ഹൈപ്പർസോണിക് മിസൈലിന്റെ പരീക്ഷണം വിജയം; ഭാരതം മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്ന് രാജ്നാഥ് സിംഗ്
ഭുവനേശ്വർ: ലോകരാജ്യങ്ങൾ വരെ ഉറ്റുനോക്കുന്നതാണ് ഭാരതത്തിന്റെ മിസൈൽ കരുത്ത്. ഏറ്റവുമൊടുവിലായി ലോംഗ്- റേഞ്ച് ഹൈപ്പർസോണിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. ഡിആർഡിഒയുടെ പണിപ്പുരയിൽ നിർമിച്ച മിസൈലിന്റെ പരീക്ഷണ കുതിപ്പ് വിജയകരമായി. പിന്നാലെ ആശംസയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി.
ഒഡിഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ഐലൻഡിലാണ് പരീക്ഷണം നടത്തിയത്. ഇന്ത്യൻ സായുധസേനയ്ക്ക് മുതൽക്കൂട്ടാകും പുതിയ മിസൈൽ. 1,500 കിലോമീറ്ററിലധികം ദൂരത്തിൽ മിസൈൽ മികവ് കാണിക്കും. ഡിആർഡിഒയുടെ ലബോറട്ടറികളും ഡോ.എപിജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സുമായി ചേർന്നാണ് മിസൈൽ വികസിപ്പിച്ചത്. സായുധ സേനയിലെയും ഡിആർഡിഒയിലെയും മുതിർന്ന ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.
രാജ്യം സുപ്രധാന നാഴികക്കല്ല് പിന്നിട്ടെന്നാണ് അഭിനന്ദിച്ച് കൊണ്ട് രാജ്നാഥി സിംഗ് പറഞ്ഞത്. നിർണായകവും നൂതനവുമായ സൈനിക സാങ്കേതിക വിദ്യകളുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും ചേർക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
https://x.com/rajnathsingh/status/1857980534011605222
വേഗതയുടെ പേരിലാണ് ഹൈപ്പർ സോണിക് മിസൈലുകൾ അറിയപ്പെടുന്നത്. അന്തരീക്ഷത്തിൽ അഞ്ചിരട്ടി വേഗതയിൽ വരെ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. മണിക്കൂറിൽ 6,200 കിലോമീറ്റർ അഥവാ 3,850 മൈൽ ദൂരത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കുന്നു.