Kerala

വഖഫ് ബോർഡിന് തിരിച്ചടി; ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

വഖഫ് ബോർഡ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുൻകാല പ്രാബല്യം നൽകാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ച് അവിടെ പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചുവരുന്നുവെന്നായിരുന്നു കേസ്. 1999 മുതലാണ് പോസ്റ്റ് ഓഫിസ് ഈ ഭൂമിയിൽ പ്രവർത്തിച്ചുവന്നിരുന്നത്. അതിനാൽ ഈ പ്രവൃത്തിയെ മുൻകാല പ്രാബല്യത്തോടെ കുറ്റകരമായി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോഴിക്കോട് നിലനിന്നിരുന്ന കേസും ഹൈക്കോടതി റദ്ദാക്കി.

കാലിക്കറ്റ് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട്, മാരിക്കുന്ന് സബ് പോസ്റ്റ്മാസ്റ്റർ എന്നിവർക്കെതിരായാണ് കേസെടുത്തിരുന്നത്. ഈ കേസുകളും ഇന്ന് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോർഡിന്റെ പരാതിയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. വഖഫ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന ഹൈക്കോടതി ഉത്തരവ് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്ന സമകാലീന വിവാദങ്ങളിലും നിർണായകമാകും.

 

Related Articles

Back to top button