വരും ജന്മം നിനക്കായ്: ഭാഗം 49
രചന: ശിവ എസ് നായർ
വൈകുന്നേരം ഊർമിള അടുക്കളയിൽ ചായയ്ക്കുള്ള വെള്ളം വയ്ക്കുമ്പോൾ തന്നെ ശിവപ്രസാദ് അവിടെയൊക്കെ ചുറ്റി തിരിഞ്ഞു നടന്നു.
തക്കം കിട്ടിയാൽ ഉറക്ക ഗുളിക പൊടിച്ചത് ഗായത്രിയുടെ ചായയിൽ കലർത്താനായിരുന്നു അവന്റെ പ്ലാൻ.
“അമ്മ പോയി ഹാളിൽ ഇരുന്നോ… ഇന്ന് ചായ ഞാനിടാം.” ഊർമിള അടുക്കളയിൽ നിന്ന് പോകുന്നില്ലെന്ന് കണ്ടതും ശിവപ്രസാദ് പറഞ്ഞു.
“ഞാൻ ഇട്ടോളാം.”
“വേണ്ട… എന്നും അമ്മ അല്ലെ ഇടുന്നത്. ഇന്ന് ഞാൻ ഇട്ടോളാം. അമ്മ അവിടെ പോയി ഇരിക്ക്.” അവൻ അമ്മയെ നിർബന്ധ പൂർവ്വം ഹാളിലേക്ക് ഉന്തി തള്ളി വിട്ടു.
“ഇവന്റെ ഒരു കാര്യം… അത്രയ്ക്ക് നിർബന്ധമാണെങ്കിൽ നീ തന്നെ ഇട്ടോ.” റാക്കിൽ നിന്ന് എടുത്ത പഞ്ചസാര പാത്രം അവന്റെ കൈയ്യിൽ കൊടുത്തിട്ട് ഊർമിള ഹാളിലേക്ക് പോയി.
ഗായത്രി വീട്ടിൽ വന്ന് കയറുമ്പോൾ ഹാളിൽ ഇരുന്ന് ടീവി കാണുന്ന ഊർമിളയെ കണ്ടു.
“ശിവേട്ടന് വയറു വേദന കുറവുണ്ടോ അമ്മേ?”
“ഹാ… ഭേദമായി എന്ന് തോന്നുന്നു. ഇപ്പോ അവൻ ചായ ഇട്ട് കൊണ്ട് വരാമെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടിട്ട് അവൻ ഉണ്ടാക്കുന്നുണ്ട്.” അത് കേട്ടതും ഗായത്രിക്ക് അപകടം മണത്തു.
“ആണോ… ഞാനൊന്ന് പോയി നോക്കട്ടെ.” ഗായത്രി അവരെ നോക്കി ചിരിച്ചു കാണിച്ചിട്ട് അടുക്കളയിലേക്ക് ധൃതിയിൽ നടന്നു.
അവൾ ചെന്ന് നോക്കുമ്പോൾ ശിവപ്രസാദ് പാലും കട്ടനും മിക്സ് ചെയ്ത് പഞ്ചസാര ചേർക്കുന്നത് കണ്ടു. അവൾ ഫോൺ എടുത്ത് ആ രംഗങ്ങൾ ഒക്കെ വീഡിയോ എടുക്കാൻ തുടങ്ങി.
“ഇന്ന് നിന്നെ ഞാൻ ശരിയാക്കും എന്റെ ഗായു…” സ്വയം പിറുപിറുത്തു കൊണ്ട് അവൻ മൂന്ന് കപ്പിലായി ചായ പകർന്നു. അത് കഴിഞ്ഞ് ഒരു ഉറക്ക ഗുളിക പൊട്ടിച്ചു ഒരു കപ്പിൽ മാത്രം മിക്സ് ചെയ്ത് വച്ചു.
എന്നിട്ട് ഒരു ട്രേയിലായി മൂന്ന് കപ്പുകളും എടുത്ത് വച്ചപ്പോൾ വീഡിയോ റെക്കോർഡ് നിർത്തിയിട്ടു അവൾ അവന്റെ അരികിലേക്ക് ചെന്നു.
“ശിവേട്ടനാണോ ഇന്ന് ചായ ഉണ്ടാക്കുന്നത്. വേദന കുറവുണ്ടോ?” ഗായത്രിയെ കണ്ടതും അവൻ വെപ്രാളപ്പെട്ട് ഗുളികയുടെ സ്ട്രാപ് പോക്കറ്റിലേക്ക് ഇട്ടു.
“രാവിലെ എഴുന്നേറ്റ ശേഷം കാര്യമായ പ്രശ്നമൊന്നുമില്ല ഗായു. താൻ എപ്പോ വന്നു.”
“ഞാൻ ദാ ഇപ്പോ വന്ന് കേറിയേ ഉള്ളു. വന്ന് കയറിയപ്പോ തന്നെ അമ്മ പറഞ്ഞു ശിവേട്ടൻ ചായ ഇടാന്ന്. അപ്പോപിന്നെ ഞാൻ നേരെ ഇങ്ങോട്ട് പോന്നു. എന്ത് പറ്റി ഇന്ന് പതിവില്ലാതെ ചായ ഇടലൊക്കെ.”
“എന്നും അമ്മയല്ലേ ഇടുന്നത്… പിന്നെ ഇടയ്ക്ക് ഗായുവും ഇടാറുണ്ടല്ലോ. ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതിയ ഞാൻ ചായ ഇടാൻ കേറിയത്.”
“ട്രേ ഇങ്ങ് തന്നേക്ക് ഞാൻ കൊണ്ട് പോകാം.” ഗായത്രി ട്രേ എടുക്കാൻ ശ്രമിച്ചെങ്കിലും അവൻ അതിന് സമ്മതിച്ചില്ല.
“ഏയ്… അത് വേണ്ട. ചായ ഞാൻ എടുത്തോളാം… താനീ ചിപ്സ് പൊട്ടിച്ച് ഒരു പാത്രത്തിലിട്ട് കൊണ്ട് വാ.” റാക്കിൽ നിന്നും ഒരു പാക്കറ്റ് ചിപ്സ് എടുത്ത് ശിവപ്രസാദ് അവൾക്ക് കൊടുത്തു.
അവൻ ചിപ്സിന്റെ പാക്കറ്റ് എടുക്കാൻ തിരിഞ്ഞ ഗ്യാപ്പിൽ ഗായത്രി കപ്പുകൾ തമ്മിൽ മാറ്റി. അവനത് കണ്ടില്ലായിരുന്നു.
ഗായത്രി രണ്ട് ബൗളിൽ ആയിട്ട് ചിപ്സ് ഇട്ട് ഹാളിലേക്ക് വന്നു. ഇത്തവണ ഉറക്ക ഗുളിക ചേർത്ത ചായ കുടിക്കുന്നത് ശിവപ്രസാദാണെന്നത് അവൾ കണ്ടു.
രാത്രി അവൻ കഴിക്കുന്ന ആഹാരത്തിൽ ഉറക്ക ഗുളിക ചേർത്ത് കൊടുക്കണമെന്ന് ഗായത്രി ചിന്തിച്ചതാണ്. പക്ഷേ തനിക്ക് കലക്കിയത് അവന് തന്നെ കിട്ടി. അതുകൊണ്ട് തന്റെ പണി കുറഞ്ഞു കിട്ടിയെന്ന് അവളോർത്തു.
ആ രാത്രി ശിവപ്രസാദ് ബോധം കെട്ടുറങ്ങി. അവൻ ഉറങ്ങിയ നേരം നോക്കി അവന്റെ പോക്കറ്റിൽ കിടന്ന ബാക്കി ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് അവൾ എടുത്ത് വച്ചു.
🍁🍁🍁🍁
രാവിലെ ഗായത്രി കോളേജിൽ പോയതിന് ശേഷമാണ് അവൻ പിന്നെ ഉണരുന്നത്.
ഉറക്കച്ചടവ് വിട്ട് മാറിയപ്പോൾ തന്നെ തലേ ദിവസം ഗായത്രിക്ക് കൊടുക്കാൻ വച്ച ഉറക്ക ഗുളിക ചേർത്ത ചായ താനാണ് കുടിച്ചതെന്ന് അവന് മനസ്സിലായി. ചായക്കപ്പ് എങ്ങനെ മാറിപ്പോയി എന്നോർത്തിട്ട് അവനൊരു എത്തും പിടിയും കിട്ടിയില്ല. താൻ ഗുളിക പൊടിച്ചു ചേർക്കുന്നത് ഗായത്രി കണ്ടിട്ട് ഇനി അവളെങ്ങാനും മാറ്റിയതാവോ എന്നും അവൻ സംശയിച്ചു.
ഗായത്രിയുടെ സ്വഭാവം വച്ച് അങ്ങനെ എന്തെങ്കിലും കണ്ടാൽ ഉടനെ തന്നെ പ്രതികരിക്കും. എന്താണെന്ന് ചോദിക്കുകയും ചെയ്യും.
അങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ അവളൊന്നും കണ്ടിട്ടുണ്ടാവില്ലെന്നും തനിക്ക് ചായ കപ്പ് തമ്മിൽ മാറിപോയതാവും എന്ന് കരുതി അവൻ ആശ്വസിച്ചു.
ശിവപ്രസാദ് അപ്പോഴാണ് പോക്കറ്റിൽ കിടന്നിരുന്ന ഗുളികകൾ തപ്പി നോക്കിയത്. താനിന്നലെ ഗായത്രിയെ കണ്ടപ്പോൾ പെട്ടെന്ന് പോക്കറ്റിൽ ഇട്ടതാണ്. പിന്നീട് അതെടുത്തതായി ഓർമ്മയില്ല.
ഇപ്പോ അത് കാണാതായത് അവനെ തെല്ല് പരിഭ്രമത്തിലാക്കി. റൂമിലും ബാൽക്കണിയിലും താഴെ പോയി അടുക്കളയിലും ഹാളിലുമൊക്കെ അവൻ ടാബ്ലറ്റ് തപ്പി നടന്നു.
“നീയെന്താടാ രാവിലെ തന്നെ തപ്പി നടക്കുന്നത്?” അടുക്കളയിൽ ചുറ്റി തിരിയുന്ന മകനെ കണ്ട് ഊർമിള ചോദിച്ചു.
“അമ്മയ്ക്ക് ഇവിടെ കിടന്ന് ടാബ്ലറ്റിന്റെ സ്ട്രാപ് എങ്ങാനും കിട്ടിയിരുന്നോ?”
“ഇല്ലല്ലോ, എന്തിനുള്ള ഗുളികയാടാ.?”
“അത് പിന്നെ… വയറു വേദനയ്ക്കുള്ളതായിരുന്നു.”
“ഇതൊക്കെ സൂക്ഷിച്ചു വയ്ക്കണ്ടേ. നിനക്ക് പിന്നെയും വേദന തുടങ്ങിയോ?”
“ഇല്ലമ്മേ… അത് ഇന്നലെ എന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഇപ്പോ നോക്കിയപ്പോ കാണുന്നില്ല. അതാ ഇവിടെ എങ്ങാനും വീണ് കിടക്കുന്നുണ്ടോന്ന് അറിയാനായി ചോദിച്ചത്.”
“ഞാൻ കണ്ടില്ല… ഇവിടെ എങ്ങും ഇല്ലായിരുന്നു.”
ഊർമിള പറഞ്ഞത് കേട്ട് ശിവപ്രസാദ് നിരാശയോടെ മുറിയിലേക്ക് പോയി.
ഗായത്രിയുടെ കയ്യിലെങ്ങാനും അത് കിട്ടിയിട്ടുണ്ടെങ്കിൽ അവൾക്ക് പല സംശയവും തോന്നാം.
അതോർത്തപ്പോൾ തന്നെ ശിവപ്രസാദിന് സമാധാനം പോയി. ഗായത്രിക്ക് എന്തെങ്കിലും ഡൌട്ട് അടിച്ചാൽ പിന്നെ അവളെ ഒരിക്കലും സ്നേഹം നടിച്ച് ഇനി മയക്കി എടുക്കാൻ പറ്റില്ല. ഭീഷണി തന്നെ വേണ്ടി വരും.
ഫോണിൽ ഹൈഡ് ചെയ്തിട്ടിരുന്ന വീഡിയോസ് അവിടെ തന്നെ ഉണ്ടോന്ന് ഒന്ന് കൂടി നോക്കി ഉറപ്പിച്ചിട്ട് ശിവപ്രസാദ് മനസ്സിൽ ചില പദ്ധതികൾ മെനഞ്ഞു.
🍁🍁🍁🍁
ഉച്ചയോടെ ഗായത്രി കോളേജിൽ നിന്ന് ഇറങ്ങി. വീട്ടിൽ ചെന്ന ശേഷം ഇന്നത്തോടെ ശിവപ്രസാദിന്റെ കള്ളത്തരമെല്ലാം പൊളിച്ചടുക്കണമെന്ന് അവൾ മനസ്സിലുറപ്പിച്ചിരുന്നു.
ഗായത്രി വീട്ടിൽ ചെന്ന് കയറുമ്പോൾ ഊർമിള എങ്ങോട്ടോ പോവാനുള്ള ഒരുക്കത്തിലായിരുന്നു.
“നീയിന്ന് നേരത്തെ വന്നോ?” അവളെ കണ്ടതും അവർ ചോദിച്ചു.
“ഇന്ന് ഉച്ച വരെ ഉണ്ടായിരുന്നുള്ളൂ. അമ്മ എവിടേക്കാ. പോവുന്നത്?”
“എനിക്ക് ബ്യൂട്ടിപാർലറിൽ പോവാനുണ്ട്. മുഖമൊന്ന് ഫേഷ്യൽ ചെയ്യണം. ഞാൻ പോയിട്ട് വരാം.” ഗായത്രിയുടെ മറുപടിക്ക് കാക്കാതെ ഊർമിള ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
അച്ഛനും അമ്മയും ഇല്ല… ആ വീട്ടിലിപ്പോ താനും ശിവപ്രസാദും മാത്രമാണ്. അവരൊക്കെ വരാൻ ഇനി വൈകുന്നേരം ആകും.. അതുവരെ ക്ഷമിച്ചേ പറ്റു…
എങ്ങനെയാണ് പ്രശ്നം തുടങ്ങി വയ്ക്കുക എന്നോർത്തു കൊണ്ടാണ് ഗായത്രി മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറിയത്.
ഗായത്രി ഉച്ചക്ക് വരുമെന്ന് നേരത്തെ പറയാതിരുന്നത് കൊണ്ട് അവൾ വരുന്ന കാര്യം ശിവപ്രസാദിന് അറിയില്ലായിരുന്നു. അവൻ ഒളി ക്യാമറകൾ റൂമിൽ വയ്ക്കാനുള്ള പണികളിൽ ആയിരുന്നു.
മുൻപത്തെ പോലെ ഫാനിന്റെ നടുവിലും റൂമിന്റെ നാല് കോണിലും വയ്ക്കാനായിരുന്നു ശിവപ്രസാദിന്റെ ഉദ്ദേശം.
അവൻ സ്റ്റൂൾ വലിച്ചു നീക്കി ഫാനിന്റെ ചുവട്ടിൽ കൊണ്ട് വച്ചു. ശേഷം അതിൽ കയറി നിന്ന് ക്യാമറ വയ്ക്കാൻ തുടങ്ങുമ്പോഴാണ് റൂമിന്റെ വാതിൽ തുറന്ന് ഗായത്രി കയറി വന്നത്.
വളരെ ചെറിയൊരു ക്യാമറയും കൈയ്യിൽ പിടിച്ച് സ്ടൂളിൽ കയറി നിൽക്കുന്ന ശിവപ്രസാദിനെ കണ്ടതും ഗായത്രിക്ക് കാര്യം മനസ്സിലായി. പെട്ടെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി വന്ന ഗായത്രിയെ കണ്ട് അവനൊന്ന് ഞെട്ടി. അവന്റെ കയ്യിൽ നിന്നും ക്യാമറ താഴെ വീണു.
വഴക്കുണ്ടാക്കാൻ ഒരു കാരണം നോക്കി നിന്ന അവൾക്ക് അത് തന്നെ ധാരാളമായിരുന്നു.
“നിങ്ങളെന്താ ഇവിടെ ചെയ്യുന്നത്?” ദേഷ്യത്തോടെ അവൾ ചോദിച്ചു.
“ഗായൂ… ഞാൻ…” പെട്ടെന്ന് അവളോട് പറയാൻ കള്ളത്തരമൊന്നും കിട്ടാതെ അവൻ തപ്പി തടഞ്ഞു……കാത്തിരിക്കൂ………