Novel

മംഗല്യ താലി: ഭാഗം 33

രചന: കാശിനാഥൻ

തോളിലവൻ പിടിച്ചപ്പോൾ ഭദ്ര ഞെട്ടി മുഖമുയർത്തി.

ഇറങ്ങി വാടോ.. നമ്മൾ രണ്ടാളും താമസിക്കുവാൻ പോകുന്നത് ഇനിയിവിടെയാണ്.

അത്യാവശ്യം തരക്കേടില്ലാത്ത ഒരു വീടിന്റെ മുന്നിൽ ആയിരുന്നു കാറ്‌ വന്നു നിന്നത്

ഭദ്ര ഹരിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

എന്താ ഇങ്ങനെ നോക്കുന്നത്, ഇറങ്ങി വാടോ ഭാര്യേ..

ഹരി പുഞ്ചിരിയോടെ ഡോർ തുറന്നു. എന്നിട്ട് ബാഗുകൾ ഒക്കെ എടുത്തു പുറത്തേക്ക് വെച്ചു. ഡ്രൈവർക്ക് ഉള്ള കാശ് ഗൂഗിൾ പേ ചെയ്തു കൊടുത്തു.

ഭദ്ര……..

എന്തോ..

നിലവിളക്ക് ഒന്നും എടുത്തു തന്നു സ്വീകരിച്ചുകേറ്റാൻ ആരുമില്ലകേട്ടോ.അറിയാല്ലോ സാഹചര്യങ്ങളുടെ സമ്മർദ്ദം എത്രത്തോളം വലുതാണെന്ന്.അതുകൊണ്ട്
ഐശ്വര്യമായിട്ട് പ്രാർത്ഥിച്ചുകൊണ്ട് അങ്ങട് കേറിക്കോളു… ഇനിയുള്ള കാലം ഇവിടെയങ്ങു കൂടാമല്ലേ.

ഹരി അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി. എന്നിട്ട് വീടിന്റെ കീയ് ഫ്ലോർ മാറ്റിന്റെ അടിയിൽ നിന്നുമെടുത്തു.

പോളേട്ടൻ സെറ്റ് ആക്കിതന്ന വീടാണ് കേട്ടോ. റെന്റ് ന്.. പക്ഷെ നമ്മളാണ് ആദ്യമായിട്ട് താമസിക്കാൻ പോകുന്നെ.

അവൻ പല കാര്യങ്ങൾ പറയുന്നുണ്ട്. പക്ഷെ ഭദ്ര മറുപടിയൊന്നും പറയാതെ അവന്റെ ഒപ്പം നിൽക്കുക മാത്രമായിരുന്നു.

ഡോർ തുറന്നു ഹരിയും ഭദ്രയും അകത്തേക്ക് കയറി. സെറ്റിയും, കസേരകളും, ഡൈനിങ് ടേബിളും ഒക്കെ സ്വീകരണം മുറിയിൽ കിടപ്പുണ്ട്.
ഇത്തിരി വലുപ്പമുള്ള ഒരു സ്വീകരണം മുറിയാണ്, അതിനെ രണ്ടായി പകുത്തു, ഡൈനിങ് ഏരിയയും വിസിറ്റിംഗ് ഏരിയയും ആക്കിയിരിക്കുകയാണ്.

പോളേട്ടൻ ഇപ്പോൾ എത്തും.. കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കൊണ്ടു വരാൻ ഞാൻ പറഞ്ഞേൽപ്പിച്ചതാണ്. ആള് വന്നിട്ട് നമുക്ക് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാ.

ഹരി പറയുന്നത് കേട്ടതും സംശയത്തോടെ ഭദ്ര നെറ്റി ചുളിച്ചു.

ഈ പാലുകാച്ചൽ പരിപാടിയൊക്കെ ഇല്ലേ, അതാണ് കേട്ടോ ഞാൻ ഉദ്ദേശിച്ചത്..
അവൻ പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസമായി.

താൻ എന്താണ് ഒന്നും സംസാരിക്കാത്തത്, എന്തെങ്കിലുമൊക്കെ പറയു ഭദ്ര.. ഒന്നുമില്ലെങ്കിലും തന്റെ ഭർത്താവ് അല്ലേടോ.
.
ഇനി ഞാനെന്തു പറയാനാണ് ഹരിയേട്ടാ,, എന്റെ തീരുമാനങ്ങളൊക്കെ ഞാൻ ഹരിയേട്ടനോടും അമ്മയോടും ഒക്കെ തുറന്നു പറഞ്ഞതല്ലേ, നിങ്ങളാരും അത് കേട്ടില്ല, ഇനിയിപ്പോ എല്ലാം വരുന്നിടത്ത് വച്ച് കാണാം.

ഓർഫനേജിലേക്ക് തിരിച്ചയക്കുന്ന കാര്യമായിരുന്നു അവൾ ഉദ്ദേശിച്ചത് എന്ന് ഹരിക്കു പിടികിട്ടി.

എന്റെ അടുത്തു നിന്നും ഇനിയൊരു മടക്കം, അതുവേണ്ട ഭദ്രേ, അല്ലാണ്ട് എന്തുവേണമെങ്കിലും താൻ പറഞ്ഞോളൂ, ഞാൻ സാധിപ്പിച്ചു തരും, പക്ഷേ ഇതുമാത്രംമില്ല,

ഞാൻ കുറച്ചു മുന്നേ പറഞ്ഞതുപോലെ തന്നെ,
ഹരിനാരായണൻ എവിടെയാണോ ഉള്ളത് അവിടെയായിരിക്കും ഇനിമുതൽ ഭദ്രലക്ഷ്മിയും. അതിനൊരു മാറ്റം വരണമെങ്കിൽ ഹരി ഇല്ലാണ്ടാവണം. ഭദ്രയുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഇതിലുണ്ട് കെട്ടോ.

അവളുടെ കവിളിൽ ഒന്ന് തട്ടിയശേഷം ഹരി കണ്ണിറു ക്കി കാണിച്ചു.

ആകെക്കൂടി താൻ അണിയിച്ച താലിമാല മാത്രമാണ് ഭദ്രയുടെ കഴുത്തിൽ ഉള്ളത്. ബാക്കിയൊക്കെ അമ്മ അഴിച്ചുമാറ്റിച്ചു. അമ്മയുടെ വൃത്തികെട്ട മനോഭാവത്തെ കുറിച്ച് ഓർത്തപ്പോൾ ഹരിയ്ക്ക്
ദേഷ്യം കൊണ്ട് കണ്ണുകൾ ചുവന്നു.

പോളേട്ടൻ വന്നശേഷം,ആളെ ഇവിടെ നിർത്തിയിട്ട് ഒന്ന് പുറത്തേക്ക് പോകണം,ആദ്യമായിട്ടായതുകൊണ്ട് ഭദ്രയ്ക്ക് പേടി കാണും.അതുകൊണ്ട് ഒറ്റയ്ക്ക് ആക്കിയിറങ്ങി പോകുന്നത് ശരിയല്ലല്ലോ.
അവൻ ഓർത്തു.

മുറ്റത്തൊരു വണ്ടി വന്നു നിന്നതും ഹരി അവിടേക്ക് നോക്കി. പോളേട്ടൻ ആയിരുന്നു അത്.
ഒപ്പം അയാളുടെ ഭാര്യയും ഉണ്ട്. ബീന ചേച്ചിയെ കണ്ടതും അവന്റെ മിഴികൾ തിളങ്ങി.

ആഹ് ചേച്ചി…. കുറച്ച് ആയല്ലോ കണ്ടിട്ടൊക്കെ,,,
അവൻ അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്നു.

അമ്മച്ചിക്ക് വയ്യാതെ കിടക്കുന്നതുകൊണ്ട്, ഞാൻ എങ്ങോട്ടും പോകുന്നില്ല മോനെ.ഇതിപ്പോ പോളേട്ടന്റെ ഇളയ പെങ്ങൾ സീമ വന്നിട്ടുണ്ട്, അവളെ അമ്മച്ചിയുടെ അടുത്ത് ആക്കിയിട്ടാണ് ഞങ്ങൾ രണ്ടാളും കൂടി പോകുന്നത്.

ബീന ഭദ്രേയും ഹരിയേയും മാറിമാറി നോക്കിക്കൊണ്ട് പറയുകയാണ്.

ചേച്ചിക്ക് ആളെ മനസ്സിലായി കാണുമല്ലോ അല്ലേ….ഇതാണ്കേട്ടോ എന്റെ ഭദ്ര….
അവൻ ഭദ്രയെ നോക്കി ഒരു ചിരിയോടു കൂടി ബീനയോട് പറഞ്ഞു..

കല്യാണത്തിന് വരാൻ പറ്റില്ലായിരുന്നു, അതുകൊണ്ട് മോളേ ആദ്യമായിട്ടാണ് ഞാൻ കാണുന്നത്..
ബീന അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും.

വണ്ടിയുടെ ഡിക്കി തുറന്നിട്ട് എന്തൊക്കെയോ സാധനങ്ങൾ എടുത്ത് പോളേട്ടൻ അകത്തേക്ക് കയറി വന്നു.

ഐശ്വര്യമായിട്ട് ചടങ്ങ് നടത്തിയേക്കാം അത് കഴിഞ്ഞു മതി വർത്താനമൊക്കെ..

പോളേട്ടൻ ബീനയുടെ പറഞ്ഞപ്പോൾ, അത് ശരി വെച്ചുകൊണ്ട് അവർ തലകുലുക്കി.

പാല്കാച്ചണ്ടേ മോളെ…. വാടകയ്ക്ക് ആണെങ്കിലും, ചടങ്ങ് ചടങ്ങായിട്ടുതന്നെയങ്ങു നടക്കട്ടല്ലേ…
അവർ പുഞ്ചിരിയോടെ ഭദ്രയേയും കൂട്ടി അടുക്കളയിലേക്ക് പോയി.

അലുമിനിയത്തിന്റെ ചെറിയൊരു കലവും തവിയും പിന്നെ അത്യാവശ്യം കുറച്ചു പാത്രങ്ങളും, അരിയും പച്ചക്കറികളും ഒക്കെ വാങ്ങിക്കൊണ്ടായിരുന്നു പോളേട്ടനും ബീനയും വന്നത്.

കലം കഴുകി അതിലേക്ക് പാൽ ഒഴിച്ച് വെയ്ക്കാൻ അവർ ഭദ്രയോട് ആവശ്യപ്പെട്ടു.

അല്പം മടി തോന്നിയെങ്കിലും മറ്റൊരു മാർഗവുമില്ലാതെ അവൾ അതനുസരിച്ചു.

ഒപ്പംതന്നേ ഹരിയും ഉണ്ടായിരുന്നു.പലപ്പോളും അവൻ
അവളോട് ചേർന്ന്വന്നപ്പോൾ ഭദ്ര പിന്നിലേക്ക് നീങ്ങി നിന്നു.
അവളുടെ വെപ്രാളമൊക്കെ കാണുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പതുങ്ങിയിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുക.ൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button