സിപിഎം പോലീസിനെ ദുരുപയോഗിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സതീശൻ
പാലക്കാട്ടെ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സിപിഎം പോലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി
അർധരാത്രിയിൽ റെയ്ഡിന് എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതെന്ന് സതീശൻ ആരോപിച്ചു. ഷാനിമോൾ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിലിൽ മുട്ടിയതും പരിശോധന നടത്തിയതും നിയമങ്ങൾ പാലിക്കാതെയാണ്. സെർച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎൻഎസ്എസിൽ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പോലീസ് പാലിച്ചില്ല
പരിശോധനക്കെത്തിയ പോലീസ് സംഘത്തിനൊപ്പം എഡിഎം, ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥർ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. 12 മണിക്ക് റെയ്ഡ് തുടങ്ങിയെങ്കിലും പുലർച്ചെ 2.30 ആയപ്പോൾ മാത്രമാണ് എഡിഎമ്മും ആർഡിഒയും സ്ഥലത്ത് എത്തിയത്. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.