Novel

വരും ജന്മം നിനക്കായ്: ഭാഗം 37

രചന: ശിവ എസ് നായർ

“ശിവപ്രസാദുമായി ഒത്തു പോകാൻ നിനക്ക് പറ്റുന്നില്ലേ ഗായു? നിനക്ക് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിൽ കടിച്ചു തൂങ്ങാൻ ഞാൻ നിർബന്ധിക്കില്ല. നിനക്ക് ഞാനില്ലേ… എന്താണെങ്കിലും എന്നോട് പറയ്യ്.” അഖിലിന്റെ സ്വരം ആർദ്രമായി.

“ആദ്യമൊക്കെ ഒത്തു പോകാൻ പാടായിരുന്നു. മാക്സിമം എല്ലാരേം വെറുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശിവേട്ടൻ എല്ലാം ക്ഷമിച്ചു കൂടെ നിൽക്കുന്നത് കണ്ടപ്പോൾ ഞാനും മാറാൻ ശ്രമിച്ചു തുടങ്ങി. ഇപ്പോ ഒരുവിധം ഈ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നു.” അവനോട് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.

പറഞ്ഞത് സത്യമായ കാര്യമാണെങ്കിലും ഇപ്പോ തന്റെ ജീവിതം ഒരു ചോദ്യ ചിഹ്നം തന്നെയാണ്. സ്വന്തം ഭാര്യയുടെ കുളിസീനും ബെഡ്‌റൂം സീനുമൊക്കെ ലാപ്ടോപിൽ സൂക്ഷിച്ചിരിക്കുന്ന സൈക്കോ ആയ ഭർത്താവിനെയാണ് തനിക്ക് കിട്ടിയിരിക്കുന്നതെന്ന് എങ്ങനെ പറയും? ഇനിയും വ്യത്യമാകാൻ ഒരുപാട് കാര്യങ്ങളുണ്ട്… അതുവരെ മൗനം പാലിച്ചേ മതിയാവൂ.

“നിനക്ക് എപ്പോ എന്ത് സങ്കടം വന്നാലും എന്നെ വിളിക്കാം. എന്നോട് എന്തും വിശ്വസിച്ചു നിനക്ക് പറയാം.”

“എനിക്കിപ്പോ ഈ ലോകത്തിൽ ആകെ വിശ്വാസമുള്ളത് അഖിലേട്ടനെ മാത്രമാണ്. എന്തെങ്കിലും വിഷമം തോന്നിയാൽ ഞാൻ വിളിക്കും. കാണാൻ തോന്നിയാലും വിളിക്കും, വരില്ലേ.” അവസാന വാക്കുകൾ പറയുമ്പോൾ അവളുടെ ശബ്ദമിടറി.

“നീ വിളിച്ചാൽ ഞാൻ വരാതിരിക്കോ ഗായു.” അഖിൽ വികാരധീനനായി.

“ഞാൻ വിളിക്കുന്നതും മിണ്ടുന്നതും ഒക്കെ അഖിലേട്ടൻ മറ്റൊരു അർത്ഥത്തിൽ കാണരുത്. എന്നെ ഓർത്ത് ജീവിതം പാഴാക്കാനും പാടില്ല. എന്റെ ഏറ്റവും നല്ലൊരു സുഹൃത്തിനു അപ്പുറം എന്റെ മനസ്സിലിപ്പോ മറ്റൊന്നും ഇല്ലാട്ടോ. അതുകൊണ്ട് അഖിലേട്ടൻ എന്നിൽ, കൂടുതൽ പ്രതീക്ഷ വയ്ക്കരുത്.” സത്യം അതല്ലെങ്കിൽ പോലും ഗായത്രി മുന്നറിയിപ്പെന്നോണം അവനോട് പറഞ്ഞു.

താൻ വിളിക്കേം മിണ്ടേം ചെയ്യുമ്പോൾ അഖിൽ അവന്റെ ജീവിതത്തിലേക്ക് തന്നെ വീണ്ടും പ്രതീക്ഷിച്ചാലോ എന്നൊരു പേടി അവൾക്കുണ്ട്. ഒരിക്കൽ താൻ കാരണം നിരാശനായ വ്യക്തിയാണ്. ഇനിയും താൻ കാരണം ആ മനസ്സ് തകരാൻ പാടില്ല.

“എന്റെ മനസ്സിൽ നിന്നോടെന്നും ആ പഴയ സ്നേഹം തന്നെയാണ് ഗായു. പക്ഷേ നിന്നിൽ നിന്ന് പഴയ അടുപ്പം ഒരിക്കലും ഞാൻ പ്രതീക്ഷിക്കില്ല. കാരണം നീയിന്ന് മറ്റൊരാളുടെ ഭാര്യയാണെന്ന ബോധം എനിക്കുണ്ട്. അതുകൊണ്ട് ഞാൻ സങ്കടപ്പെടുമെന്ന പേടിയൊന്നും നിനക്ക് വേണ്ട.”

അഖിലിന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് തെല്ല് സമാധാനം തോന്നി.

“എങ്കിൽ ഞാൻ പിന്നൊരു ദിവസം വിളിക്കാം. എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയമായി.”

“ഓക്കേ ഗായു… ടേക് കെയർ…”

കാൾ ഡിസ്‌ക്കണക്ട് ചെയ്യുമ്പോൾ മൊബൈലിൽ തെളിഞ്ഞ ഗായത്രിയുടെ ഫോട്ടോയിൽ നോക്കി അഖിൽ വേദനയോടെ ചിരിച്ചു.

“നിന്നെ എനിക്ക് കിട്ടാതെ പോയല്ലോ പെണ്ണെ.” അവന്റെ ഹൃദയം കഠിനമായി വേദനിച്ചു.

അവന്റെ വേദന തൊട്ടറിഞ്ഞെന്ന പോലെ അകലെയിരുന്ന ഗായത്രിയുടെ ഹൃദയവും ഒന്ന് വിങ്ങി.

ഇരുവരുടെയും മിഴികൾ ഒരേ സമയം നിറഞ്ഞു പെയ്തു.

🍁🍁🍁🍁🍁

മുഖമൊന്ന് കഴുകി തുടച്ച ശേഷം മുഖത്തൊരു പുഞ്ചിരി വരുത്തി ഗായത്രി ക്ലാസ്സിലേക്ക് പോയി.

അന്ന് മനസ്സിരുത്തി ഒന്നും പഠിപ്പിക്കാൻ അവൾക്ക് കഴിഞ്ഞതുമില്ല. മനസ്സ് മുഴുവനും ലാപ്ടോപ്പിൽ കണ്ട ദൃശ്യത്തിൽ കുടുങ്ങി കിടക്കുകയാണ്.

ശിവപ്രസാദിനെ കുറിച്ച് അവളുടെ മനസ്സിൽ സംശയത്തിന്റെയൊരു തീപ്പൊരി വീണ് കഴിഞ്ഞു. അതവിടെ കിടന്ന് കനലായി ചുട്ട് പഴുത്തു തുടങ്ങി. വൈകാതെ തന്നെ സത്യങ്ങൾ എല്ലാം അറിഞ്ഞു കഴിയും. പിന്നെ ആ കനൽ ആളി കത്താൻ തുടങ്ങും.

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ അവൾ ഓഫീസിൽ പോയി ഹാഫ് ഡേ ലീവിന് എഴുതി കൊടുത്തു.

അപ്പോഴേക്കും ഗായത്രിക്ക് ശിവപ്രസാദിന്റെ കാൾ വന്നു.

“ഗായു… ഞാൻ കോളേജിന് അടുത്തെത്താറായി നീ താഴെയുണ്ടോ?.”

“ശിവേട്ടൻ എത്തുമ്പോഴേക്കും ഞാൻ ഗേറ്റിന് അടുത്തുണ്ടാവും.”

“ഓക്കേ…” ശിവപ്രസാദ് കാർ സ്പീഡിൽ പായിച്ചു.

അഞ്ചു മിനിറ്റിനുള്ളിൽ അവൻ കോളേജിന് മുന്നിൽ എത്തിച്ചേർന്നു. ഗായത്രി ലാപ്ടോപ്പുമായി അവനു സമീപം ചെന്നു.

“ഇതെന്താ ഗായു ബാഗുമായിട്ട്.” അവളുടെ തോളിൽ കിടക്കുന്ന ബാഗ് കണ്ട് ശിവപ്രസാദ് ചോദിച്ചു.

“ഉച്ചക്ക് ശേഷം ലീവാക്കി. നല്ല തലവേദനയുണ്ട്. പോരാത്തതിന് ഉറക്കവും വരുന്നുണ്ട്. ഒന്ന് കിടന്നാൽ മതിയെന്ന് തോന്നുവാ.”

“അയ്യോ… വീണ്ടും വയ്യാതായോ? ഹോസ്പിറ്റലിൽ പോണോ?”

“വേണമെന്നില്ല… ഇത് ഇന്നലെ ഉറക്കം ശരിയായില്ലല്ലോ, അതിന്റെയാ. കിടന്നാൽ മാറും.”

“അപ്പോ ഇന്ന് ഈവെനിംഗ് പ്ലാൻ ചെയ്ത മൂവി ക്യാൻസൽ ആക്കിയേക്കാം. താൻ ഓക്കേ ആയിട്ട് പോകാമല്ലേ.” അവന്റെ സ്വരത്തിൽ നിരാശ നിറഞ്ഞു.

“ആഹ്… അതുമതി… ഇന്നിനി ഒന്നിനും വയ്യ. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ.” ഗായത്രി കയ്യിലിരുന്ന ലാപ്പ് അവന് കൈമാറി.

“ഞാൻ കുറച്ചു ബിസിയായി പോയി.. അല്ലെങ്കിൽ ഹാഫ് ഡേ ലീവാക്കി തനിക്കൊപ്പം നിന്നേനെ.”

“അതൊന്നും സാരമില്ല… ശിവേട്ടൻ പൊയ്ക്കോ. ഞാനൊരു ഓട്ടോ വിളിച്ചു പൊയ്ക്കോളാം.”

“വീട്ടിൽ എത്തിയിട്ട് മെസ്സേജ് ഇടണേ… കാൾ ചെയ്യണ്ട… ചിലപ്പോൾ എമർജൻസി മീറ്റിംഗിൽ ആവും.”

“ശരി… മെസ്സേജ് ഇട്ടേക്കാം ഞാൻ.”

“ടേക് കെയർ ഗായു… ഈവെനിംഗ് ആയിട്ടും ഒട്ടും കുറവില്ലെങ്കിൽ ഞാൻ വന്നിട്ട് ഹോസ്പിറ്റലിൽ പോകാം.”

“ആ… അപ്പോൾ നോക്കാം നമുക്ക്.”

“എങ്കിൽ ബൈ…” ഗായത്രിയുടെ ലാപ്ടോപ് അവൾക്ക് കൊടുത്തിട്ട് ശിവപ്രസാദ് വണ്ടി മുന്നോട്ടെടുത്തു.

തിരക്കിനിടയിലൂടെ അവന്റെ കാർ കണ്ണിൽ നിന്ന് മറയുന്നതും നോക്കി അവൾ നിർന്നിമേഷയായി നിലകൊണ്ടു. പിന്നെ സാവധാനം പിന്തിരിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടന്നു.

🍁🍁🍁🍁🍁🍁

ബസ് കയറി അവൾ വീട്ടിലെത്തുമ്പോൾ സമയം ഒന്നര. ഊർമിള ഉച്ചഭക്ഷണം കഴിഞ്ഞു ഒന്ന് മയങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കഴിക്കാൻ കൊണ്ട് പോയ ചോറ് വീട്ടിൽ ചെന്ന ശേഷമാണ് അവൾ കഴിച്ചത്. എന്നിട്ടാണ് ഗായത്രി റൂമിലേക്ക് പോയത്.

മുറിയിൽ കയറി ഡോർ അടച്ച ശേഷം ഗായത്രി ഡ്രസ്സ്‌ മാറി വീട്ടിലിടുന്ന പലാസ പാന്റും ബനിയനും എടുത്തിട്ടു. ശേഷം മുഖമൊന്ന് കഴുകാനായി ബാത്‌റൂമിൽ കയറി.

ടാപ് തുറന്ന് മുഖത്ത് അൽപ്പം വെള്ളം തേവിയിട്ട് സോപ്പ് തേച്ച് അവൾ മുഖം കഴുകി. ടവൽ എടുത്ത് മുഖത്തെ വെള്ളം ഒപ്പിക്കൊണ്ട് ഗായത്രി കണ്ണാടിയിൽ തന്റെ പ്രതിബിബം നോക്കി നിന്നു. പെട്ടെന്നാണ് അവളുടെ കണ്ണുകൾ ചുറ്റിനും എന്തിനോ വേണ്ടി പരതിയത്.

താൻ കുളിക്കുന്ന ദൃശ്യം ശിവപ്രസാദ് ഒളി ക്യാമറ വച്ച് ഷൂട്ട് ചെയ്തതാവം എന്നവൾക്ക് തോന്നി. അവിടെ എങ്ങാനും ക്യാമറ ഇരിപ്പുണ്ടോ എന്നറിയാനായി ബാത്‌റൂമിന്റെ മുക്കും മൂലയുമൊക്കെ ഗായത്രി സസൂക്ഷ്മമം അരിച്ചുപെറുക്കി.

ഒന്നും കിട്ടാതായപ്പോൾ അവൾക്ക് നിരാശ തോന്നി.

ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ഗായത്രി റൂമിനുള്ളിലും സംശയം തോന്നിയ ഭാഗത്തൊക്കെ ക്യാമറ ഉണ്ടോന്ന് പരിശോധിച്ചു.

യൂട്യൂബിൽ നോക്കി റൂമിൽ ഒളി ക്യാമറ ഉണ്ടോന്ന് കണ്ടുപിടിക്കാനുള്ള ട്രിക്ക് കണ്ട് മൊബൈലിലെ ക്യാമറ ഓൺ ചെയ്ത് അവൾ എല്ലായിടത്തും ഒന്നുകൂടി പരിശോധന നടത്തി. കുറച്ചു നാളുകൾക്ക് മുൻപ് തന്നെ അവിടെയുണ്ടായിരുന്ന ക്യാമറയെല്ലാം ശിവപ്രസാദ് എടുത്ത് മാറ്റിയിരുന്നതിനാൽ ഗായത്രിക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.

ആ ശ്രമം വിഫലമായതോടെ അവൾ ലാപ്ടോപും എടുത്ത് ബെഡിൽ വന്നിരുന്നു. ബാഗിൽ നിന്നും പെൻ ഡ്രൈവ് എടുത്ത് അവൾ ലാപ്പിൽ കണക്ട് ചെയ്തു.

ഓരോ വീഡിയോയായി ഗായത്രി ഓപ്പൺ ചെയ്ത് പ്ലേ ചെയ്യാൻ തുടങ്ങി.

ഓരോ ദിവസം താൻ കുളിക്കുന്നതും വസ്ത്രം മാറുന്നതും ബെഡ്‌റൂമിലെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുമൊക്കെ വീഡിയോയിൽ കണ്ട് ഞെട്ടി തരിച്ചിരിക്കുകയാണ് അവൾ.

അടുത്തതായി ഗായത്രി ഓപ്പണാക്കിയത് ശിവപ്രസാദ് അവളെ മയക്കി കിടത്തി റേപ്പ് ചെയ്യുന്ന വീഡിയോയാണ്.

ആ വീഡിയോ പ്ലേ ആയതും ഉദ്വേഗത്തോടെ ഗായത്രി സ്ക്രീനിലേക്ക് ഉറ്റ് നോക്കി.

അന്നേ ദിവസത്തെ രാവിലെ മുതലുള്ള വീഡിയോ ഉണ്ട് അതിൽ. അവളെ അവൻ ആദ്യമായി ഉറക്കി കിടത്തി ഉപദ്രവിച്ച വീഡിയോയായിരുന്നു അത്.

ശിവപ്രസാദ് എന്തോ അലമാരയിലെ മുകളിലത്തെ തട്ടിൽ ഒളിപ്പിച്ചു വയ്ക്കുന്നതും വൈകുന്നേരം താൻ കോളേജ് വിട്ട് വന്നിട്ട് ബാത്‌റൂമിൽ ഫ്രഷ് ആകാൻ കേറുന്ന സമയം അലമാരയിൽ നിന്ന് എന്തോ എടുത്തുകൊണ്ട് താഴേക്ക് പോകുന്നുണ്ട്.

അന്നേദിവസം രാത്രി താൻ കിടക്കുന്നതിനു മുൻപേ ശിവപ്രസാദ് മുറിയിൽ വന്ന് കിടക്കുകയും ഇടയ്ക്കിടെ വാതിലിന് നേർക്ക് നോക്കുന്നതും കാണാം.

അധികം വൈകാതെ റൂമിൽ വന്ന താനും കിടന്നപാടെ ഉറങ്ങുന്നുണ്ട്. അര മണിക്കൂറോളം ശിവപ്രസാദ് അവളെ നോക്കി കിടന്നിട്ട് മെല്ലെ എഴുന്നേൽക്കുന്നത് കണ്ട് ഗായത്രി ആകാംക്ഷയോടെ ഇരുന്നു.

പിന്നീടുള്ള ദൃശ്യങ്ങൾ ഒരുൾക്കിടിലത്തോടെയാണ് അവൾ കണ്ടിരുന്നത്. സ്വന്തം ഭാര്യയെ മയക്കി കിടത്തി ഭോഗിക്കുന്ന ഭർത്താവിന്റെ മറ്റൊരു മുഖം കണ്ട് ഗായത്രി പകച്ചുപോയി.

കാലിന്റെ പെരുവിരലിൽ നിന്നുമൊരു തരിപ്പ് അവളുടെ ശരീരത്തിൽ പടർന്നു. ഇത്രത്തോളം അധഃപതിച്ചു പോയൊരുത്തനാണ് ശിവപ്രസാദെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി. ഈ തെളിവുകൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു സാധ്യതയെ കുറിച്ച് പോലും താൻ ചിന്തിക്കില്ലായിരുന്നു.

തന്റെ അമിതമായ ക്ഷീണത്തിന്റെയും ശരീര വേദനയുടെയുമൊക്കെ യഥാർത്ഥ കാരണം ഗായത്രിക്കിപ്പോൾ ബോധ്യമായി. അവൾക്ക് ദുഃഖം താങ്ങാനായില്ല. മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു.

ഈയൊരു കാര്യം താൻ ആരോടാ ഒന്ന് പറയുക? പറഞ്ഞാൽ തന്നെ ഒരാളും വിശ്വസിക്കില്ല. ഈ തെളിവുകളൊക്കെ മറ്റൊരാളെ കാണിക്കാൻ കഴിയുമോ?

ഓരോന്നോർത്തിട്ട് അവൾക്ക് തല പെരുത്തു.

ഒന്നല്ല നിരവധി തവണ ശിവപ്രസാദ് അവളെ ഉറക്കി കിടത്തി റേപ്പ് ചെയ്തതൊക്കെ ഗായത്രി കണ്ടു…

തനിക്ക് തന്റെ ഭർത്താവിനോടുണ്ടായിരുന്ന വിശ്വാസത്തിന്റെ നെറുകയിലേറ്റ കനത്ത പ്രഹരമായിരുന്നു അവൾക്കത്…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button