Novel

ശിശിരം: ഭാഗം 101

രചന: മിത്ര വിന്ദ

അമ്മു ഇറങ്ങി വന്നപ്പോൾ,ശ്രീജയെ  വീഡിയോ കോൾ ചെയ്തുകൊണ്ട്,  ഡൈനിങ് റൂമിൽ ഇരിക്കുകയാണ് ബിന്ദു.

ആഹ്.. ഇതല്ലേ ചിറ്റ വരുന്നത്, പാറുക്കുട്ടിക്ക് ചിറ്റയോട് മിണ്ടണോ…
ബിന്ദു പറയുന്ന കേട്ടതും,അവൾ അവരുടെ അരികിലേക്ക് ചെന്നു.

പാറുട്ടാ..
അമ്മു വിളിച്ചതും കുഞ്ഞുസ് അവളെ നോക്കി ചിരിച്ചു..
കുറച്ചുനേരം കുഞ്ഞുവാവയുമായി സംസാരിച്ചു, അതുകഴിഞ്ഞപ്പോൾ അച്ഛമ്മ വിളിക്കുന്നു എന്ന് പറഞ്ഞ്  ശ്രീജ കുഞ്ഞിനെ അപ്പുറത്തെ മുറിയിലേക്ക് കൊണ്ടുപോകുന്നുണ്ട്.

ശ്രീജേച്ചി എന്തായി വിഷുവിന്റെ ഒരുക്കങ്ങളൊക്കെ.?
അമ്മു ചോദിച്ചു..

ആഹ്, പുളിയിഞ്ചിയും അച്ചാറുകളുമൊക്കെ റെഡിയായി,  ഇനി ബാക്കിക്കൊക്കെ അരിഞ്ഞുപെറുക്കി വെച്ചിട്ട് കിടക്കാമെന്ന് ഓർത്താഅതാകുമ്പോൾ നാളത്തേക്ക് എളുപ്പമുണ്ടല്ലോ.

ഹ്മ്മ്… സത്യമാണ്, അവിടെ ഗസ്റ്റ് ആരെങ്കിലും വരുമോ ചേച്ചി?..

ഇല്ലടാ ആരു വരാനാ…. നമ്മുടെ നാട്ടിൽ അല്ലേ ഈ ആഘോഷങ്ങളൊക്കെ ഉള്ളത്,ഇവിടെ സദ്യ ഉണ്ടാക്കും, പിന്നെ എല്ലാവർക്കും ചെറിയ തോതിൽ പുതിയ ഡ്രസ്സ് എടുത്തു, നാളെ ഉച്ചകഴിഞ്ഞ് പുറത്തേക്ക് എവിടെയെങ്കിലും ഒന്ന് കറങ്ങാൻ പോകാമെന്നു ഏട്ടൻ പറഞ്ഞിട്ടുണ്ട്,അതൊക്കെ തന്നെ ഇവിടുത്തെ വിഷു.
ആഹ് അതൊക്കെ പോട്ടെ നകുലേട്ടന് എങ്ങനെയുണ്ട്,നല്ല പനിയാണോ അമ്മു.

ആഹ്…. വൈറൽ ഫീവർ ആണെന്ന് തോന്നുന്നു, നല്ല ചൂടാണ്, പിന്നെ മെഡിസിനൊക്കെ കഴിച്ചു കിടക്കുന്നു,.

ഹ്മ്മ്… ഇപ്പോഴത്തെ പനിയൊക്കെ സൂക്ഷിക്കണം, ഇനീ എന്നാണ് നിങ്ങൾക്ക് മടങ്ങി പോകേണ്ടത്..

മറ്റന്നാള്, ഒരു കല്യാണം ഉണ്ട്,ചേച്ചി അറിയും, നമ്മുടെ ശ്രീക്കുട്ടിടെ..

ആഹ്… അതെന്നോട് അമ്മ പറഞ്ഞിരുന്നു,കല്യാണം കൂടിയിട്ട് പോകാനാണോ.

കഴിഞ്ഞ തവണ വന്നപ്പോൾ, ശ്രീക്കുട്ടിയും അവളുടെ ചേട്ടനും ഒക്കെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ടായിരുന്നു, അവളുടെ ചേട്ടനല്ലേ ഞങ്ങളെ എറണാകുളത്ത് കൊണ്ട് ആക്കിയത്,  ഏട്ടന് കൈവയ്യാണ്ടിരിക്കുംല്ലായിരുന്നോ,,അന്നു കുറേ തവണ പറഞ്ഞു, വിഷുവിന് നാട്ടിൽ എത്തുമ്പോൾ, ഈ കല്യാണം കൂടി കഴിഞ്ഞിട്ട് മടങ്ങി പോയാൽ മതി എന്നൊക്കെ.

ഹ്മ്മ്… എന്നാൽ പിന്നെ അതു കൂടിയിട്ട് പോകുന്നെ..

ആഹ്,പോകണോന്ന് ആഗ്രഹം ഒക്കെയുണ്ട്, നകുലേട്ടന് പനി കുറയുവാണേൽ
കല്യാണം കൂടിയിട്ട് അന്ന് വൈകുന്നേരം തിരിച്ചു പോകാം എന്നോർത്ത, അങ്ങനെ പ്ലാൻ ചെയ്തൊക്കെയാ വന്നത്, ഇനി  എന്താവും എന്നൊന്നും എനിക്കറിയില്ല.നോക്കട്ടെ.

ശ്രീജയുമായി സംസാരിച്ചുകൊണ്ട് അമ്മു കുറച്ചുനേരമിരുന്നു.

എന്തു ആവശ്യത്തിനായി നകുലൻ മുകളിൽ നിന്ന് വിളിച്ചപ്പോഴാണ് അമ്മു കോൾ കട്ട് ചെയ്തത് പോലും

**
ഒമ്പതര മണിയോളുമായി യദുവിന്റെയും മീനാക്ഷിയുടെയും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞപ്പോൾ.

താമസിച്ചതുകൊണ്ട് അമ്മ എന്തെങ്കിലും ചീത്ത പറയുമോ എന്ന്,മീനാക്ഷിക്ക് ഇത്തിരി ഭയം ഉണ്ടായിരുന്നു.

പക്ഷേ യദു അതൊന്നും അത്ര കാര്യമാക്കിയില്ല. ഫുഡ് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് അവൻ ഒരു റസ്റ്റോറന്റിലേക്ക് വണ്ടി തിരിച്ചു,

മീനാക്ഷി ആണെങ്കിൽ ആവുന്നത്ര എതിർത്തു നോക്കിയതാണ്, ഇപ്പത്തന്നെ വൈകി ഇനി, റസ്റ്റോറന്റിലൊക്കെ കയറി ഇറങ്ങി ചെല്ലുമ്പോൾ, നേരം പിന്നെയും താമസിക്കും.

അതൊന്നും സാരമില്ല വല്ലപ്പോഴുമല്ലേ ഉള്ളൂ,താനിങ്ങനെ അമ്മയെ പേടിക്കേണ്ട കാര്യമൊന്നുമില്ലടോ. മറ്റാരുടെയും കൂടെ അല്ലല്ലോ സ്വന്തം ഭർത്താവിന്റെ ഒപ്പമല്ലേ വന്നത്

അതൊക്കെ ശരിയാ,യദുവേട്ടാ, രണ്ട് ദിവസമായിട്ട് അമ്മയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഒക്കെ വന്നിട്ടുണ്ട്,  ഇനി ഞാനായിട്ട് വേറെ പ്രശ്നമൊന്നും ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതിയാണ്.

അമ്മ തന്നെയല്ലേ പറഞ്ഞത്,ചേട്ടനും ശ്രുതിയും ഒരുമിച്ചു പൊയ്ക്കോളും, ഞാൻ വന്നിട്ട് പോയാൽ മതിയെന്ന്.

ഹ്മ്മ്… അതേ..

എന്നാൽപ്പിന്നെ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമൊന്നുമില്ലന്നെ… താനിറങ്‌, നമ്മൾക്ക് കഴിച്ചിട്ട് പോകാം..

മ്മ്… ഞാൻ ശ്രുതിയെ ഒന്ന് വിളിച്ചു നോക്കട്ടെ, അവര് കഴിച്ചോ ആവോ.

മീനാക്ഷി ഫോണെടുത്ത് ശ്രുതിയുടെ നമ്പറിലേക്ക് കോൾ ചെയ്തു.

അമ്മ കഴിച്ചു കിടന്നുവെന്നും,  അവർ തങ്ങളെ വെയിറ്റ് ചെയ്യുവാണെന്നും ശ്രുതി പറഞ്ഞതായി മീനാക്ഷി യദുനോട് പറഞ്ഞു.

അവർക്കുള്ള ഫുഡ് നമുക്ക് പാർസൽ വാങ്ങിക്കൊണ്ടുപോകാം, അരമുക്കാൽ മണിക്കൂറിനുള്ളിൽ നമ്മൾ വീട്ടിലെത്തും
അവൻ പറഞ്ഞപ്പോൾ മീനാക്ഷി തല കുലുക്കി.

**

കഴിക്കാൻ ഭക്ഷണം ഒന്നും വേണ്ടന്നും വിശപ്പ് തീരെ ഇല്ലെന്നും പറഞ്ഞു നകുലൻ കിടന്നതാണ്.പക്ഷെ അമ്മു സമ്മതിച്ചില്ല. അവനെ കുത്തിപ്പൊക്കി എണീപ്പിച്ചു..

ദേ…. അമ്മായി ഭക്ഷണം ഒക്കെ എടുത്തു വച്ചിട്ടുണ്ട്, നകുലേട്ടൻ വന്നെ, എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം, ആന്റിബയോട്ടിക്ക്സ് ഒക്കെ എടുക്കുന്നതല്ലേ, ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നെ ക്ഷീണം കൂടും.,

കട്ടൻ ചായയും റസ്ക്കുമൊക്കെ കഴിച്ചതല്ലേ അമ്മു അത് മതി, വായിക്കൊക്കെ വല്ലാത്ത കൈപ്പാണ്, ഒന്നിനും ഒരു രുചിയില്ല.
അവൻ ഒഴിഞ്ഞുമാറി.

രുചിയും മണവുമൊക്കെ  നോക്കിയിരുന്നാൽ കാര്യം നടക്കില്ല നകുലേട്ടാ, ഇപ്പോ എണീറ്റ് വരാൻ നോക്ക്, മറ്റന്നാൾ തിരിച്ചു പോകേണ്ടതല്ലേ, ക്ഷീണം കൂടിയാൽ എന്ത് ചെയ്യും.

നീ പോയി കഴിച്ചിട്ട് വാ,എനിക്ക് ഉറക്കം വരുന്നുണ്ട്..

ഭക്ഷണം കഴിച്ചിട്ട് കിടന്നാൽ മതി,മര്യാദയ്ക്ക് വരാൻ നോക്ക്.
അവൾ നകുലനേയും കൂട്ടി താഴേക്ക് പോയി..

നല്ല ചൂടുള്ള പൊടിയരിക്കഞ്ഞിയും, ചുട്ട പപ്പടവും, നാളികേരവും,  ഇഞ്ചിയും പുളിയും ഒക്കെ കൂട്ടി അരച്ച ചമ്മന്തിയും, കണ്ണിമാങ്ങ അച്ചാറും പപ്പടവും ഒക്കെ ആയിരുന്നു, അന്നത്തെ വിഭവങ്ങൾ.

അതെല്ലാം കൂടി കണ്ടപ്പോൾ അമ്മുവിനും കഞ്ഞി മതി.
അങ്ങനെ നകുലനും അമ്മുവും കൂടി, ചൂട് കഞ്ഞിയൊക്കെ കുടിച്ച് കഴിഞ്ഞാണ് തിരികെ മുറിയിലേക്ക് പോന്നത്..

രാത്രിലെ കുട്ട്യോള് വിഷുക്കണിയൊക്കെ ആയിട്ട് വരും,അമ്മായിയോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെക്കൂടി വിളിക്കണമെന്ന്.

ബെഡ്ഷീറ്റ് ഒക്കെ ഒന്നൂടെ പൊടിതട്ടി വിരിച്ചിടുകയാണ് അമ്മു..

വെളുപ്പാൻകാലമാകൂടി പെണ്ണെ,കഴിഞ്ഞവർഷം വരെ ഞാനും പോകുമായിരുന്നു.ഇതിപ്പോ എനിക്ക് പനി ആയതുകൊണ്ടാണ്, അല്ലെങ്കിൽ ഇറങ്ങിയേനെ….

ഹ്മ്മ്… നമ്മുടവിടെ യദുവേട്ടനും കിച്ചേട്ടനും ഒക്കെ വരും, അവിടുത്തെ പിള്ളേര് സെറ്റ് കുറെയുണ്ട്. കഴിഞ്ഞതവണ  സതിയമ്മയോട് 300 രൂപ വാങ്ങി ആ പിള്ളേര്ല്ലാരും കൂടി. അന്ന് ഞാൻ അമ്മയെ കുറേ വഴക്ക് പറഞ്ഞു, അപ്പോൾ എന്നോട് പറഞ്ഞതാ, ഇനി ഒരിക്കലും ഞാൻ വിഷുക്കൈനീട്ടം  കൊടുക്കില്ലെന്ന്. അത് വല്ലാത്തൊരു  അറം പറ്റിയ പറച്ചിലായി പോയി അല്ലേ നകുലേട്ടാ.
പറയുകയും അമ്മൂന്റെ മിഴികൾ നിറഞ്ഞു തൂവി.

അമ്മയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചു പോകുവായിപ്പോ, ജീവിതത്തിൽ യാതൊരു സന്തോഷവും  ആ പാവം അറിഞ്ഞിട്ടില്ല,  കഷ്ടപ്പെട്ട് എന്നെ വളർത്തി വലുതാക്കി, ആകെക്കൂടി ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, എന്റെ വിവാഹം കാണണമെന്ന്. മിക്കവാറും ദിവസങ്ങളിൽ അതായിരുന്നു അമ്മയുടെ ചർച്ച. എന്നാൽ അതിനുപോലും ഈശ്വരൻ അനുവദിച്ചില്ലല്ലോ.. ചിലപ്പോഴൊക്കെ ഞാൻ വിചാരിക്കും ദൈവമില്ലെന്ന്, അല്ലെങ്കിൽ പിന്നെ നന്മ ചെയ്തവരെ,  മാത്രം എന്തിനാ ഇത്ര പെട്ടെന്ന് വിളിക്കുന്നെ,.

സങ്കടം വന്നിട്ട് അമ്മുവിന് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

അത്ര പെട്ടെന്ന് അമ്മയ്ക്ക്  അസുഖം വന്നത് മീനാക്ഷിയുടെ വാക്കുകളായിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെയല്ലേ അവൾ അങ്ങനെയൊക്കെ എല്ലാവരുടെയും മുന്നിൽ വച്ച്  പറഞ്ഞത്, അവരാരും മറുത്തൊരു വാക്കുപോലും പറയാതെ അവളെ സപ്പോർട്ട് ചെയ്തു.  എന്റെ അമ്മയ്ക്ക് നെഞ്ചു പൊട്ടിയത്  അതുകൊണ്ടാണ്  നകുലേട്ടാ..അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ചുനാളും കൂടി എന്റെ അമ്മ കണ്ടേനെ.

പറയുകയും ആർത്തലച്ച് അവൾ അവന്റെ നെഞ്ചിലേക്ക് വീണു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button