്താലും വേണ്ടെന്ന് തോന്നുന്ന ഭാര്യമാരെ വില്‍ക്കാന്‍ കൊണ്ടുവരുമായിരുന്നു. എല്ലാവരേയുംപോലെ ജോര്‍ജ്ജും അവളുടെ ഗുണഗണങ്ങളും കുറ്റങ്ങളും കുറവുകളും വിളിച്ചുപറഞ്ഞു. തേങ്ങലോടെ അവളതെല്ലാം കേട്ടുനിന്നു….

വില്‍പ്പന പ്രഖ്യാപിച്ചാല്‍ പുരുഷന്‍ ഭാര്യയുടെ കഴുത്തിലോ കൈയിലോ അരയിലോ ഒരു റിബണോ, കയറോ ഇട്ടു അവളെ ചന്ത സ്ഥലത്തേക്കോ, പൊതുജനങ്ങള്‍ ഒത്തുകൂടുന്ന ഇടങ്ങളിലേക്കോ ആട്ടിത്തെളിച്ചുകൊണ്ടുപോകും. കാലികളെ കൊണ്ടുപോകുന്നതിന് സമാനമായ രീതിയില്‍. ജനക്കൂട്ടത്തോട് അവളുടെ ഗുണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം അവന്‍ അവളെ ലേലം ചെയ്യുമായിരുന്നു. അവളെ മറ്റൊരു പുരുഷന്‍ വാങ്ങിക്കഴിഞ്ഞാല്‍, മുമ്പത്തെ വിവാഹം അസാധുവായി കണക്കാക്കുകയും വാങ്ങുന്നയാള്‍ തന്റെ പുതിയ ഭാര്യയുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നതായിരുന്നു നാട്ടു മര്യാദ.

നൂറു ശതമാനവും ക്രിസ്ത്യാനികള്‍ വസിച്ചിരുന്ന അക്കാലത്ത് വിവാഹ മോചനം ഏറെ സങ്കീര്‍ണമായിരുന്നു. 1750കളില്‍ നിങ്ങളുടെ വിവാഹം വേര്‍പിരിഞ്ഞാല്‍, ഔപചാരികമായി വിവാഹമോചനം നേടുന്നതിന് നിങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ നിയമത്തിന് അനുസൃതമായി നടപടികള്‍ സ്വീകരിക്കേണ്ടി വന്നിരുന്നു. അതായത് വിവാഹമോചനം നിയമവിധേയമാക്കുന്നതിന്, ഒരു സ്വകാര്യ പാര്‍ലമെന്റ് നിയമം ആവശ്യമായിരുന്നു.

വിവാഹമോചനം നേടാന്‍ കുറഞ്ഞത് 3,000 ഡോളറെ(ഇന്നത്തെ മൂല്യങ്ങളില്‍ 15,000 ഡോളര്‍)ങ്കിലും ചെലവാകുമായിരുന്നു. അതുകൂടാതെ സഭയുടെ സമ്മതവും ആവശ്യമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടില്‍ ഭാര്യയെ വിറ്റിരുന്നതായി ചരിത്രരേഖകളുണ്ട്. ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ രാജാവിന്റെ പ്രശസ്ത മിസ്‌ട്രെസ് മാഡം ഡി മോണ്ടെസ്പാന്‍, ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഭാര്യമാരെ കന്നുകാലികളെപ്പോലെ ചന്തയില്‍ വില്‍ക്കാന്‍ കഴിയും, അവര്‍ ഇംഗ്ലീഷുകാര്‍ ഇപ്പോഴും പ്രാകൃത ജനതയായി തുടരുന്നു, എന്ന് ഓര്‍മ്മക്കുറിപ്പുകളില്‍ കാണാനാവും.

‘ഇവള്‍ക്ക് വിതയ്ക്കാനും കൊയ്യാനും ഉഴുതുമറിക്കാനും കന്നുകാലികളെ മേക്കനും കഴിയും. ഇവള്‍ ശാഠ്യകാരിയും തലക്കനം കൂടിയവളും നല്ല ആരോഗ്യവാനായ പുരുഷനെപ്പോലുംതല്ലാന്‍ കഴിയുന്നവളുമാണ്. എന്നാല്‍ ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍, അവള്‍ മുയലിനെപ്പോലെ സൗമ്യയാണ്. അവള്‍ ഇടയ്ക്കിടെ തെറ്റുകള്‍ വരുത്തുന്നു. അവളുടെ ഭര്‍ത്താവ് അവളുമായി പിരിയുകയാണ്, കാരണം അവളേ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്.വില്‍ക്കാന്‍ ആഗ്രഹിക്കുന്നു…’ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യത്തിലെ വരികളാണിത്.

സാമ്പത്തികമായി താഴെക്കിടയിലുള്ള പുരുഷന്മാര്‍ക്ക് വിവാമോചന ചെലവകള്‍ താങ്ങാന്‍ കഴിയാത്തതായിരുന്നു സാധാരണക്കാരെ ഭാര്യയെ വില്‍ക്കുന്നതിന് നിര്‍ബന്ധിച്ചത്. ഒരുതരത്തില്‍ അനൗദ്യോഗികമായ വിവാഹമോചനത്തിന്റെ ഒരു നാടന്‍രൂപമായിരുന്നു ഇത്തരം വില്‍പനകള്‍. സ്ത്രീയെ കച്ചവടച്ചരക്കാക്കുകയെന്ന് ആലംങ്കാരികമായി പറയാറില്ലേ, അതിന്റെ യഥാര്‍ഥ രൂപം നടന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇംഗ്ലണ്ടെന്ന് ചുരുക്കം.

Related Articles

Back to top button