പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് സുപഭാതം ദിനപത്രത്തില്‍ വന്ന എല്‍ഡിഎഫിന്റെ പരസ്യം തള്ളി സമസ്ത നേതൃത്വം. ഏതെങ്കിലും മുന്നണിയെയോ പാര്‍ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരിശോധന തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമസ്തയിലെ ഒരു വിഭാഗം ലീഗിനോടുള്ള ആഭിമുഖ്യം വിട്ട് ഒരു കൂട്ടര്‍ സി പി എമ്മിനോട് അടുക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുകയും ഈ വിഷയത്തില്‍ ലീഗിനെതിരെ ഒരുകൂട്ടം ശക്തമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് സുപ്രഭാതം പത്രത്തിലെ പാലക്കാട് എഡിഷനിലെ ഒന്നാം പേജില്‍ എല്‍ ഡി എഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചത്. എ പി വിഭാഗം സമസ്തയുടെ മുഖപത്രമായ സിറാജിലും സമാനമായ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
ബി ജെ പി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുടെ പഴയ പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പരസ്യം പ്രസിദ്ധീകരിച്ചത്. സരിന് വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നിരിക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പോലും ഈ പരസ്യം നല്‍കിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.