കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 127
രചന: റിൻസി പ്രിൻസ്
സഹായിച്ചത് അവർ ഓർത്തു. കുട്ടിക്കാലത്ത് താൻ വെള്ളം കോരുന്നത് കണ്ട് വേദനിച്ച അവൻ അമ്മ അവിടെ ഇരിക്കുവെന്ന് പറഞ്ഞ് കലവും ബക്കറ്റും എല്ലാം എടുത്തുകൊണ്ടുപോയി വെള്ളം കോരി നിറച്ചതൊക്കെ ആ നിമിഷം ഓർത്തു സതി.
ജീവിതത്തിൽ ആദ്യമായി സുധിക്ക് വേണ്ടി അവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്ന വീണു.
സുധി തന്നെ സ്നേഹിച്ചത് പോലെ ഒരിക്കലും ശ്രീജിത്തിന് തന്നെ സ്നേഹിക്കാൻ സാധിക്കില്ല എന്ന് സതി മനസ്സിലാക്കുകയായിരുന്നു. ഒരു കളങ്കവുമില്ലാത്ത തിരിച്ചുള്ള ഒരു പ്രതീക്ഷകളും ഇല്ലാത്ത സ്നേഹമായിരുന്നു ശ്രീജിത്തിന് തന്നോട് ഉണ്ടായിരുന്നത് എന്നാൽ ശ്രീജിത്ത് അങ്ങനെയല്ല. കണക്കുകളും ലാഭങ്ങളും നോക്കിയാണ് അവന്റെ സ്നേഹം. ഏത് കാര്യത്തിലും അവന്റേതായ ലാഭവും നഷ്ടവും വ്യക്തമായി നോക്കിയതിനുശേഷം മാത്രമേ അവൻ ആളുകൾക്ക് സ്നേഹം പോലും പകർന്നു കൊടുക്കുകയുള്ളൂ. എന്നാൽ സുധി അങ്ങനെയല്ല സ്നേഹിക്കുന്നവർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും അവൻ തയ്യാറാണ്. അത് താൻ മനസ്സിലാക്കിയിട്ടുള്ളതാണ്.
സുധിയായിരുന്നു ശരിയെന്ന് ഒരു നിമിഷം സതി ഓർത്തു. പിറ്റേദിവസം ആശുപത്രിയിൽ പോകുവാൻ വേണ്ടി അവർ ഒരിക്കൽ കൂടി സുഗന്ധിയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചു.
” എന്താ അമ്മേ..?
താല്പര്യമില്ലാതെ സുഗന്ധി ഫോൺ എടുത്തു കൊണ്ട് ചോദിച്ചു.
” എനിക്ക് ഒന്ന് ആശുപത്രിയിൽ പോണം ഗവൺമെന്റ് ആശുപത്രിയിൽ പോകാൻ ആണ് ശ്രീജിത്ത് പറയുന്നത്. നീയും കൂടി എന്റെ കൂടെ ഒന്ന് വരുമോ.? കുറേ ദിവസമായിട്ട് മരുന്നൊക്കെ തീർന്നിരിക്കുവാ. ഞാൻ ഒറ്റയ്ക്ക് ഉള്ളൂ, അതുകൊണ്ട വിളിച്ചത്. രമ്യേ വിളിച്ചാൽ പിന്നെ ജോലി ഉള്ളതുകൊണ്ട് വരില്ല എന്ന് പറയുള്ളൂ. അതാ നിന്നെ ഒന്ന് വിളിച്ചത്.
” അമ്മയ്ക്ക് വേറെ പണിയില്ലേ.? തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ ഇങ്ങനെ വിളിക്കാൻ.. അല്ലെങ്കിലും എന്നെ കല്യാണം കഴിപ്പിച്ചു വിട്ടതാണെന്നുള്ള ഒരു ബോധം അമ്മയ്ക്ക് വേണ്ടേ.? എല്ലാത്തിനും ഞാൻ ഓടി വരേണ്ട ആവശ്യം ഉണ്ടോ.? അമ്മ മരുമകളെ വിളിച്ചു കൊണ്ടുപോണം. എനിക്കിവിടെ പിള്ളേരുടെ കാര്യം നോക്കാൻ തന്നെ നേരമില്ല. അതിനിടയിൽ ഇനി ആശുപത്രിയിൽ വന്ന് കാത്ത്കെട്ടി നിൽക്കുന്നത്.
” നീ എന്താടി സുഗന്ധി ഇങ്ങനെയൊക്കെ പറയുന്നത്. ശ്രീജിത്ത് എന്തെങ്കിലും പറഞ്ഞൂന്ന് കരുതി ആ വിദ്വേഷം നീ എന്നോടാണോ തീർക്കുന്നത്.. നിനക്കറിയാലോ സുധി ഇവിടെയുള്ള കാലത്ത് അവൻ എനിക്ക് തന്ന പണം മുഴുവൻ നിനക്കും നിന്റെ കുട്ടികൾക്കും വേണ്ടിയാ ഞാൻ തന്നിട്ടുള്ളത്. എന്നിട്ട് എനിക്കൊരു ആവശ്യം വരുമ്പോൾ ഞാൻ രമ്യയോട് പറയാൻ പറഞ്ഞാൽ അത് നടക്കുന്ന കാര്യമാണോ.? നിനക്കറിയാലോ സുധിയുടെ കല്യാണസമയത്ത് അവന്റെ പെണ്ണിന് മാല വാങ്ങുന്ന കാശ് കൂടെ എടുത്ത് ഞാൻ നിന്റെ മോൾക്ക് ആണ് സ്വർണ്ണം വാങ്ങിയത്. അതൊക്കെ രമ്യ കണ്ടത് ആണ്.
“അപ്പോൾ ആശുപത്രി വരാൻ പറഞ്ഞാൽ വരുമോ അവൾ.? ആ കൊച്ചിന് ഞാൻ കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ല.
” അമ്മ ഇപ്പോൾ കണക്ക് പറയാണോ.? അങ്ങനെയാണെങ്കിൽ അമ്മ ശ്രീജിത്തിന് കൊടുത്തത് വെച്ച് നോക്കുമ്പോൾ എനിക്ക് എന്തു തന്നു? അമ്മയുടെ കുറെ പഴയ സ്വർണം തന്നു. അതും ചെമ്പ് കൂടിയത്. അല്ലാതെ വേറെ ഒന്നും തന്നിട്ടില്ലല്ലോ.
സുഗന്ധി വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു
“നീ തന്നെ ഇങ്ങനെ പറയണം.. ഇവിടെ നല്ലൊരു കറി വച്ചാൽ പോലും നിന്നെ ഞാൻ വിളിക്കുമായിരുന്നു. നീ ഓടി വരുമായിരുന്നല്ലോ. അപ്പോഴൊന്നും നിനക്ക് ഈ ബുദ്ധിമുട്ടുകളും കാര്യങ്ങളും ഉണ്ടായിരുന്നില്ലല്ലോ.. അതുപോട്ടെ ഗൾഫിൽ നിന്ന് കൊണ്ടുവന്ന എന്തോരം നല്ല പാത്രങ്ങൾ, പിന്നെ എന്റെ എത്ര നല്ല സാരികൾ അങ്ങനെ എന്തെല്ലാം സാധനങ്ങൾ സ്വർണത്തിന് പുറമേ നിനക്ക് തന്നിരിക്കുന്നു. എല്ലാത്തിലും ഉപരി എത്രയോ ചിട്ടിപ്പിടിച്ച് 50000, 60000 രൂപ ഞാൻ നിനക്ക് തന്നിരിക്കുന്നു. അങ്ങനെ പറയുകയാണെങ്കിൽ ഞാൻ ശ്രീജിത്തിന് അത്രയൊന്നും കൊടുത്തിട്ടില്ല. ഇനിയുമുണ്ട് എന്റെ കഴുത്തിലും കയ്യിലും ഒക്കെ കുറച്ചു സ്വർണം.. അത് തീരുന്ന വരെയെങ്കിലും നീ വരുമെന്ന് ഞാൻ കരുതിയത്..
അങ്ങനെ അവർ പറഞ്ഞപ്പോൾ സുഗന്ധി വല്ലാതെ കൊച്ചായി പോകുന്നത് പോലെ തോന്നി. സത്യം പറഞ്ഞാൽ അപ്പോഴാണ് ആ കാര്യത്തെക്കുറിച്ച് അവൾക്ക് ഓർമ്മ വന്നതും.
” അമ്മ ഞാൻ അങ്ങനെ പറഞ്ഞതല്ല. അന്ന് ശ്രീജിത്ത് ഒന്നും തരാതെ വന്നപ്പോൾ എന്നോട് ഭയങ്കര പിണക്കത്തിലാണ് അജയേട്ടൻ. ഇനി അങ്ങോട്ട് പോകണ്ട എന്ന് ആണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ള സ്ഥിതിക്ക് ഞാൻ എങ്ങനെയാ അമ്മയ്ക്ക് കൂട്ട് വരുന്ന കാര്യം പറയുന്നത്. പറഞ്ഞാൽ തന്നെ അത് സമ്മതിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ.? അന്ന് തന്നെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി എന്ന് അമ്മക്കറിയോ.? ഞങ്ങൾ തമ്മിൽ ഇപ്പോൾ അങ്ങനെ മിണ്ടാത്തു പോലുമില്ല. അതിനിടയിൽ ഞാൻ ഇതും കൂടി പറഞ്ഞാൽ എന്റെ കുടുംബം തകരും എന്നേയുള്ളൂ.
” ഞാൻ കാരണം നിന്റെ കുടുംബം തകരണ്ട. ഞാനായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല
അത്രയും പറഞ്ഞു അയാൾ ഫോൺ വച്ചപ്പോൾ അവരുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു. സ്വന്തം എന്ന് കരുതിയവരൊക്കെ തന്നെ ഇപ്പോൾ അകറ്റിനിർത്തുകയാണ്. ഈ ഒരു വേദന സുധി എത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും എന്ന് ഇപ്പോൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
മകനും മരുമകൾക്കും കുറച്ച് അധികം സാധനങ്ങളുമായി മീര പറഞ്ഞ അഡ്രസ്സ് തിരക്കിപിടിച്ച് വന്നതാണ് മാധവി. സുധി ഇതിനോട് അകം തന്നെ ജോലിക്ക് പോയി തുടങ്ങിയിരുന്നു. അടുത്ത് തന്നെയാണ് ജോലി എന്നതുകൊണ്ട് ഉച്ചയ്ക്ക് അവൻ വീട്ടിൽ ഉണ്ണാൻ വരുന്നത് പതിവാണ്. മീരയുടെ ക്ലാസ് കഴിഞ്ഞിരിക്കുകയാണ്. ഇനിയും ട്രെയിനിങ് ആണ് അത് എവിടെയാണെന്ന് ഇതുവരെയും അറിഞ്ഞിട്ടില്ല. അതുവരെ മീര വീട്ടിലുള്ളതുകൊണ്ട് ഉച്ചയ്ക്ക് കഴിക്കാൻ വരാമെന്നാണ് സുധി പറഞ്ഞിരിക്കുന്നത്. മാധവി ബസ്റ്റോപ്പിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ മീര സുധിയെ വിളിച്ച് പറഞ്ഞിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം വാതിൽക്കൽ ഒരു സ്കൂട്ടറിന്റെ ഹോണടി കേട്ടതും. മീര ഇറങ്ങിച്ചെന്നു.
പ്രതീക്ഷിച്ചത് പോലെ സുധിയും മാധവിയും തന്നെയായിരുന്നു അത്.ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടി സുധി വാങ്ങിയിരുന്നു. ദിവസവും ജോലിക്ക് പോകേണ്ടതുണ്ട്. അത് അത്യാവശ്യമാണ്. മാധവിയെ കണ്ടതും വലിയ സന്തോഷം തോന്നി മീരയ്ക്ക്. എത്ര നാളായി അമ്മയെ കണ്ടിട്ട്. അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.
“ഒരുമാസത്തേക്ക് നമുക്കുള്ള സാധനങ്ങൾ ആയിട്ട് ആണ് അമ്മയുടെ വരവ്.
വലിയ കവറുകൾ കാണിച്ചുകൊണ്ട് സുധി പറഞ്ഞപ്പോൾ മനസ്സിലാവാതെ മാധവിയെ മീര ഒന്ന് നോക്കി.
” അത്രയ്ക്കൊന്നും ഇല്ല മോളെ വീട്ടിലുണ്ടായ കുറച്ച് ചേനയും ചേമ്പും ഏത്തക്കയൊക്കെ, നിങ്ങൾക്ക് പച്ചക്കറി ഒന്നും പുറത്തു നിന്ന് വാങ്ങാതിരിക്കാൻ. അതിനുവേണ്ടി കൊണ്ടുവന്നുവേന്നേയുള്ളൂ.
മീര ചിരിച്ചു
അവൾ കവറുകൾ എല്ലാം എടുത്ത് സ്നേഹത്തോടെ മാധവിയെ അകത്തേക്ക് ക്ഷണിച്ചു.
” സുധീയേട്ടന് ചോറ് വിളമ്പട്ടെ..
പെട്ടെന്ന് പോണ്ടേ..?..
” സാരമില്ല ഞാൻ പറഞ്ഞിട്ടുണ്ട് കുറച്ച് താമസിച്ചു വരുന്ന്. നിങ്ങളെ അമ്മയും മോളും കൂടി സംസാരിക്ക്, നല്ല ക്ഷീണം ഞാനൊന്ന് കുളിച്ചിട്ട് വരാം..
” അമ്മേ രണ്ടുദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ.?
സുധി അവരോടെ ചോദിച്ചു
” ഇല്ല മോനെ കുട്ടികൾ അവിടെ ഒറ്റയ്ക്കല്ലേ, വൈകുന്നേരം തന്നെ ചെല്ലണം.
” ആ കാര്യം ഞാൻ അങ്ങ് മറന്നു പോയി… നിങ്ങൾ എല്ലാവരും കൂടി ഇവിടെ വന്ന് രണ്ടുമൂന്നു ദിവസം താമസിക്ക്, അങ്ങനെ ഇതുവരെ താമസിച്ചിട്ടില്ലല്ലോ മീരയ്ക്കും അതൊരു കൂട്ടാവില്ലേ..?
” നോക്കട്ടെ
മാധവി പറഞ്ഞു സന്തോഷത്തോടെ മീര അവരെ കൂട്ടിക്കൊണ്ട് പോയി….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…