കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയാ വിലക്ക്; ലംഘിച്ചാല്‍ കനത്ത പിഴ
മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന നിയമവുമായി ഒരു രാജ്യം
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴ ചുമത്താനും തീരുമാനിച്ചു. ലോകത്തെ മാതാപിതാക്കള്‍ സ്വപ്‌നം കാണുന്ന സുപ്രധാനമായ നിയമം പുറത്തിറക്കിയ രാജ്യം ഏതാണന്നല്ലെ. വൈകാതെ വിവിധ രാജ്യങ്ങള്‍ മാതൃകയാക്കിയേക്കാവുന്ന നിയമം പുറപ്പെടുവിച്ചത് ഓസ്‌ട്രേലിയയാണ്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ്, ടിക് ടോക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ബില്‍ ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസാക്കി.
നിയമം ലംഘിച്ചാല്‍ 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളറാണ് പിഴ. ഉപയോക്താക്കള്‍ക്കല്ല, മറിച്ച് അവര്‍ക്ക് ആക്സസ് നല്‍കുന്ന കമ്പനിയാണ് പിഴ അടയ്ക്കേണ്ടിവരിക. ബില്ലിനെ പാര്‍ലിമെന്റിലെ പ്രധാന പാര്‍ട്ടികളെല്ലാം അംഗീകരിച്ചു. ചുരുക്കം ചില അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്.