Novel

🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 46

രചന: റിൻസി പ്രിൻസ്‌

ഉച്ചയ്ക്കുശേഷം ഒന്ന് കാണണം. ഹോസ്പിറ്റലിൽ വേണ്ട ശരിയാവില്ല, ഒരു 3 മണിക്ക് ഹോസ്പിറ്റലിൽ അരികിലുള്ള ടീ ഷോപ്പിലേക്ക് പോര് ഞാനവിടെ കാണും”

അവന്റെ ആ കത്ത് കണ്ടപ്പോഴാണ് അവൾക്ക് കുറച്ചെങ്കിലും സമാധാനം തോന്നിയത്. ഇന്ന് രാവിലെ മുതൽ വല്ലാത്തൊരു ഒറ്റപ്പെടൽ ആണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അതിൽ നിന്നും ഉള്ള വലിയൊരു ആശ്വാസം തന്നെയായിരുന്നു അവൻ നൽകിയ ഈ ഒരു കത്ത്

ഹോസ്പിറ്റലിൽ എത്തിയതിനുശേഷം കൂടുതലായും സോളമൻ ചിന്തിച്ചിരുന്നത് അമലയെ കുറിച്ച് ആയിരുന്നു എന്താണ് അവർക്ക് വന്ന മാറ്റം എന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. സാധാരണ ഈ രീതിയിൽ ഒന്നും അമ്മ ഇടപെടാറുള്ളതല്ല. അത്രമാത്രം എന്ത് പ്രശ്നമാണ് ഉണ്ടായത്.? തന്റെയും മരിയുടെയും കാര്യത്തിൽ അമ്മയ്ക്ക് എന്തെങ്കിലും സംശയം ഉണ്ടായോ.? ആ ഒരു ചോദ്യം അവന്റെ മനസ്സിൽ അത്രത്തോളം ആഴത്തിൽ തന്നെ പതിഞ്ഞിരുന്നു. എന്തെങ്കിലും സംശയം ഉണ്ടാകാൻ പാകത്തിനുള്ള എന്തെങ്കിലും ഒരു വീഴ്ച തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടോ അവൻ സ്വയം അവനോട് തന്നെ ചോദിച്ചു. വ്യക്തമായ ഒരു മറുപടി അവന് ലഭിച്ചില്ല. അമ്മയല്ലേ തന്നിൽ വരുന്ന മാറ്റങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ അമ്മയ്ക്ക് സാധിക്കില്ലേ.? അതുകൊണ്ടായിരിക്കാം അങ്ങനെ അമ്മ സംസാരിച്ചത് എന്ന് അവൻ വിശ്വസിച്ചു. അല്ലെങ്കിൽ തങ്ങൾ ഒരുമിച്ച് ചെന്നത് അമ്മയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാവും. അങ്ങനെയൊരു കണ്ടെത്തലിലാണ് അവൻ ആ ചിന്ത അവസാനിപ്പിച്ചത്..

ക്ലാസ്സിൽ ഇരിക്കുമ്പോൾ മരിയയുടെ മനസ്സിലും ഇതുതന്നെയായിരുന്നു ചിന്ത. എന്തുകൊണ്ടോ പഠിപ്പിക്കുന്നത് ഒന്നും അവൾക്ക് മനസ്സിലാക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. തന്നെ വേദനിപ്പിക്കുന്ന എന്തോന്ന് വരാനിരിക്കുന്നത് പോലെ അവളുടെ മനസ്സ് പറഞ്ഞു. അമല തന്നോട് കാണിച്ച ആ ഒരു അകൽച്ച അവൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു താനും.. സോളമനും താനും തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് അമല സംശയിക്കുന്നുണ്ട് എന്ന് അവൾക്ക് തോന്നി.
ചെറിയൊരു സംശയം വന്നപ്പോൾ തന്നെ ഈയൊരു രീതിയിലാണ് അമല ഇടപെട്ടത് അപ്പോൾ ഇത് സത്യമാണെന്ന് അറിഞ്ഞാൽ തന്നെ ഒരു പുഴുത്തപട്ടിയെ ആട്ടി അകറ്റുന്നത് പോലെ അമല ആട്ടി അകറ്റില്ലേന്ന് ആ നിമിഷം ചിന്തിച്ചു. അവൾക്ക് അതൊക്കെ ആലോചിച്ചപ്പോൾ കണ്ണുനീര് വന്നു തുളുമ്പിയിരുന്നു. പക്ഷേ, സോളമനിൽ നിന്നും ഒരു തിരിച്ചുപോക്ക് അത് തനിക്ക് ഉണ്ടാകില്ല എന്ന് അവൾ ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരുന്നു. അത്രത്തോളം താനവനെ സ്നേഹിച്ചു പോയി. തന്റെ മനസ്സിൽ അവന് താൻ നൽകുന്ന സ്ഥാനം വളരെ വലുതാണ്. തന്നെ ചുറ്റി നിൽക്കുന്ന ഒരു പ്രശ്നങ്ങളും അവനോളം തനിക്ക് വലുതല്ല. അതിപ്പോൾ ഈ ലോകം മുഴുവൻ എതിർത്താലും അങ്ങനെതന്നെ. അത്രത്തോളം താൻ ഇപ്പോൾ അവനെ സ്നേഹിക്കുന്നുണ്ട്. താൻ ആഗ്രഹിച്ചാൽ പോലും അവനിൽ നിന്നും ഒരു മടക്കയാത്ര തനിക്ക് സാധ്യമല്ല. പക്ഷേ അവനെ അവന്റെ പ്രിയപ്പെട്ടവരിൽ നിന്നും പിടിച്ചു വാങ്ങാൻ താൻ ആഗ്രഹിക്കുന്നില്ല.

മരിയയും സോളമനും പോയതോടെ സണ്ണിയെയും കൂട്ടി നേരെ അമല പോയത് ഒരു പിജി തപ്പി ആയിരുന്നു. കുറെ അലഞ്ഞിട്ടാണെങ്കിലും മികച്ച ഒരു പി ജി തന്നെ അവർ കണ്ടു പിടിച്ചിരുന്നു. അത് നടത്തുന്നത് വിധവയായ ഒരു സ്ത്രീയാണ്. അവരുടെ ഭർത്താവ് പട്ടാളക്കാരനായിരുന്നു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരച്ച ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് അവർ. അതിലും മികച്ച ഒരാളെ മരിയയേ ഏൽപ്പിക്കാൻ അവർക്ക് തോന്നിയിരുന്നില്ല. വളരെ കൃത്യനിഷ്ഠയോടെ തന്നെയാണ് അവർ അവിടെ നിന്നിരുന്നത്. മരിയ മാത്രമല്ല മറ്റു ചില പെൺകുട്ടികളും അവിടെയുണ്ട്. പഠിക്കുന്നവരും ജോലിക്ക് പോകുന്നവരും ഒക്കെയാണ്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ അറിയാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു പിജി ഇവർ തുടങ്ങിയത്. കുറച്ച് അധികം കാലമായി താമസിക്കുന്നത് ചെന്നൈയിൽ ആണെങ്കിലും അവരോരു പാലക്കാട്ടുകാരിയാണ്. അതുകൊണ്ട് മലയാളമൊക്കെ നന്നായി അറിയാം. മരിയയുടെ അവസ്ഥയെക്കുറിച്ച് അവളുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ഒക്കെ വ്യക്തമായി തന്നെ അവരോട് അമല പറഞ്ഞിട്ടുണ്ടായിരുന്നു. അതിന് കാരണം അവളിൽ ഒരു അല്പം കൂടുതൽ ശ്രദ്ധ വേണം എന്നത് തന്നെയായിരുന്നു. സാധാരണ കുട്ടികളെപ്പോലെ അവളെ നിയന്ത്രിക്കാൻ അച്ഛനമ്മമാരില്ല എന്ന് അവർ മനസ്സിലാക്കണം അത് കണ്ട് കുറച്ച് ശ്രദ്ധ കൂടുതൽ അവർ അവൾക്ക് നൽകണം അവളുടെ കാര്യങ്ങൾ എല്ലാം തന്നെ അമല അവരോട് പറഞ്ഞിരുന്നത്. അമലയുടെ ഉദ്ദേശം മനസ്സിലാക്കി എന്നതുപോലെ സമാധാനത്തോടെ പൊയ്ക്കോളൂ എന്നും താൻ അവളെ സ്വന്തം മകളെ പോലെ നോക്കിക്കോളാം എന്നും ആലീസ് ഉറപ്പ് നൽകി.

മനസ്സുനിറഞ്ഞാണ് അവിടെ നിന്നും അമല ഇറങ്ങിയത്.

“എന്താ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുപ്പിടീന്ന്. അമലയുടെ മുഖത്തേക്ക് നോക്കി സണ്ണി ചോദിച്ചു.

“പെട്ടെന്നല്ല കഴിഞ്ഞ ദിവസം തന്നെ അവളെ ഒരു ഹോസ്റ്റലിലേക്ക് മാറ്റണമെന്ന് ഞാൻ വിചാരിച്ചതായിരുന്നു. സോളമനോട്‌ ആയിരുന്നു പറഞ്ഞത്. ഹോസ്പിറ്റലിലേ ഹോസ്റ്റൽ അത്ര മെച്ചമല്ല എന്നും അവിടെ റാഗിംഗ് അടക്കമുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് എന്ന് സോളമൻ പറഞ്ഞു.. അതുകൊണ്ട് വേറൊരു പിജി നോക്കാമെന്ന് ഞാൻ തീരുമാനിച്ചത് ആണ്. അപ്പഴാ നിങ്ങൾ ഇന്നലെ സോളമന്റെ കാര്യത്തെക്കുറിച്ച് സംശയം പറഞ്ഞത്. അവനോട് ഞാൻ നല്ലൊരു പി ജി നോക്കാൻ പറഞ്ഞത്. ഇനിയിപ്പോൾ അവൻ നോക്കണ്ട എന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഞാൻ തന്നെ നേരിട്ട് നോക്കാമെന്ന് കരുതിയത്. അടുത്ത ആഴ്ച അമ്മച്ചിക്ക് ഇങ്ങോട്ടൊന്ന് വരണം എന്ന് പറഞ്ഞിട്ടുണ്ട്. അമ്മച്ചി കൂടി വന്നു കഴിഞ്ഞ് മരിയയേ ഓരോന്നൊക്കെ പറഞ്ഞാൽ അമ്മച്ചി കുത്തിനോവിക്കാൻ തുടങ്ങും. അവൾക്ക് സമാധാനമായിട്ട് പഠിക്കാനുള്ള സാഹചര്യം ഒന്നും പിന്നെ വീട്ടിലുണ്ടാവില്ല. പിന്നെ നിങ്ങൾ പറഞ്ഞതു പോലെ സോളമനും മരിയയും ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിനോട് എനിക്കിപ്പോ വലിയ താല്പര്യമില്ല. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെ ഞാൻ ഇന്നലെ മുഴുവൻ ആലോചിക്കുകയായിരുന്നു. അവരുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ എനിക്കും തോന്നുന്നുണ്ട്. അതിന് നമ്മൾ കൂടുതൽ വളം വച്ചു കൊടുക്കാതിരിക്കുന്നത് തന്നെ ആണ് നല്ലത്. തുടക്കത്തിൽ തന്നെ മാറ്റി നിർത്തുകയാണെങ്കിൽ അത്രയും കുഴപ്പമില്ലല്ലോ. പിന്നെ കണ്ണ് അകന്നാൽ മനസ്സ് അകന്നു എന്നാണ്. പരസ്പരം കാണാതിരിക്കുമ്പോൾ അവർക്ക് ഇടയിലുള്ള ആ ചെറിയ ഇഷ്ടം പെട്ടെന്ന് മാറിക്കോളും.

“ചെറിയ ഇഷ്ടമോ..?
അപ്പോൾ നിനക്ക് ഉറപ്പാണോ അവർക്കിടയിൽ ഇഷ്ടമുണ്ടെന്ന്.

അത്ഭുതത്തോടെ അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!