വ്യാജ ബാങ്ക് ഗ്യാരണ്ടി; റിലയന്‍സ് പവറിന് എസ്ഇസിഐയുടെ 3 വര്‍ഷത്തെ വിലക്ക്
ന്യൂഡല്‍ഹി: ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിച്ചതിന് റിലയന്‍സ് പവറിന് എസ്ഇസിഐ(സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) മൂന്നു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. കോര്‍പറേഷന്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അനില്‍ അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് പവര്‍ അധികൃതര്‍ വ്യക്തമാക്കി. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുടെ ഇരയാണ് കമ്പനിയെന്നും, ഈ വിഷയത്തില്‍ ഡല്‍ഹി പോലീസില്‍ ഒക്ടോബറില്‍ ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും റിലയന്‍സ് പവര്‍ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന ദീര്‍ഘകാലം തൊടുന്നതെല്ലാം പരാജയമാവുന്ന അവസ്ഥയില്‍നിന്നും അനില്‍ അംബാനി കരകയറി വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ റിലയന്‍സ് പവറിനേയും ഈ കമ്പനിക്ക് കീഴിലുള്ള റിലയന്‍സ് എന്‍.യു ബെസ്സ് അടക്കമുള്ള സബ്‌സിഡിയറി കമ്പനികളെയും എസ്ഇസിഐ വിലക്കിയിരിക്കുന്നത്. അനില്‍ അംബാനിയെ സംബന്ധിച്ചിടത്തോളം വലിയ തിരി്ച്ചടിയായി മാറിയിരിക്കുകയാണ് ഈ നടപടി.
കഴിഞ്ഞ ജൂണില്‍ നടന്ന ടെന്‍ഡറില്‍ വ്യാജ ബാങ്ക് ഗ്യാരണ്ടി വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്ഇസിഐ അറിയിച്ചു. നാഷണല്‍ സോാളാര്‍ മിഷന്‍ സംബന്ധിച്ച പദ്ധതികള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് എസ്ഇസിഐ. റിലയന്‍സ് എന്‍യു ബെസ്സ്, ബെസ്സ് പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് 1,000 എംഡബ്ലിയു/2,000 എംഡബ്ലിയുഎച്ച് കരാറുകള്‍ക്കായിട്ടാണ് അനില്‍ അംബാനി ശ്രമിച്ചത്. എന്നാല്‍ ബിഡ്ഡിങ് പുരോഗമിക്കുന്നതിനിടെ റിലയന്‍സ് എന്‍യു ബെസ്സ് നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് നപടികള്‍ നിര്‍ത്തി വെക്കുകയായിരുന്നു.
തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടറാണ് വ്യാജ ബാങ്ക് ഗ്യാരണ്ടി നല്‍കിയതെന്നാണ് കമ്പനി നിലപാടെടുത്തത്. അന്വേഷണത്തില്‍ അത്തരമൊരു തേര്‍ഡ് പാര്‍ട്ടിയില്ലെന്ന് കണ്ടെത്തിയതായി എസ്ഇസിഐ അറിയിച്ചു.
റിലയന്‍സ് പവറിന്റെ സബ്‌സിഡിയറിയായ റിലയന്‍സ് എന്‍.യു ബെസ്സ് ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള സാമ്പത്തികമായ യോഗ്യത, മാതൃകമ്പനിയില്‍ നിന്നാണ് നേടിയിരിക്കുന്നത്.