ഇന്ത്യയുടെ അഭിമാന താരം ബജ്‌റംഗ് പുനിയക്ക് നാല് വർഷം വിലക്കേർപ്പെടുത്തി നാഡ
ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നാഡയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. വിലക്ക് ലഭിച്ചതോടെ നാല് വർഷത്തിനിടയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ പുനിയക്ക് കഴിയില്ല.
വിനേഷ് ഫോഗട്ടിനൊപ്പം പ്രതിഷേധ സമരങ്ങൾ നയിച്ചിരുന്ന താരമായിരുന്നു പുനിയ. പിന്നീട് വിനേഷിനൊപ്പം തന്നെ കോൺഗ്രസിൽ ചേർന്നു. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനക്ക് നൽകി എന്ന കാരണത്താലാണ് പുനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനക്ക് തയ്യാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും പുനിയ നാഡയെ അറിയിച്ചിരുന്നു
മാർച്ച് പത്തിനാണ് നാഡയുടെ പരിശോധനക്ക് പുനിയ വിസമ്മതിച്ചത്. ഏപ്രിൽ 23 മുതൽ വിലക്ക് പ്രാബല്യത്തിൽ വന്നതായി നാഡ അറിയിക്കുന്നു. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടി തന്ന താരമാണ് പുനിയ