Kerala
അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്
നവംബർ 21ന് തെക്കൻ ആൻഡമാൻ കടലിനു മുകളിലായി ചക്രവാതചുഴി രൂപപ്പെടുമെന്ന് അറിയിപ്പുണ്ട്. നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.