ചേവായൂർ സംഘർഷം; കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി: വൈകിട്ട് 6 മണി വരെ
കോഴിക്കോട്: ജില്ലയിൽ ഇന്ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും ഇതിനു നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. സിപിഎം 5000-ത്തോളം കള്ളവോട്ട് നടത്തിയെന്നും കോൺഗ്രസിന്റെ 10000 കോൺഗ്രസ് വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. സിപിഎം അഴിഞ്ഞാട്ടത്തിനു പോലീസ് കൂട്ടു നിന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അതേസമയം സംഘര്‍ഷത്തിനിടെ നടന്ന കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തിന് ജയം. സിപിഐഎം പിന്തുണയോടെയാണ് വിമത വിഭാഗം ഭരണം പിടിച്ചത്. ബാങ്ക് ചെയര്‍മാനായി അഡ്വ. ജി.സി പ്രശാന്ത് കുമാര്‍ തുടരും. 11 സീറ്റിലേക്ക് നടന്ന മത്സരത്തില്‍ മുഴുവന്‍ സീറ്റിലും വിമതവിഭാഗം വിജയിച്ചു. ഭരണസമിതിയില്‍ 7 കോണ്‍ഗ്രസ് വിമതരും നാല് സിപിഐഎം പ്രവര്‍ത്തകരും ആണുള്ളത്.തെരഞ്ഞെടുപ്പ് അട്ടിമറി നടന്നതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.