സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണം; ആരോപണവുമായി എ ഐ വൈ എഫ്
മുനമ്പം വിഷയത്തിലെ പരാമര്‍ശത്തില്‍ നടപടി വേണമെന്ന ്
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ്. മുനമ്പം വിഷയത്തിലെ വിവാദ പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടി എഐവൈഎഫ് ആണ് പൊലീസിന് പരാതി നല്‍കിയത്.
സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാലാപാഹ്വാനം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡിനെ കിരാതം എന്ന് വിശേഷിപ്പിച്ചിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ ആണ് പരാതി നല്‍കിയത്.
നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കുമെന്ന് സുരേഷ്ഗോപി പറഞ്ഞിരുന്നു. വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസിന്റെ പ്രചരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. വിവാദ പരാമര്‍ശം സമൂഹത്തില്‍ മതവിദ്വേഷമുണ്ടാക്കുന്നതും കലാപാഹ്വാനം നല്‍കുന്നതുമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഇതേ വിഷയത്തില്‍ കോണ്‍ഗ്രസും നേരത്തേ രൂക്ഷമായ ആരോപണണവുമായി രംഗത്തെത്തിയിരുന്നു. ഇതേകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരോടും സുരേഷ് ഗോപി രോഷാകുലനായിരുന്നു. വിവാദമായ പരാമര്‍ശങ്ങള്‍ക്ക് ശേഷവും അതിനെ ന്യായീകരിക്കാനുള്ള നീക്കമാണ് സുരേഷ് ഗോപി നടത്തിയിരുന്നത്.