Novel

വരും ജന്മം നിനക്കായ്: ഭാഗം 39

രചന: ശിവ എസ് നായർ

“എന്താ ഗായു? എന്തെങ്കിലും പ്രശ്നമുണ്ടോ?” ഗായത്രിയുടെ മുഖത്തെ വിഷാദ ഭാവം കണ്ട് വല്ലായ്മയോടെ രേവതി ചോദിച്ചു.

“പറയാനാണെങ്കിൽ ഒരുപാടുണ്ട് രേവതി. പക്ഷേ എനിക്കിപ്പോ അറിയേണ്ടത് ശിവപ്രസാദിനെ കുറിച്ച് രേവതിക്ക് അറിയാവുന്ന കാര്യങ്ങളാണ്.” ഇതുവരെ ശിവേട്ടനെന്ന് സംബോധന ചെയ്തിരുന്ന ഗായത്രി, അവനെ പെട്ടെന്ന് പേരെടുത്തു പറഞ്ഞത് രേവതി പ്രത്യേകം ശ്രദ്ധിച്ചു.

“നിനക്കെന്താ അറിയേണ്ടത്?”

“വർണ്ണയുമായി അയാളുടെ കല്യാണം മുടങ്ങാൻ എന്തായിരുന്നു കാരണം?”

“വർണ്ണയോട് ശിവേട്ടൻ കുറച്ചു മോശമായി പെരുമാറിയിട്ടുണ്ട്. അതാണ് ആ കല്യാണം മുടങ്ങാൻ കാരണം.”

“എങ്ങനെ മോശമായി പെരുമാറിയെന്നാ?” ഗായത്രി സംശയത്തോടെ അവളെ നോക്കി.

“അത് ഞാൻ പറയുന്നതിനേക്കാൾ നല്ലത് വർണ്ണ തന്നെ പറയുന്നതാവും. ഗായത്രിക്ക് വിരോധമില്ലെങ്കിൽ വർണ്ണയെ ഞാനിങ്ങോട്ട് വിളിക്കട്ടെ. അവൾ കോഫി ഷോപ്പിന് പുറത്തുണ്ട്. ഞാൻ വിളിച്ചിട്ട് വന്നതാ.” രേവതി മടിച്ചു മടിച്ചു ചോദിച്ചു.

“വർണ്ണയെയും ഒന്ന് കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ. എനിക്ക് സത്യമറിഞ്ഞാൽ മതി.” ഗായത്രിയുടെ സമ്മതം കിട്ടിയതും രേവതി, വർണ്ണയെ ഫോണിൽ വിളിച്ചു അകത്തേക്ക് വരാൻ പറഞ്ഞു.

“ശിവേട്ടന്റെയും വർണ്ണയുടെയും എൻഗേജ്മെന്റ് കഴിഞ്ഞപ്പോൾ മുതൽ ഞങ്ങൾ തമ്മിൽ ഫ്രണ്ട്സായി. അങ്ങനെയാണ് അവർക്കിടയിൽ നടന്ന പ്രശ്നങ്ങളൊക്കെ പിന്നീട് അവൾ പറഞ്ഞ് ഞാനറിഞ്ഞത്.” രേവതി പറഞ്ഞത് കേട്ട് ഗായത്രിയൊന്ന് മൂളി.

അൽപ്പസമയത്തിനുള്ളിൽ തന്നെ മെലിഞ്ഞ് വെളുത്തൊരു യുവതി അവർക്കരികിലേക്ക് നടന്ന് വന്നു. ഇളം നീല നിറത്തിലുള്ളൊരു ഫ്രോക്കായിരുന്നു അവളുടെ വേഷം.

“ഹായ് ഗായത്രി… ഐആം വർണ്ണ.” അവൾ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഗായത്രിക്ക് നേരെ കൈനീട്ടി.

“ഹായ്…” ചെറിയൊരു പുഞ്ചിരിയോടെ അവൾ വർണ്ണയുടെ കൈ പിടിച്ചു കുലുക്കി.

“രേവതി ഇന്നലെ എന്നെ വിളിച്ചിരുന്നു. ഞങ്ങളുടെ കല്യാണം മുടങ്ങാനുള്ള കാരണം എന്താണെന്ന് ഗായത്രി ചോദിച്ചതായി ഇവൾ പറഞ്ഞു. ഈ കാര്യം നിങ്ങളുടെ വിവാഹത്തിന് മുൻപേ തന്നെ ഗായത്രിയെ അറിയിക്കാൻ ഞാൻ ഇവളോട് പറഞ്ഞതാ. പക്ഷേ നിർഭാഗ്യവശാൽ അവൾക്കതിനു കഴിഞ്ഞില്ല.” വർണ്ണ സംഭാഷണത്തിന് തുടക്കമിട്ടു.

“നിങ്ങളുടെ കല്യാണത്തിന് മുൻപ് വരെ എനിക്ക് ഗായത്രിയെ കാണാൻ വരാനോ വിളിക്കാനുള്ള ഒരു സാഹചര്യമോ ഉണ്ടായില്ല. തന്റെ ഫോൺ നമ്പർ സംഘടിപ്പിക്കാൻ നോക്കിയിട്ടും കാണാൻ ശ്രമിച്ചിട്ടും രണ്ടും നടന്നില്ല. ഈ കല്യാണം നടന്ന് കിട്ടുന്നത് വരെ അമ്മായിയോ ശിവേട്ടനോ ഒന്നും അതിനുള്ള സാഹചര്യം മനഃപൂർവം ഉണ്ടാകാതിരിക്കാൻ ശ്രമിച്ചു.

അതിന്റെ കാരണം എനിക്ക് പലതും അറിയാമെന്ന് അവർക്കറിയാവുന്നത് കൊണ്ടായിരുന്നു. വിവാഹത്തിന് മുൻപേ തന്നെ ശിവേട്ടനെ കുറിച്ച് ഗായുവിനോട് എനിക്കൊന്നും പറയാൻ പറ്റാത്തത് കൊണ്ട് നിങ്ങളുടെ വിവാഹ ദിവസം എല്ലാം പറയാമെന്നായിരുന്നു ഞാൻ വിചാരിച്ചത്.

പക്ഷേ അന്ന് ഊർമിള അമ്മായി എന്റെ കാല് പിടിച്ച് അപേക്ഷിക്കും പോലെ നിങ്ങളുടെ ജീവിതം തകർക്കരുതെന്ന് പറഞ്ഞ് കെഞ്ചിയപ്പോൾ, തന്നെ ഒന്നും അറിയിക്കണ്ടെന്ന് ഞാൻ തീരുമാനിച്ചു. ശിവേട്ടന്റെ സ്വഭാവത്തെ കുറിച്ച് അന്ന് ചെറിയൊരു സൂചന മാത്രം തന്നത് അതുകൊണ്ടാ.

ശിവേട്ടനെ കൊണ്ട് തനിക്കെന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ എല്ലാം പറയാമെന്നു കരുതി. ഈ ഒരു വർഷം നിങ്ങളുടെ ജീവിതം കുഴപ്പങ്ങൾ കൂടാതെ പോകുന്നത് കണ്ടപ്പോ സത്യത്തിൽ ഞാൻ സമാധാനിച്ചിരിക്കുകയായിരുന്നു. വർണ്ണ പറഞ്ഞ പോലെ ശിവേട്ടൻ അത്ര വലിയ കുഴപ്പക്കാരനല്ല എന്ന ധാരണയായിരുന്നു.

പക്ഷേ ഗായുവിന്റെ മുഖം കാണുമ്പോൾ എന്തോ സീരിയസ് പ്രശ്നമുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ടല്ലേ എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞ് നീ വിളിക്കാൻ കാരണം. ആദ്യമേ എല്ലാം നിന്നോട് പറയാമായിരുന്നു എന്നിപ്പോ തോന്നുന്നു.” ഒട്ടൊരു കുറ്റബോധത്തോടെ രേവതി പറഞ്ഞു നിർത്തി.

“ഗായത്രീ… ശിവപ്രസാദും താനും തമ്മിൽ എന്താ പ്രശ്നമെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അറിഞ്ഞിടത്തോളം അവനൊരു സൈക്കോയാണ്.

ഞാൻ ഇങ്ങനെ പറയാൻ കാരണം, ഞങ്ങളുടെ നിശ്ചയം കഴിഞ്ഞ ശേഷം ഞാനും ശിവയും എല്ലാ രീതിയിലും ഒന്നായിട്ടുണ്ട്. ഒരു തവണയല്ല, പല തവണ.

കല്യാണം കഴിക്കാൻ പോകുന്നവരല്ലേ എന്ന് കരുതി അതിലൊന്നും പ്രത്യേകിച്ച് ഒരു തെറ്റും ഞങ്ങൾക്ക് തോന്നിയിരുന്നില്ല. പക്ഷേ ഞങ്ങൾ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങളിലാണ് ശിവയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നത്. സാധാരണ കാണുന്ന ആളേയല്ല ആ സമയമവൻ.

ആദ്യമായി ഞങ്ങൾ ബന്ധപ്പെടുമ്പോൾ എന്റെ ശരീരം വല്ലാതെ നോവിച്ചു കൊണ്ടായിരുന്നു അവന്റെ രീതികൾ. എനിക്കും അവനും അത് ആദ്യത്തെ അനുഭവമായത് കൊണ്ട് അപ്പോഴൊന്നും ഞാനത് കാര്യമാക്കിയില്ല. ഒരിക്കൽ നടന്നതൊക്കെയും പിന്നീട് പലവട്ടം നടന്നു.

അന്നേരമാണ് എനിക്കത് മനസ്സിലായത്. ഒരു സ്ത്രീയുടെ ശരീരം എത്ര വേദനിപ്പിക്കാമോ അത്രയധികം വേദനിപ്പിച്ചു കൊണ്ടാണ് അവൻ സെക്സിൽ ഏർപ്പെടുന്നത്. ശിവയോടുള്ള സ്നേഹം കൊണ്ട് പിന്നീട് ഈ സ്വഭാവം മാറുമെന്ന ചിന്തയിൽ ആദ്യമൊക്കെ ഞാൻ കുറെ ക്ഷമിച്ചു. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല.

പിന്നെ പിന്നെ എനിക്ക് വേദന സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഞാൻ എതിർക്കാൻ തുടങ്ങി. അങ്ങനെ എതിർക്കുന്ന നിമിഷങ്ങളിൽ അവൻ ഭ്രാന്തനെ പോലെ എന്നെ അടിക്കുകയും എന്നെ ബലമായി പിടിച്ചു വച്ച് പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ ക്ഷമിച്ച് അവനെ ഞാൻ ഒരു ഡോക്ടറെ അടുത്ത് കൗൺസിലിംഗിന് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ശിവ എന്നെ കുറെ തല്ലി, ചീത്ത പറഞ്ഞു.

ഇങ്ങനെയാണെങ്കിൽ മുന്നോട്ടു പോവാൻ പറ്റില്ലെന്നും ഞാനീ കല്യാണം വേണ്ടെന്ന് വയ്ക്കുമെന്നും പറഞ്ഞപ്പോൾ കാല് പിടിച്ചു മാപ്പ് പറഞ്ഞ് കുറെ കരഞ്ഞു. കുറച്ചു ദിവസം പ്രശ്നങ്ങൾ ഒന്നുമില്ലാതെ പോയെങ്കിലും ശിവ ഒരിക്കലും മാറില്ലെന്ന് അവന്റെ പ്രവർത്തിയിൽ നിന്ന് എനിക്ക് ബോധ്യമായി.

എന്നെ വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുമ്പോഴാണ് അവന് സുഖം കിട്ടുന്നതെന്ന് ശിവ പറയാതെ പറയുന്ന പോലെ എനിക്ക് തോന്നി. സാഡിസ്റ്റ് ആയ ഒരാളുടെ കൂടെ ലൈഫ് ലോങ്ങ്‌ എങ്ങനെ ജീവിക്കും ഗായത്രി. ഒരു ജീവിതമല്ലേ ഉള്ളു. സമാധാനം നിറഞ്ഞ ഒരു ജീവിതം ആരാ ആഗ്രഹിക്കാത്തത്.

ശിവപ്രസാദിനെ കല്യാണം കഴിച്ചാൽ എനിക്കെന്നും വേദനിക്കേണ്ടി വരുമെന്ന് മനസ്സിലായി. അങ്ങനെയാണ് വീട്ടിൽ ഇക്കാര്യം പറഞ്ഞ് ഞാനീ കല്യാണത്തിൽ നിന്ന് പിന്മാറിയത്. ആരെ കല്യാണം കഴിച്ചാലും അവന്റെ സ്വഭാവം ഇങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി കുരുതി കൊടുക്കണ്ട എന്ന് കരുതിയാണ് തന്നെ ഈ വിവരം അറിയിക്കണമെന്ന് ഞാൻ രേവതിയോട് പറഞ്ഞത്. പക്ഷേ അവളത് കേട്ടില്ല.

കല്യാണ ശേഷം നിങ്ങളുടെ ലൈഫ് പ്രശ്നങ്ങൾ കൂടാതെ പോകുന്നുണ്ട് എന്ന് രേവതിയിൽ നിന്ന് അറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ട് പോയി. അവന് ഇങ്ങനെ മാറാൻ എങ്ങനെ കഴിഞ്ഞെന്ന് ഓർത്ത് ഞാൻ കൺഫ്യൂസായി. പിന്നെ തോന്നി ഗായത്രിയുടെ മിടുക്ക് കൊണ്ടാവും അവനെ മെരുക്കിയെടുത്തതെന്ന്. അല്ലാതെ ഒരാൾക്ക് തന്റെ സ്ഥായീയായ സ്വഭാവം ഒരു വർഷമൊന്നും മറച്ചു വച്ച് ജീവിക്കാൻ കഴിയില്ല.” വർണ്ണ പറഞ്ഞ് നിർത്തി.

“അയാൾ മാറിയിട്ടൊന്നുമില്ല… ആ വൃത്തികെട്ടവന്റെ സ്വഭാവം ഇങ്ങനെയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാനിങ്ങനെ വിഡ്ഢി വേഷം കെട്ടി ജീവിക്കില്ലായിരുന്നു. അയാളെ സ്നേഹിക്കാൻ ശ്രമിക്കില്ലായിരുന്നു. ആ അഭിനയം കണ്ണടച്ച് വിശ്വസിക്കില്ലായിരുന്നു.

ഈ ഒരു വർഷം അവനെന്നെ വിദഗ്ധമായി പറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഞാനെല്ലാം അറിയാൻ വൈകിപ്പോയി.” ദുഃഖ ഭാരത്തോടെ ഗായത്രി മുഖം കുനിച്ചിരുന്നു. അവളുടെ മിഴികൾ നിറയുന്നത് ഇരുവരും കണ്ടു.

തങ്ങൾ അറിഞ്ഞിടത്തോളം ഗായത്രി ബോൾഡാണ്. ആ അവൾ ഇങ്ങനെ കരയണമെങ്കിൽ പ്രശ്നം ഗുരുതരമാണെന്ന് അവരോർത്തു.

“ശിവപ്രസാദ് നിന്നെ എന്ത് ചെയ്തു?” വർണ്ണയാണ് ചോദിച്ചത്.

“പറ ഗായു… ശിവേട്ടൻ നിന്നെ എന്താ ചെയ്തത്?” അവളുടെ മൗനം കണ്ട് രേവതിക്കും വിഷമം തോന്നി.

“അയാളെനിക്ക് ചായയിൽ ഉറക്ക ഗുളിക തന്ന് മയക്കി കിടത്തിയിട്ട് റേപ്പ് ചെയ്യാറുണ്ട്. രണ്ട് ദിവസം മുൻപ് അയാൾ എനിക്ക് കുടിക്കാനുള്ള ചായയിൽ എന്തോ കലക്കുന്നത് കണ്ടു. അപ്പോൾ തന്നെ എനിക്ക് സംശയമായി.” രണ്ട് ദിവസം മുൻപ് നടന്ന കാര്യങ്ങളൊക്കെ അവൾ ഇരുവരോടും പറഞ്ഞു.

റൂമിൽ ക്യാമറ വച്ചതും ശിവപ്രസാദിന്റെ ലാപ്പിൽ താൻ കണ്ട കാര്യങ്ങളും ഗായത്രി അവരിൽ നിന്ന് മറച്ചു വച്ചു. എല്ലാം അവരോട് പറയേണ്ടതില്ലെന്ന് അവൾക്ക് തോന്നി.

“ഗായു… ഐആം സോറി… ഊർമിള അമ്മായി എന്റെ കാല് പിടിച്ചു കരഞ്ഞത് കൊണ്ടാ നിന്നോട് ഞാനിതൊന്നും പറയാതിരുന്നത്. തെറ്റ് പറ്റാത്തവരായി ആരുമില്ലല്ലോ. തിരുത്താൻ ഒരവസരം ശിവേട്ടനും കൊടുക്കണമെന്ന് തോന്നി. നിനക്ക് ശിവേട്ടനെ മെരുക്കാൻ പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. വർണ്ണയോടും
ഗായത്രിയെ ഇനിയൊന്നും അറിയിക്കണ്ടന്ന് ഞാൻ പറഞ്ഞു. അമ്മായിടെ സങ്കടം കണ്ടപ്പോ എന്റെ മനസ്സലിഞ്ഞു പോയി.” രേവതി വ്യസനത്തോടെ പറഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button