മണിപ്പൂരിൽ കലാപം അതിരൂക്ഷം: അമിത് ഷാ ഇന്ന് വീണ്ടും ഉന്നതതല യോഗം വിളിച്ചു
മണിപ്പൂരിൽ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഡൽഹിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ അമിത് ഷാ നിർദേശം നൽകിയിരുന്നു
ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് അടക്കം അക്രമം വ്യാപിച്ചതോടെ ശക്തമായ നടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ പ്രചാരണ പരിപാടി അടക്കം മാറ്റിവെച്ചാണ് അമിത് ഷാ ഇന്നലെ അടിയന്തര യോഗം ചേർന്നത്.
വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണ റാലികളൊക്കെ റദ്ദാക്കി അമിത് ഷാ ഡൽഹിക്ക് മടങ്ങുകയായിരുന്നു. സിആർപിഎഫ് ഡയറക്ടർ ജനറൽ മണിപ്പൂരിലെത്താൻ ഇന്നലെ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. കൂടുതൽ കേന്ദ്ര സേനയെ സംഘർഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിട്ടുണ്ട്.