2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ
സീനിയർ താരങ്ങളില്ലാതെ കുട്ടി ക്രിക്കറ്റിന്റെ ലോകത്ത് നിറഞ്ഞാടുകയാണ് ടീം ഇന്ത്യ. സൂര്യകുമാർ യാദവിന് കീഴിൽ യുവതാരങ്ങളുടെ മിന്നും പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയോടെ ടീം ഇന്ത്യയുടെ ഈ വർഷത്തെ മത്സരങ്ങൾക്ക് അവസാനമായിരിക്കുന്നു. ഈ വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾക്ക് മാറ്റ് കൂട്ടി 11 വർഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തം മണ്ണിലെത്തിച്ച ഐസിസി ടി20 കിരീടവുമുണ്ട്.
2024-ൽ ടി20യിൽ 26 മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് 24 മത്സരങ്ങളിലും ജയം. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയായിരുന്നു തോൽവി. 92.31വിജയശതമാനത്തോടെയാണ് ഈ കലണ്ടർ വർഷം ഇന്ത്യ പരമ്പരകൾ അവസാനിപ്പിച്ചിരിക്കുന്നത്. ടി20-യിലെ ഏതൊരു ടീമിൻ്റെയും എക്കാലത്തെയും ഉയർന്ന വിജയശതമാനമാണിത്. 2018-ൽ പാകിസ്താൻ 19 മത്സരങ്ങളിൽ നിന്ന് 17 ജയിച്ച് സ്വന്തമാക്കിയ 89.47 വിജയശതമാനവും ടീം ഇന്ത്യ മറികടന്നു. ടി20 യിൽ തമിഴ്നാടിന്റെ പേരിലുള്ള ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. 2021-ൽ 16-ൽ 15 മത്സരവും ജയിച്ചതോടെ ലഭിച്ച 93.75 ശതമാനം വിജയമാണ് ഇന്ത്യക്കിനി തകർക്കേണ്ടത്.
അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടന്ന ടി20 ലോകകപ്പ് ഉൾപ്പെടെ ഈ വർഷം കളിച്ച എല്ലാ രാജ്യാന്തര ടി20 പരമ്പരകളിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരെയായിരുന്നു ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.
കരീബിയൻ മണ്ണിൽ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിന് പിന്നാലെയാണ് കുട്ടി ക്രിക്കറ്റിൽ നിന്ന് വിരാട് കോലിയും രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയുമെല്ലാം വിരമിക്കൽ പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് ടീം ഇന്ത്യയുടെ നായകനായെത്തി. മികച്ച പ്രകടനവുമായി പരമ്പരകളിൽ യുവതാരങ്ങളും നിറഞ്ഞ് നിന്നു. കൂടുതൽ സെഞ്ചറികൾ, ബൗണ്ടറികൾ, ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളെന്ന റെക്കോർഡും ഇനി ഇന്ത്യക്ക് സ്വന്തം. 7 സെഞ്ച്വറികളാണ് 2024-ൽ ഇന്ത്യൻ താരങ്ങൾ നേടിയത്. സഞ്ജു സാംസൺ (3), തിലക് വർമ്മ (2), രോഹിത് ശർമ്മ (1), അഭിഷേക് ശർമ്മ (1) എന്നിവരാണ് സെഞ്ച്വറി നേടിയത്.
ഈ വർഷം നേരിട്ട ഓരോ 4.68 പന്തിലും ബൗണ്ടറി കണ്ടെത്തിയ ഇന്ത്യ, ഓരോ 12.9 പന്തിലും സിക്സറും പറത്തിയാണ് റെക്കോർഡിട്ടത്. ഒരു ഓവറിൽ ഈ വർഷം ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത് ശരാശരി 9.55 റൺസ്. ഇനി മറികടക്കാനുള്ളത് ഓസ്ട്രേലിയയെ. ഈ വർഷം ഒരു ഓവറിൽ ഓസ്ട്രേലിയൻ താരങ്ങൾ നേടിയത് 9.72 റൺസ് വീതം.
ഇന്ത്യൻ ടി20 ടീമിന്റെ റൺവേട്ടയിൽ സമഗ്ര സംഭവാനയുമായി തിളങ്ങിയത് മലയാളി താരം സഞ്ജു സാംസണാണ്. ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിട്ടും ഒരു മത്സരത്തിൽ പോലും രാജ്യത്തിനായി പാഡണിയാൻ സഞ്ജുവിന് സാധിച്ചില്ലെങ്കിലും 12 ഇന്നിംഗ്സുകളിൽ നിന്ന് 436 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ഓപ്പണറായി പ്രെമോഷൻ ലഭിച്ച 9 ഇന്നിംഗ്സുകളിൽ നിന്ന് നേടിയത് 461 റൺസും. രാജ്യന്തര ടി20യിൽ മൂന്ന് സെഞ്ച്വറികളെന്ന നേട്ടം സഞ്ജുവിന് ഉണ്ടെങ്കിലും ഈ കലണ്ടർ വർഷം 5 ഡക്കുകളെന്ന നാണക്കേടിന്റെ റെക്കോർഡും സഞ്ജുവിന്റെ പേരിലുണ്ട്. വിരാട് കോലി, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവരാണ് സഞ്ജുവിന് പിന്നിലുള്ളത്.
11 ഇന്ത്യൻ താരങ്ങളാണ് ഈ കലണ്ടർ വർഷം 200ന് മുകളിൽ റൺസ് നേടിയത്. ഇതിൽ എട്ടു പേരുടെയും സ്ട്രൈക്ക് റേറ്റ് 150-ന് മുകളിലാണെന്നത് ശ്രദ്ധേയം. തിലക് വർമ്മ (306 റൺസ്), സഞ്ജു സാംസൺ (436 റൺസ്), യശസ്വി ജയ്‌സ്വാൾ (293 റൺസ്) എന്നിവരെല്ലാം പട്ടികയിലുണ്ട്. ബൗളർമാരുടെ വർഷം കൂടിയായിരുന്നു 2024. 26 മത്സരങ്ങളിൽ 10-ലും ഇന്ത്യ എതിരാളികളെ ഓൾഔട്ടാക്കി. 18 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുമായി അർഷ്ദീപ് സിംഗാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ തലപ്പത്ത്. ഈ കലണ്ടർ വർഷം ഇന്നിംഗ്സിൽ ശരാശരി 8.33 വിക്കറ്റുകളെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 3 തവണ നൂറിലധികം റൺസിന് ഇന്ത്യ ജയിക്കുകയും ചെയ്തു. രാജ്യാന്തര ടി20യിൽ നേടിയ രണ്ട് പത്ത് വിക്കറ്റ് ജയങ്ങളിൽ ഒന്ന് സ്വന്തമാക്കിയതും ഈ വർഷമാണ്.