ട്വിസ്റ്റുകളും വിവാദങ്ങളുമൊക്കെ നിറഞ്ഞ വാശിയേറിയ പ്രചാരണം; പാലക്കാട് ഇന്ന് കൊട്ടിക്കലാശം
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് അവസാനമാകും. വിവാദങ്ങളും ട്വിസ്റ്റുകളുമൊക്കെയായി ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറി പ്രചാരണത്തിനാണ് ഇന്ന് സമാനപമാകുക. വൈകുന്നേരം ആറ് മണിയോടെ കൊട്ടിക്കലാശം നടക്കും. മൂന്ന് മുന്നണി സ്ഥാനാർഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും
എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒലവക്കോട് നിന്ന് തുടങ്ങും. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ റോഡ് ഷോ വൈകുന്നേരം നാല് മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിക്കും. ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജംഗ്ഷനിൽ നിന്നും ആരംഭിക്കും
പി സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്ഥാനാർഥി ആയതുമുതൽ സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതുവരെയുള്ള നിരവധി ട്വിസ്റ്റുകളാണ് പാലക്കാട് ഒരു മാസത്തിനിടെ കണ്ടത്. ഏറെ വിവാദങ്ങൾക്കും വാക് പോരുകൾക്കും പ്രചാരണത്തിനിടെ വഴിവെച്ചു. അതേസമയം ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് ഇടതുമുന്നണി ഇന്ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്.