ആദ്യപാദം കഴിഞ്ഞു; മുന്നില്‍ ഏതൊക്കെ ടീമുകള്‍: കസറിയ താരങ്ങള്‍ ആരെല്ലാം
11മത് പ്രോ കബജി ലീഗിന്റെ (PKL) ആദ്യ പാദത്തിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഹൈദരാബാദിലെ ഗാച്ചിബൗളി സ്്റ്റേഡിയമായിരുന്നു ആദ്യ ഘട്ട മല്‍സരങ്ങള്‍ക്കു വേദിയായത്. ഇനി ടീമുകള്‍ പറക്കുക ഉത്തര്‍പ്രദേശിലേക്കാണ്. ഞായറാഴ്ച മുതല്‍ യുപിയിലെ നോയ്ഡയിലാണ് രണ്ടാം ഘട്ട മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്.
യാത്രാസംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കാരണം ഈ സീസണില്‍ മൂന്നു നഗരങ്ങളില്‍ മാത്രമേ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. നോയ്ഡയിലെ രണ്ടാം റൗണ്ടിനു ശേഷം പ്ലേഓഫും ഫൈനലുമുള്പ്പെടുന്ന അവസാന ഘട്ടം പൂനെയിലാണ് നടക്കുന്നത്.
ആരൊക്കെ മുന്നില്‍?
സീസണില്‍ ഓരോ ടീമിനും ആകെയുള്ളത് 22 ലീഗ് മല്‍സരങ്ങളാണ്. ഇതില്‍ മൂന്നിലൊന്ന് എല്ലാവരും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഹൈദരാബാദിലെ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഹരിയാന സ്റ്റീലേഴ്സാണ് തലപ്പത്തുള്ളത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 31 പോയിന്റാണ് അവര്‍ക്കുള്ളത്. ആറു മല്‍സരങ്ങളില്‍ ജയിച്ച സ്റ്റീലേഴ്സ് രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു.
നിലവിലെ ചാംപ്യന്മാരായ പുനേരി പള്‍ത്താനാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. എട്ടു കളിയില്‍ നിന്നും 30 പോയിന്റാണ് അവരുടെ സമ്പാദ്യം. അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച പള്ത്താന് രണ്ടെണ്ണത്തില്‍ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ ഒന്നില്‍ സമനിലയും സമ്മതിക്കുകയായിരുന്നു. യു മുംബ, പറ്റ്ന പിറേറ്റ്സ്, തെലുഗു ടൈറ്റന്‍സ് ടീമുകളാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.
ഒമ്പതു മല്‍സരങ്ങളില്‍ യു മുംബ ടീം കളിച്ചു കഴിഞ്ഞു. ഇതില്‍ അഞ്ചെണ്ണത്തില്‍ ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ പരാജയവും നേരിട്ടു. ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു. 29 പോയിന്റാണ് ഇപ്പോള്‍ യു മുംബയ്ക്കുള്ളത്. നാലാമതുള്ള പാറ്റ്ന എട്ടു മല്‍സരങ്ങളില്‍ നിന്നും നേടിയത് 27 പോയിന്റാണ്. അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ മൂന്നെണ്ണം തോല്‍ക്കുകയും ചെയ്തു. തെലുഗു ടൈറ്റന്‍സിനു 26 പോയിന്റാണ് എട്ടു മല്‍സരങ്ങളില്‍ നിന്നും സ്വന്തമാക്കിയത്.
മികച്ച റെയ്ഡര്‍മാര്‍
ആദ്യ റൗണ്ടില്‍ വിവിധ ടീമുകള്‍ക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള റെയ്ഡര്മാരിലേക്കു വന്നാല്‍ ദബാങ് ഡല്‍ഹിയുടെ അഷു മാലിക്കാണ് തലപ്പത്തു നില്‍ക്കുന്നത്. എട്ടൂ സൂപ്പര്‍ 10 ഉള്‍പ്പെടെ 97 പോയിന്റാണ് താരത്തിനു ലഭിച്ചത്. തെലുഗു ടൈറ്റന്‍സിന്റെ പവന് സെഹ്റാവത്താണ് കൂടുകല്‍ റെയ്ഡ് പോയിന്റുകള്‍ നേടിയ രണ്ടാമത്തെ താരം. ആദ്യ റൗണ്ടില്‍ അദ്ദേഹം സ്വന്തമാക്കിയത് 88 പോയിന്റാണ്.
പാറ്റ്ന പിറേറ്റ്സിന്റെ ദേവാങ്ക്, ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ അര്ജുന് ദേശ്വാള്, തമിഴ് തലൈവാസിന്റെ നരേന്ദര്‍ കണ്ഡോല എന്നിവരാണ് ആദ്യ അഞ്ചിലെത്തിയ മറ്റു മുന്നു റെയ്ഡര്‍മാര്‍. ദേവാങ്കിനു 87ഉം അര്ജുന് 73ഉം നരേന്ദറിന് 63ഉം റെയ്ഡ് പോയിന്റുകളാണ് ലഭിച്ചത്.
ടോപ്പ് 5 ഡിഫന്ഡമാര്
ആദഘട്ടത്തിലെ ഏറ്റവും മികച്ച അഞ്ചു ഡിഫന്‍ഡര്‍മാരെ നോക്കിയാല്‍ അവിടെ ഒന്നാംസ്ഥാനത്ത് പുനേരി പള്‍ത്താന്റെ ഗൗരവ് ഖത്രിയാണ്. 33 പോയിന്റുകളാണ് താരം കൈക്കലാക്കിയത്. ബെംഗളൂരു ബുള്‍സ് ഡിഫന്‍ഡറായ നിതിന്‍ റവാല്‍ 26 പോയിന്റുമായി രണ്ടാമതെത്തി.
ഇതേ പോയിന്റുള്ള യുപി യോദ്ധാസിന്റെ സുമിത് സാങ്വാനാണ് മൂന്നാമന്. 25 പോയിന്റ് വീതം നേടി. ബംഗാള്‍ വാരിയേഴ്സിന്റെ ഇറാന് സൂപ്പര്‍ താരം ഫസെല് അത്രാചെലി, തമിഴ് തലൈവാസിന്റെ സാഹില്‍ ഗുലിയ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുമെത്തി.