കരയരുതെന്ന് പറയുന്നവരോട് പറയൂ, പൊട്ടിക്കരഞ്ഞാല്‍ ഗുണമേയുള്ളൂവെന്ന്
ചിരിക്കാനുള്ള കഴിവ് മനുഷ്യന്റെ സിദ്ധിയാണെന്ന് പൊതുവേ പറയാറുണ്ട്. വേറെ ജീവികളും ഒരുപക്ഷേ ചിരിക്കുന്നുണ്ടാവാം. എന്നാല്‍ കരയാത്തതായ ജീവികളുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയേണ്ടിവരും. കരയുന്നത് കൊണ്ട് പ്രത്യേകിച്ചും പൊട്ടിപൊട്ടിക്കരയുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്. ഇനി കരച്ചില്‍ ഒന്നിനുമുള്ള പരിഹാരമല്ലെന്ന് പറയുന്നവരോട് ഇക്കാര്യം പറഞ്ഞേക്കൂ.
മനുഷ്യന്‍ എന്ന ജീവി തന്റെ ആയുസില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും കരയാറുണ്ട്. നമ്മുടെ മാനസികാരോഗ്യത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് കരച്ചില്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കരയുന്നതുകൊണ്ട് മനുഷ്യന് നിരവധി ഗുണങ്ങളുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കരച്ചില്‍ ഏറെ ഗുണം ചെയ്യുമത്രെ.
നെഗറ്റീവ് വികാരങ്ങളെ മറികടക്കാന്‍ പൊട്ടിക്കരയുന്നത് ഏറെ സഹായിക്കുമെന്നും ശരീരത്തെ വിഷ വിമുക്തമാക്കാന്‍ വരെ സഹായിക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. കരയുന്നത് കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് കുഞ്ഞുങ്ങളെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കരയുമ്പോള്‍ കൃഷ്ണമണിയും കണ്‍പോളകളും കൂടുതല്‍ വൃത്തിയാക്കുകയും ഇത് കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തതനല്‍കുകയും ചെയ്യുന്നത് കൂടിയാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
കരഞ്ഞാലുള്ള ഗുണങ്ങള്‍?
‘റിഫ്‌ളക്‌സ് ടിയേഴ്‌സ്’, ‘കണ്ടിന്യുവസ് ടിയേഴ്‌സ്’, ‘ഇമോഷണല്‍ ടിയേഴ്‌സ്’ എന്നിങ്ങനെ മൂന്നായാണ് കണ്ണുനീരിനെ വിഭജിച്ചിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്ന് മോചനം നേടുന്നതിന് സഹായിക്കുന്നവയാണ് ഇമോഷണല്‍ ടിയേഴ്‌സ്. ഒരുപാട് സമയം കരയുന്നതിന്റെ ഫലമായി ശരീരത്തില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയും ഈ രാസവസ്തുക്കള്‍ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
കരയുന്നത് കണ്ണുകളെ വൃത്തിയാക്കാന്‍ കൂടി സഹായിക്കുമെന്ന് ഓര്‍ക്കുക. ഒരുപാട് സന്തോഷം തോന്നുമ്പോഴോ, സങ്കടം തോന്നുമ്പോഴോ, ഭയം അനുഭവിക്കുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. കണ്ടിന്യുവസ് ടിയേഴ്‌സില്‍ 98 ശതമാനവും വെള്ളമാണുള്ളത്. ഇവ കണ്ണുകള്‍ക്ക് ലൂബ്രിക്കേറ്റിംഗ് ഇഫക്ട് നല്‍കുന്നതിനൊപ്പം അണുബാധയില്‍നിന്നും കണ്ണുകളെ സംരക്ഷിച്ചു നിര്‍ത്താനുമുള്ള കഴിവുമുണ്ട്. അപ്പോള്‍ ഇനി സങ്കടം വന്നാല്‍ നന്നായി കരയുവാന്‍ ശീലിക്കുക. കരയുന്നത് മോശമാണെന്ന ചിന്തയും മനസില്‍നിന്നും പറിച്ചുകളഞ്ഞേക്ക്.