
മംഗളൂരു: കര്‍ണാടക കുന്ദാപുരയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്. മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ട പയ്യന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
കുമ്പാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66-ല്‍ ചണ്ഡിക ദുര്‍ഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്ന് കാര്‍ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകില്‍ നിന്ന് വരികയായിരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.
മംഗളൂരു രജിസ്‌ട്രേഷനുള്ള ലോറിയാണ് വാഹനത്തില്‍ ഇടിച്ചത്. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരില്‍ നിന്ന് തീര്‍ത്ഥാടനത്തിന് പുറപ്പെട്ടത്.
പയ്യന്നൂര്‍ തായ്‌നേരി കൈലാസില്‍ നാരായണന്‍, ഭാര്യ വത്സല, അയല്‍വാസി കൗസ്തുപത്തില്‍ മധു, ഭാര്യ അനിത,അന്നൂര്‍ സ്വദേശി റിട്ട അദ്ധ്യാപകന്‍ ഭാര്‍ഗവന്‍,ഭാര്യ ചിത്രലേഘ, കാര്‍ ഡ്രൈവര്‍ ഫാസില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്. നാരായണന്‍, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് സ്ത്രീകളുടെ നില അതീവ ഗുരുതരമാണ്. നാരായണന്‍ അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മധുവിനെയും ഭാര്‍ഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.