National

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് തുടരെ മൂന്നാം ദിവസവും വായു മലിനീകരണം ഗുരുതരമായി തുടരുന്നു. 481 ആണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്സ് (AQI). ഇപ്പോൾ ലോകത്തു തന്നെ വായു മലിനീകരണം ഏറ്റവും കൂടിയ രണ്ടാമത്തെ നഗരമാണ് ന്യൂഡൽഹി. AQI 770ലെത്തിയ പാക്കിസ്ഥാനിലെ ലാഹോറാണ് ഒന്നാമത്.

ഡൽഹിയിൽ തന്നെ ജഹാംഗിർപുരിയിലാണ് മലിനീകരണം ഏറ്റവും ഉയർന്ന് നിൽക്കുന്നത്. ബാവന, വാസിപുർ, രോഹിണി, പഞ്ചാബി ബാഗ്, പാലം, സഫ്ദർജങ് മേഖലകൾ തുടർന്നുള്ള സ്ഥാനങ്ങളിൽ.

പുകമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞത് വ്യോമ, റെയ്ൽ ഗതാഗതങ്ങളെ ബാധിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും വിമാന സർവീസുകൾ വൈകുന്നു. ഇൻഡിഗോ, സ്പൈസ് ജെറ്റ് സർവീസുകളാണ് കൂടുതലായി വൈകുന്നത്. പല ട്രെയ്നുകളും രണ്ടു മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്. ന്യൂഡൽഹി റെയ്ൽവേ സ്റ്റേഷനിൽ എത്തേണ്ട 25 ട്രെയ്നുകൾ വൈകിയോടുന്നു.

ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഡൽഹിയിലെ എല്ലാ പ്രൈമറി സ്കൂളുകളിലെയും ക്ലാസുകൾ ഓൺലൈൻ ആക്കിയിരിക്കുകയാണ്. മറിച്ചൊരു നിർദേശമുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായി തുടരുമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.

വായു മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, അത്യാവശ്യമല്ലാത്ത നിർമാണ, പൊളിക്കൽ പ്രവർത്തനങ്ങൾ ഡൽഹിയിൽ നിരോധിച്ചിരിക്കുകയാണ്. പെട്രോൾ – ഡീസൽ വാഹനങ്ങൾക്കും ഡീസൽ ജനറേറ്ററുകൾക്കും നിയന്ത്രണമുണ്ട്. റോഡുകൾ വൃത്തിയാക്കിയും വെള്ളം തളിച്ചും പൊടിപടലം കുറയ്ക്കാൻ ഊർജിത ശ്രമം തുടരുന്നു. സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കാൻ തിരക്ക് കുറഞ്ഞ സമയങ്ങളിൽ ടിക്കറ്റ് നിരക്കുകളിൽ കുറവ് വരുത്തിയിട്ടുണ്ട്.

Related Articles

Back to top button